ഉപരാഷ്ട്രപതിയുടെ കാര്യാലയം
'അടൽ ബിഹാരി വാജ്‌പേയി: ദ എറ്റേണൽ സ്റ്റേറ്റ്‌സ്മാൻ' എന്ന കോഫി ടേബിൾ ബുക്ക് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
21 FEB 2026 7:20PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ ശ്രീ വിജയ് ഗോയൽ രചിച്ച “അടൽ ബിഹാരി വാജ്‌പേയി: ദ എറ്റേണൽ സ്റ്റേറ്റ്‌സ്മാൻ”എന്ന കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.
ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി, ഈ അവസരം തനിക്ക് ബഹുമതിയും അതോടൊപ്പം വൈകാരികമായ നിമിഷവുമാണെന്ന് വിശേഷിപ്പിച്ചു. ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാക്കളിലൊരാളായ ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിക്കുള്ള ഉചിതമായ ആദരവാണ് ഈ പുസ്തകമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇത് വെറുമൊരു ചിത്രരേഖ മാത്രമല്ലെന്നും, രാജ്യത്തിന് ഇന്നും പ്രചോദനമായി തുടരുന്ന ഒരു ഭരണതന്ത്രജ്ഞൻ്റെ ജീവിതത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാജ്‌പേയിയുമായുള്ള തൻ്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് അനുസ്മരിച്ച ഉപരാഷ്ട്രപതി, വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ 12, 13 ലോക്‌സഭകളിൽ അംഗമായി സേവനമനുഷ്ഠിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് പറഞ്ഞു. 1974-ൽ കോയമ്പത്തൂരിൽ വാജ്‌പേയി പ്രസംഗിച്ച ഒരു പൊതുയോഗം സംഘടിപ്പിച്ച ഓർമ്മകൾ പങ്കുവെച്ച അദ്ദേഹം, പൊതുജീവിതത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആ അനുഭവം തനിക്ക് വലിയ പ്രചോദനം നൽകിയതായും പറഞ്ഞു.
ഒരു പാർലമെൻ്റേറിയൻ എന്ന നിലയിൽ നിന്ന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വാജ്‌പേയിയുടെ യാത്ര ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി കുറിച്ചു. കടുത്ത രാഷ്ട്രീയ മത്സരങ്ങൾ നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ പോലും, അദ്ദേഹത്തിൻ്റെ സത്യസന്ധതയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവും മാന്യമായ പെരുമാറ്റവും കക്ഷിരാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു.
വാജ്‌പേയിയുടെ നേതൃത്വത്തിൽ കൈവരിച്ച പ്രധാന നാഴികക്കല്ലുകൾ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, പൊഖ്‌റാൻ ആണവ പരീക്ഷണങ്ങളെയും ഡൽഹി മെട്രോ പോലുള്ള ദീർഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും കുറിച്ച് പരാമർശിച്ചു. കരുത്തും വിവേകവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചുവെന്നും സംവാദം, ജനാധിപത്യം, വികസനം എന്നിവ തൻ്റെ മാർഗദർശനമായി അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിച്ചുവെന്നും ഉപരാഷ്ട്രപതി നിരീക്ഷിച്ചു.
വാജ്‌പേയിയെ ഒരു കവി, ദീർഘദർശി, ഉന്നതനായ പാർലമെൻ്റേറിയൻ എന്നിങ്ങനെ വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പാർലമെൻ്റിനെയും രാജ്യത്തെയും ഒരേപോലെ മുന്നോട്ടുനയിച്ചുവെന്ന് പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കാതെ തന്നെ തൻ്റെ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അപൂർവ്വമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പൊതുജീവിതത്തിൽ ഇത് അത്യന്താപേക്ഷിതമായ ഒരു ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കോഫി ടേബിൾ ബുക്ക് തയ്യാറാക്കിയതിന് ശ്രീ വിജയ് ഗോയലിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, അപൂർവ്വമായ ഫോട്ടോകൾ, വ്യക്തിപരമായ അനുഭവങ്ങൾ, പുരാരേഖകൾ എന്നിവയിലൂടെ ചരിത്രത്തെ ഒരു സജീവ സ്മരണയായി ഈ കൃതി നിലനിർത്തുന്നുവെന്ന് പറഞ്ഞു. ഈ പുസ്തകം രാജ്യത്തുടനീളമുള്ള വീടുകളിലും സ്ഥാപനങ്ങളിലും എത്തുമെന്നും, ദേശീയ ഐക്യം, ജനാധിപത്യം, സാമൂഹിക സഹകരണം എന്നീ ആശയങ്ങൾ ഉൾക്കൊള്ളാൻ യുവതലമുറയെ ഇത് പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ്, രാജസ്ഥാൻ ഗവർണർ ഹരിഭാവു കിസൻറാവു ബാഗ്ഡെ, മുൻ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹർ ജോഷി, ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി വൈസ് ചെയർമാൻ വിജയ് ഗോയൽ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
***
( റിലീസ് ഐ.ഡി: 2231383)
സന്ദര്‍ശക കൗണ്ടര്‍ : 4