വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്വിസ് കോൺഫെഡറേഷൻ പ്രസിഡൻ്റ് ഗൈ പാർമെലിനുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

പോസ്റ്റഡ് ഓണ്‍: 19 FEB 2026 5:09PM by PIB Thiruvananthpuram

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൻ്റെ  ഭാഗമായി ഔദ്യോഗിക സന്ദർശനത്തിനെത്തിയ  സ്വിസ് കോൺഫെഡറേഷൻ പ്രസിഡൻ്റ്   ഗൈ പാർമെലിനുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2026 ഫെബ്രുവരി 19-ന് ന്യൂഡൽഹിയിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷനും തമ്മിലെ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാറിന് (TEPA) കീഴിൽ ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല സാമ്പത്തിക പങ്കാളിത്തവും തന്ത്രപരമായ സഹകരണവും കൂടുതൽ ആഴത്തിലാക്കുന്നത് സംബന്ധിച്ച പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ആവര്‍ത്തിച്ചു.  എഐ ഇംപാക്ട് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നൂതനാശയങ്ങളെ ഉത്തരവാദിത്തബോധവുമായി സന്തുലിതമാക്കേണ്ടതിൻ്റെ  ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു. കൃത്യതയാര്‍ന്ന എന്‍ജിനീയറിങ്, ആരോഗ്യശാസ്ത്രം, പുനരുപയോഗ ഊർജം, നൂതനാശയങ്ങള്‍, ഗവേഷണ വികസനം  എന്നീ മേഖലകളിൽ സാങ്കേതിക സഹകരണത്തിന് കരാര്‍ വലിയ അവസരങ്ങൾ നൽകുന്നുവെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വളർച്ചാ പാതയെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ പിയൂഷ് ഗോയൽ 2026-ൽ 4.51 ട്രില്യൺ യുഎസ് ഡോളർ ജിഡിപിയുമായി ലോകത്തെ  നാലാമത് വലിയ സമ്പദ്‌വ്യവസ്ഥയാണ് രാജ്യമെന്ന് വ്യക്തമാക്കി.   വ്യാപ്തിയും പരിഷ്കരണ വേഗവും വളരുന്ന വിപുലമായ ഉപഭോക്തൃ വിപണിയും ശക്തമായ വ്യവസായ അടിത്തറയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  വ്യാപാര നടപടിക്രമങ്ങളിലെ എളുപ്പം, ഡിജിറ്റല്‍വല്‍ക്കരണം,  അടിസ്ഥാനസൗകര്യാധിഷ്ഠിത മത്സരക്ഷമത എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദീർഘകാല പങ്കാളിത്തത്തിന് സുസ്ഥിര വേദിയൊരുക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡ് സാങ്കേതിക വൈദഗ്ധ്യം കൈവരിച്ച മേഖലകളിൽ ഇന്ത്യയിലേക്ക് സ്വിസ് നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ  പ്രാധാന്യം മന്ത്രി ആവർത്തിച്ചു. താങ്ങാവുന്നതും  നിലവാരമേറിയതുമായ മരുന്നുകളുടെയും വാക്സിനുകളുടെയും വിശ്വസനീയ ആഗോള വിതരണക്കാരെന്ന  നിലയില്‍  ഇന്ത്യയുടെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം ബയോടെക്നോളജി, പ്രത്യേക വിഭാഗം മരുന്നുകള്‍,  അത്യാധുനിക ചികിത്സാരീതികള്‍  തുടങ്ങിയ മേഖലകളിൽ ഗവേഷണ-വികസന സഹകരണത്തിന് ആഹ്വാനം ചെയ്തു.

നിക്ഷേപത്തിൻ്റെ  ഒഴുക്ക് വർധിപ്പിക്കാനും  നിയന്ത്രണവ്യവസ്ഥകളിലെ സഹകരണത്തിനും സ്ഥാപനപരമായ പങ്കാളിത്തത്തിനും ഇരുപക്ഷവും പ്രതി‌ബദ്ധത പുതുക്കി. ഇന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കാനാഗ്രഹിക്കുന്ന സ്വിസ് കമ്പനികൾക്ക് സഹായം നൽകുന്നതിന് ഇൻവെസ്റ്റ് ഇന്ത്യയിൽ  സജ്ജീകരിച്ച പ്രത്യേക ഇഎഫ്ടിഎ ഡെസ്‌കിനെക്കുറിച്ച് ശ്രീ ഗോയൽ വിശദീകരിച്ചു.

തുടർച്ചയായ ഉന്നതതല ഇടപെടലുകൾ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ദീർഘകാല അഭിവൃദ്ധിക്ക് വഴിയൊരുക്കുമെന്നും ഇരുനേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഇഎഫ്ടിഎ (ഐസ്‌ലൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്) രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെയ്ക്കുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാറാണ് 'TEPA' (വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍‍). യൂറോപ്യൻ യൂണിയൻ, യുകെ എന്നീ  രണ്ട് പ്രധാന പങ്കാളികൾക്ക് പുറമെ ഒരു യൂറോപ്യൻ സാമ്പത്തിക കൂട്ടായ്മയുമായി ഇന്ത്യ ഏര്‍പ്പെടുന്ന ആദ്യ വ്യാപാര കരാർ കൂടിയാണിത്. സ്വിറ്റ്‌സർലൻഡിൻ്റെ  1.0 ട്രില്യൺ യുഎസ് ഡോളർ വിപണിയിലേക്ക് "മെയ്ക്ക് ഇൻ ഇന്ത്യ" ഉല്പന്നങ്ങളുടെ പ്രവേശനത്തിന്  കരാർ വഴിതുറക്കുന്നു. കർഷകർ, മത്സ്യത്തൊഴിലാളികൾ, വനങ്ങളില്‍ വസിക്കുന്നവര്‍, തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, ചെറുകിട വ്യാപാരികള്‍, പ്രൊഫഷണലുകൾ എന്നിവർക്കെല്ലാം പുതിയ അവസരങ്ങളും ശോഭന സാമ്പത്തിക ഭാവിയും കരാര്‍ വാഗ്ദാനം ചെയ്യുന്നു.

ഈ കരാറിന് കീഴിൽ ഇഎഫ്ടിഎ രാജ്യങ്ങൾ അവരുടെ 92.2% തീരുവ ഉല്പന്നങ്ങളിലും വിപണി പ്രവേശനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ കയറ്റുമതിയുടെ 99.6 ശതമാനത്തെ ഉൾക്കൊള്ളുന്നു. മഹാരാഷ്ട്ര (മുന്തിരി), കർണാടക (കാപ്പി), കേരളം (മസാലകൾ, സമുദ്രോല്പന്നങ്ങൾ), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (തോട്ടകൃഷി) തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കരാർ ഏറെ ഗുണം ചെയ്യും. അതേസമയം, കർഷകരെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെയും സംരക്ഷിക്കാന്‍ ക്ഷീരമേഖല, സോയ, കൽക്കരി തുടങ്ങിയ തന്ത്രപ്രധാന രംഗങ്ങളെ  കരാറിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. മരുന്നുനിര്‍മാണം,  മെഡിക്കൽ ഉപകരണങ്ങൾ,  ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിലെ ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതികളുമായി ബന്ധപ്പെട്ട താല്പര്യങ്ങളും കരാറിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് 100 ബില്ല്യൺ യുഎസ് ഡോളർ നിക്ഷേപമെത്തിക്കാനും പത്തു ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.



****


( റിലീസ് ഐ.ഡി: 2230421) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Marathi , Gujarati