വ്യോമയാന മന്ത്രാലയം
ബാരാമതിയിലെ ലിയർജെറ്റ്(Learjet )45 (VT-SSK) വിമാനാപകടം: അന്വേഷണത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
19 FEB 2026 7:27PM by PIB Thiruvananthpuram
2026 ഫെബ്രുവരി 17-ന് പുറത്തിറക്കിയ മുൻ വാർത്തകളുടെ തുടർച്ചയായി, 2026 ജനുവരി 28-ന് ബാരാമതിയിൽ നടന്ന Learjet 45 (VT-SSK) വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം കർശന നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് നടത്തിവരുന്നതെന്ന് സിവിൽ വ്യോമയാന മന്ത്രാലയം വീണ്ടും വ്യക്തമാക്കി.
വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) ആണ് അന്വേഷണം നടത്തുന്നത്. ഇത് Aircraft (Investigation of Accidents and Incidents) Rules, 2025 പ്രകാരവും, അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയായ ICAO യുടെ അനുബന്ധം 13-ൽ ഉൾപ്പെടുത്തിയിരിക്കുന്ന Standards and Recommended Practices (SARP) പ്രകാരവും കൃത്യമായി പാലിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വിമാനത്തിൽ രണ്ട് സ്വതന്ത്ര ഫ്ലൈറ്റ് റെക്കോർഡറുകൾ സ്ഥാപിച്ചിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. L3 Communications നിർമ്മിച്ച ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (DFDR) ന്യൂഡൽഹിയിലെ AAIB സൌകര്യത്തിൽ വിജയകരമായി ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കോക്പിറ്റ് വോയ്സ് റെക്കോർഡർ (CVR) താപനാശം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. Honeywell നിർമ്മിതമായതിനാൽ, ICAO അനുബന്ധം 13-ലെ ഖണ്ഡിക 5.7നും അനുച്ചേദം D യ്ക്കും അനുസൃതമായി, ഡിസൈൻ/നിർമ്മാണ കേന്ദ്രത്തോട് സാങ്കേതിക സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) നടത്തുന്ന അന്വേഷണം സാങ്കേതികവും തെളിവുകൾ അടിസ്ഥാനമാക്കിയുമുള്ളതാണെന്ന് അധികൃതർ അറിയിച്ചു. അപകടാവശിഷ്ടങ്ങളുടെ ക്രമബദ്ധമായ പരിശോധന, ഓപ്പറേഷൻ–പരിപാലന രേഖകളുടെ വിശകലനം, ആവശ്യമായ ഘടകങ്ങളുടെ ലബോറട്ടറി പരിശോധന എന്നിവ ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുന്നു.
ICAO മാനദണ്ഡങ്ങൾ അനുസരിച്ച്, അപകടം നടന്നത് മുതൽ 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കുന്നതാണ്. അന്തിമ റിപ്പോർട്ട് തുടർന്ന് യുക്തമായ സമയത്ത് പ്രസിദ്ധീകരിക്കുമെന്ന് AAIB അറിയിച്ചു.
ഓപ്പറേറ്ററിന്മേലുള്ള നിയന്ത്രണ മേൽനോട്ടം
2025-ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരിൽ ആകെ 51 നിയന്ത്രണ ഓഡിറ്റുകൾ നടത്തി.
കൂടാതെ, M/s VSR Ventures-നെ സംബന്ധിച്ച് വിമാന സുരക്ഷാ സംവിധാനങ്ങൾ, വിമാന ഡ്യൂട്ടി സമയ പരിധികൾ, അറ്റകുറ്റപ്പണികളുടെ വ്യവസ്ഥകൾ (CAR M, CAR 145), രേഖാപരമായ അനുസരണം, സ്റ്റേഷൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിരവധി സർവെയ്‌ലൻസ് പരിശോധനകൾ നടപ്പാക്കി.
ഈ പരിശോധനകളിൽ കണ്ടെത്തിയ എല്ലാ നിരീക്ഷണങ്ങൾക്കും പരിഹാരം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
അപകടാനന്തര പ്രത്യേക ഓഡിറ്റ്
അപകടത്തിന് പിന്നാലെ, M/s VSR Ventures-ൻ്റെ സമഗ്രമായ നിയന്ത്രണാനുസരണം വിലയിരുത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ സിവിൽ വ്യോമയാന മന്ത്രാലയം DGCA-യോട് നിർദേശിച്ചു. ഓപ്പറേഷണൽ കൺട്രോൾ സംവിധാനങ്ങൾ, പരിപാലന രീതികൾ, ക്രൂ പരിശീലന മാനദണ്ഡങ്ങൾ, സേഫ്റ്റി മാനേജ്മെൻ്റ് സിസ്റ്റങ്ങൾ, CVR/FDR നിരീക്ഷണം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സമഗ്ര അവലോകനമാണ് ഓഡിറ്റിലൂടെ നടത്തുന്നത്.
2026 ഫെബ്രുവരി 04-ന് ആരംഭിച്ച പ്രത്യേക ഓഡിറ്റ് ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടെത്തലുകൾ DGCA-യുടെ Enforcement Policy and Procedures Manual അനുസരിച്ച് പരിശോധിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
ഇതോടൊപ്പം, VIP/VVIP ഓപ്പറേഷനുകളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പ്രധാന നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരെയും വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക ഓഡിറ്റുകൾ നടത്താനും മന്ത്രാലയം DGCA-യോട് നിർദേശിച്ചിട്ടുണ്ട്. ഈ ഓഡിറ്റുകൾ ഘട്ടംഘട്ടമായി പുരോഗമിക്കുകയാണെന്നും ആവശ്യമായിടത്ത് അനുയോജ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സുതാര്യത, സുരക്ഷാ മേൽനോട്ടം, ഉത്തരവാദിത്തബോധം എന്നിവയിൽ മന്ത്രാലയവും അതിൻ്റെ നിയന്ത്രണ ഏജൻസികളും പൂർണ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഥാപിതമായ എല്ലാ നിയമ നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് അന്വേഷണം പുരോഗമിക്കുന്നതിനാൽ, അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കി ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളോട് സഹകരിക്കണമെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിച്ചു.
***
( റിലീസ് ഐ.ഡി: 2230551)
സന്ദര്‍ശക കൗണ്ടര്‍ : 7