പ്രധാനമന്ത്രിയുടെ ഓഫീസ്
‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി സ്ലൊവാക്യ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
20 FEB 2026 9:37PM by PIB Thiruvananthpuram
2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്നുവരുന്ന ‘ഇന്ത്യ-നിർമിതബുദ്ധി ഇംപാക്ട് ഉച്ചകോടി 2026’-ന് അനുബന്ധമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇന്ത്യ-സ്ലോവാക്യ ബന്ധത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യാനും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ ആശയങ്ങൾ കൈമാറാനും ഈ കൂടിക്കാഴ്ച ഇരുനേതാക്കൾക്കും അവസരമൊരുക്കി.
സമീപകാലത്ത് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി സൃഷ്ടിച്ച മികച്ച ചലനം നേതാക്കൾ വിലയിരുത്തി. മുൻഗണനാ മേഖലകളിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ ചരിത്രപരമായി പൂർത്തിയാക്കിയതിനെയും ഇന്ത്യ-EU സമഗ്ര തന്ത്രപ്രധാന കാര്യപരിപാടി അംഗീകരിച്ചതിനെയും അവർ സ്വാഗതം ചെയ്തു.
ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ ബന്ധങ്ങളിലുണ്ടായ മുന്നേറ്റത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ സ്റ്റാർട്ടപ്പുകൾ, വിവരസാങ്കേതികവിദ്യ, ആണവോർജം ഉൾപ്പെടെയുള്ള പുനരുൽപ്പാദക ഊർജം, നിർമാണം, പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ തേടാൻ ധാരണയായി.
ഇന്ത്യയുടെ “ഏവർക്കും നിർമിതബുദ്ധി” എന്ന കാഴ്ചപ്പാടിനും സ്ലോവാക്യയുടെ ഡിജിറ്റൽ പരിവർത്തനം, വ്യവസായം 4.0 എന്നീ മുൻഗണനകൾക്കും അനുസൃതമായി നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
വ്യക്തികൾ തമ്മിലുള്ള ബന്ധം, വിനോദസഞ്ചാരം, സാംസ്കാരികവിനിമയം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പെല്ലെഗ്രിനിയും ആവർത്തിച്ചു. സ്ലോവാക്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രസിഡന്റ് പെല്ലെഗ്രിനി അഭിനന്ദിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാൻ നടന്നുവരുന്ന ശ്രമങ്ങളെ ഇരുനേതാക്കളും സ്വാഗതംചെയ്തു.
-NK-
( റിലീസ് ഐ.ഡി: 2231099)
സന്ദര്‍ശക കൗണ്ടര്‍ : 3