രാഷ്ട്രപതിയുടെ കാര്യാലയം
എസ്തോണിയൻ പ്രസിഡൻ്റ്, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
19 FEB 2026 7:21PM by PIB Thiruvananthpuram
എസ്തോണിയൻ റിപ്പബ്ലിക് പ്രസിഡൻ്റ് അലർ കാരിസ് ഇന്ന് (2026 ഫെബ്രുവരി 19) രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി.
എസ്തോണിയൻ റിപ്പബ്ലിക് പ്രസിഡൻ്റ് എന്ന നിലയിലുള്ള ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ അലർ കാരിസിനെ രാഷ്ട്രപതി സ്വാഗതം ചെയ്തു. പരസ്പരം പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിലും അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവിലും നിയമങ്ങളെ അടിസ്ഥാനമാക്കിയ ആഗോള ക്രമത്തോടുള്ള പ്രതിജ്ഞാബദ്ധതയിലും അധിഷ്ഠിതമാണ് ഇന്ത്യയും എസ്തോണിയയും തമ്മിലുള്ള ഊഷ്മള സൗഹൃദ ബന്ധമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഡിജിറ്റൽ, നിർമ്മിതബുദ്ധി മേഖലകളിൽ എസ്തോണിയ നൽകിയ മികച്ച സംഭാവനകളെ രാഷ്ട്രപതി എടുത്തുപറഞ്ഞു. എഐ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ എസ്തോണിയക്കുള്ള നേതൃപരമായ പങ്ക് കണക്കിലെടുക്കുമ്പോൾ 'എഐ ഇംപാക്ട് ഉച്ചകോടിയിലെ' അവരുടെ പങ്കാളിത്തം ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
നിർമ്മിത ബുദ്ധി, ലോകത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന കാര്യത്തിൽ ഇന്ത്യയ്ക്കും എസ്തോണിയയ്ക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഇന്നത്തെ ലോകത്ത് സൈബർ സുരക്ഷയിലും എഐയുടെ സുരക്ഷിതമായ വിന്യാസത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഡിജിറ്റൽ മേഖലയിൽ ഇന്ത്യയും എസ്തോണിയയും തമ്മിലുള്ള അർത്ഥവത്തായ സഹകരണത്തിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. സാങ്കേതിക വിദ്യയിലും ഐടിയിലും എസ്തോണിയ മികച്ചു നിൽക്കുകയാണെങ്കിൽ, ഇന്ത്യയിൽ ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. എസ്തോണിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയിലെ ചടുലമായ സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ഇപ്പോൾ തന്ത്രപ്രധാനമായ മുന്നേറ്റത്തിന്റെ ഘട്ടത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. യൂറോപ്യൻ യൂണിയനുമായും അതിലെ അംഗരാജ്യങ്ങളുമായും ഉള്ള ബന്ധത്തെ രാജ്യം ഏറെ വിലമതിക്കുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) വിജയകരമായി പൂർത്തിയാക്കുന്നതിന് എസ്തോണിയ നൽകിയ പിന്തുണയെ ശ്രീമതി മുർമു അഭിനന്ദിച്ചു. ഈ വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യയും എസ്തോണിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ വലിയ സാധ്യതകളുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു. സമീപ വർഷങ്ങളിൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ഗവേണൻസ്, വ്യാപാര വിപുലീകരണം എന്നിവ കേന്ദ്രീകരിച്ച് ഉന്നതതലത്തിലുള്ള ആശയവിനിമയങ്ങൾ വർദ്ധിച്ചതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഈ സന്ദർശനം ഉഭയകക്ഷി സഹകരണത്തിലെ ഗുണപരമായ മുന്നേറ്റം നിലനിർത്താൻ സഹായിക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
( റിലീസ് ഐ.ഡി: 2230598)
സന്ദര്‍ശക കൗണ്ടര്‍ : 7