ധനകാര്യ മന്ത്രാലയം
ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി പുതുക്കാന്‍ ഇന്ത്യയും ഫ്രാന്‍സും ഭേദഗതി പ്രോട്ടോക്കോള്‍ ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
23 FEB 2026 5:02PM by PIB Thiruvananthpuram
ഫ്രഞ്ച് പ്രസിഡന്റ് അടുത്തിടെ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെ 1992 സെപ്റ്റംബര്‍ 29ന് ഒപ്പുവെച്ച 'ഇന്ത്യ-ഫ്രാന്‍സ് ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി'യുടെ ഭേദഗതി പ്രോട്ടോക്കോളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. രവി അഗര്‍വാളും ഫ്രാന്‍സിന് വേണ്ടി ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ശ്രീ. തിയറി മാറ്റോയുമാണ് ഭേദഗതി പ്രോട്ടോക്കോളില്‍ ഒപ്പുവെച്ചത്.
ഒരു കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന്മേല്‍ പൂര്‍ണ നികുതി അവകാശം കമ്പനി സ്ഥിതി ചെയ്യുന്ന രാജ്യത്തിന് നല്‍കുന്നതാണ് ഭേദഗതി പ്രോട്ടോക്കോള്‍. കൂടാതെ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയിലെ 'മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍' എന്ന വ്യവസ്ഥ ഭേദഗതി പ്രോട്ടോക്കോള്‍ നീക്കം ചെയ്തു. പ്രസ്തുത വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങള്‍ക്കും ഇതോടെ പരിഹാരമായി. ലാഭവിഹിതത്തിന്റെ നികുതി നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ 10 ശതമാനം ഏകീകൃത നിരക്കിന് പകരം പത്ത് ശതമാനമെങ്കിലും മൂലധനം കൈവശം വെച്ചവര്‍ക്ക് 5 ശതമാനവും മറ്റുള്ളവര്‍ക്ക് 15 ശതമാനവും എന്ന രീതിയില്‍ നിരക്ക് വിഭജിച്ചു. കൂടാതെ 'സാങ്കേതിക സേവന ഫീസ്' എന്നതിന്റെ നിര്‍വചനം ഇന്ത്യ-യുഎസ് ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ നിര്‍വചനത്തിനനുസൃതമായി മാറ്റുകയും 'സേവനാധിഷ്ഠിത സ്ഥിരം സ്ഥാപനം' അഥവാ 'സര്‍വീസ് പി.ഇ' ഉള്‍പ്പെടുത്തി 'സ്ഥിരം സ്ഥാപനം' എന്നതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിവരങ്ങള്‍ കൈമാറുന്നതിലെ വ്യവസ്ഥകള്‍ പുതുക്കുന്ന ഭേദഗതി പ്രോട്ടോക്കോള്‍ നികുതി സമാഹരണത്തിലെ സഹായത്തിന് പുതിയൊരു അനുച്ഛേദം അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയും ഫ്രാന്‍സും തമ്മിലെ വിവരങ്ങള്‍ തടസരഹിതമായി കൈമാറാനും പരസ്പര നികുതി സഹകരണം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഇന്ത്യയും ഫ്രാന്‍സും നേരത്തെ ഒപ്പുവെച്ച് അംഗീകരിച്ച ബിഇപിഎസ് ബഹുതല ഉടമ്പടിയിലെ പ്രസക്തമായ വ്യവസ്ഥകളും ഈ ഭേദഗതി പ്രോട്ടോക്കോള്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളിലെയും നിയമങ്ങള്‍ക്കനുസൃതമായ ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുരാജ്യങ്ങളും അംഗീകരിച്ച നിബന്ധനകള്‍ക്ക് വിധേയമായി മാത്രമാണ് ഭേദഗതി പ്രോട്ടോക്കോളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങള്‍ സന്തുലിതമാക്കി ഇന്ത്യ-ഫ്രാന്‍സ് ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയെ ഏറ്റവും പുതിയ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ ഭേദഗതി പ്രോട്ടോക്കോള്‍ ഉയര്‍ത്തുന്നു. നികുതിദായകര്‍ക്ക് കൂടുതല്‍ നികുതി ഉറപ്പ് നല്‍കുന്ന ഈ നടപടി ഇന്ത്യയും ഫ്രാന്‍സും തമ്മിലെ നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യയുടെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം വര്‍ധിപ്പിക്കും. അതുവഴി ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കും.
***
( റിലീസ് ഐ.ഡി: 2231912)
സന്ദര്‍ശക കൗണ്ടര്‍ : 5