രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav AI Impact Summit 2026

സ്ലൊവാക് പ്രസിഡൻ്റ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 19 FEB 2026 7:03PM by PIB Thiruvananthpuram
സ്ലൊവാക് പ്രസിഡൻ്റ്  പീറ്റർ പെല്ലെഗ്രിനി ഇന്ന് (2026 ഫെബ്രുവരി 19) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.


പ്രസിഡൻ്റ്  പെല്ലെഗ്രിനിയെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, കഴിഞ്ഞ വർഷം താൻ സ്ലൊവാക്കിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിൻ്റെ  മനോഹരമായ ഓർമ്മകൾ അനുസ്മരിക്കുകയും അന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
എഐ ഇംപാക്ട് ഉച്ചകോടിയിലെ സ്ലൊവാക് പ്രസിഡൻ്റിൻ്റെ പങ്കാളിത്തത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇത് ഇന്ത്യയ്ക്കും ലോകത്തിനും ഒരു നിർണ്ണായക നിമിഷമാണെന്ന് അവർ പറഞ്ഞു. "ജനം, ഭൂമി, പുരോഗതി" എന്ന തത്വങ്ങളിൽ അധിഷ്ഠിതമായ ഈ ഉച്ചകോടി, എഐ മനുഷ്യരാശിയെ ഉന്നതിയിലേക്ക് നയിക്കുകയും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയെ വളർത്തുകയും ചെയ്യുന്ന ഒരു ഭാവി വിഭാവനം ചെയ്യുന്നു.

"പൊതുനന്മയ്ക്കായുള്ള സാങ്കേതികവിദ്യ" എന്ന തത്വത്തിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും എഐ എല്ലാവർക്കും പ്രാപ്യവും പ്രയോജനകരവുമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത് ആ ലക്ഷ്യത്തോടെയാണെന്നും രാഷ്ട്രപതി പറഞ്ഞു. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യ-സ്ലൊവാക് സഹകരണത്തിന് ലോകത്തിന് ഒരുപാട് കാര്യങ്ങൾ നല്കാനുണ്ടെന്നും അവർ അടിവരയിട്ടു പറഞ്ഞു.

ഉയർന്ന തലത്തിലുള്ള ഇടപെടലുകളിലൂടെയും വിവിധ മേഖലകളിലെ സഹകരണത്തിലൂടെയും ഇന്ത്യ-സ്ലൊവാക് ഉഭയകക്ഷി ബന്ധത്തിൽ വർദ്ധിച്ചുവരുന്ന വേഗത ഉണ്ടായതിൽ  രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. വർഷങ്ങളായി വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതിക വിദ്യ, പ്രതിരോധ സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം നമ്മുടെ പങ്കാളിത്തം ക്രമാനുഗതമായി വികസിച്ചിട്ടുണ്ടെന്ന് അവർ എടുത്തുപറഞ്ഞു.

ഈ സന്ദർശനം ഇന്ത്യയുടേയും സ്ലൊവാക്യയുടേയും വികസിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുമെന്നും ഡിജിറ്റൽ സഹകരണം ഉൾപ്പെടെയുള്ള പുതിയ തലങ്ങൾ കൂട്ടിച്ചേർക്കുമെന്നും ഇരുനേതാക്കളും സമ്മതിച്ചു.
 
****

( റിലീസ് ഐ.ഡി: 2230439) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati