ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങള്‍ക്കായി എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുഭാഷാധിഷ്ഠിതവുമായ എഐ; 'ന്യൂഡൽഹി അത്യാധുനിക എഐ പ്രതിബദ്ധതകള്‍' പുറത്തിറക്കി ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 19 FEB 2026 3:08PM by PIB Thiruvananthpuram
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൻ്റെ  ഉദ്ഘാടന ചടങ്ങിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തപൂര്‍ണവുമായ നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് പ്രമുഖ മുന്‍നിര എഐ കമ്പനികളെയും ഇന്ത്യയിലെ ആഭ്യന്തര നൂതനാശയക്കാരെയും ഒന്നിപ്പിക്കുന്ന നാഴികക്കല്ലായ 'ന്യൂഡൽഹി അത്യാധുനിക എഐ ഇംപാക്ട് പ്രതിബദ്ധതകള്‍'  കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ജനാധിപത്യവല്‍ക്കരണത്തിലും വ്യാപ്തിയിലും പരമാധികാരത്തിലുമധിഷ്ഠിതമായ ഇന്ത്യയുടെ എഐ തന്ത്രത്തെക്കുറിച്ച് ഉച്ചകോടിയെ അഭിസംബോധന ചെയ്ത ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. അപ്ലിക്കേഷനുകൾ, മോഡലുകൾ, കംപ്യൂട്ട് ശേഷി, പ്രതിഭ, ഊർജം എന്നിങ്ങനെ എഐ അടിസ്ഥാന ഘടനയും അഞ്ച് തലങ്ങളിലെയും ഇന്ത്യയുടെ സമഗ്ര സമീപനം അദ്ദേഹം വിവരിച്ചു. ആരോഗ്യപരിരക്ഷ, കൃഷി, വിദ്യാഭ്യാസം, പൊതുസേവനം എന്നീ മേഖലകളിലെ പ്രായോഗിക എഐ വിന്യാസത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയത്.
“എഐ ഒരു അടിസ്ഥാന സാങ്കേതികവിദ്യയാണ്. നമ്മുടെ തൊഴില്‍ രീതികളെയും പഠനത്തെയും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെയുമെല്ലാം   ഇതിനകം എഐ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ യഥാർത്ഥ മൂല്യം അതിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലാണെന്ന്   പ്രധാനമന്ത്രി വിശ്വസിക്കുന്നു. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണവും വിപുലമായ വിന്യാസവും എല്ലാവർക്കും ലഭ്യമാക്കലുമാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഇന്ത്യയിൽ എഐ അടിസ്ഥാനഘടനയുടെ അഞ്ച് തലങ്ങളിലും നാം പ്രവർത്തിക്കുന്നത്. എഐയുടെ ഗുണഫലങ്ങൾ നാം സത്യസന്ധമായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം  അതിൻ്റെ അപകടസാധ്യതകൾ ലഘൂകരിക്കാന്‍ കൂട്ടായ പരിഹാരങ്ങളും കണ്ടെത്തേണ്ടതുണ്ട്. മനുഷ്യൻ്റെ സുരക്ഷയും അന്തസ്സും എഐയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച്  ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടുപോകാം. മനുഷ്യനാൽ മനുഷ്യനുവേണ്ടി എഐ അധിഷ്ഠിത മനുഷ്യഭാവി  നമുക്ക് രൂപപ്പെടുത്താം.” ശ്രീ അശ്വിനി വൈഷ്ണവ്  പ്രസംഗത്തിൽ പറഞ്ഞു.

പ്രത്യേകിച്ച് ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളില്‍ നീതിയുമായും സാംസ്കാരിക വൈവിധ്യവുമായും യഥാർത്ഥ  ലോക ആവശ്യങ്ങളുമായും  എഐ സംവിധാനങ്ങളുടെ വികസനവും വിന്യാസവും ചേർന്നുനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്ന പങ്കാളിത്ത കാഴ്ചപ്പാടിനെയാണ് ഈ സന്നദ്ധ പ്രതിബദ്ധതകൾ  പ്രതിഫലിപ്പിക്കുന്നത്.  സർവം, ഭാരത് ജെൻ, ജ്ഞാനി-എഐ, സോക്കറ്റ്  തുടങ്ങിയ ഇന്ത്യയിലെ നൂതനാശയക്കാരും ആഗോള അത്യാധുനിക എഐ കമ്പനികളും ഇതിൽ പങ്കുചേരുന്നു.  

"യഥാർത്ഥ ലോകത്തെ എഐ ഉപയോഗത്തെക്കുറിച്ച് ധാരണ മെച്ചപ്പെടുത്തൽ" എന്ന  ആദ്യ പ്രതിബദ്ധത അജ്ഞാതവും സമഗ്രവുമായ ഉൾക്കാഴ്ചകളിലൂടെ യഥാർത്ഥ ലോകത്തെ എഐ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തൊഴില്‍, നൈപുണ്യങ്ങൾ, ഉല്പാദനക്ഷമത, സാമ്പത്തിക പരിവർത്തനം എന്നിവയിൽ എഐ ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ സൃഷ്ടിക്കാൻ പങ്കാളിത്ത സംഘടനകൾ പ്രവർത്തിക്കും. വിവിധ മേഖലകളിൽ എഐ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഡാറ്റാധിഷ്ഠിത വിശകലനം നടത്തി സാങ്കേതിക മാറ്റങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനൊപ്പം ഗുണഫലങ്ങൾ പരമാവധി വർധിപ്പിക്കുന്ന വിവര സമ്പുഷ്ടമായ തന്ത്രങ്ങൾ രൂപപ്പെടുത്താൻ സർക്കാരുകളെയും സ്ഥാപനങ്ങളെയും സഹായിക്കാനാണ്  ഈ സംരംഭം ലക്ഷ്യമിടുന്നത്.

"ബഹുഭാഷാ-സന്ദർഭോചിത മൂല്യനിർണയങ്ങളുടെ ശാക്തീകരണം"  എന്ന രണ്ടാമത്തെ പ്രതിബദ്ധത വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും യഥാർത്ഥ  ഉപയോഗ സാഹചര്യങ്ങളിലും എഐ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്ന ശ്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. പ്രാതിനിധ്യം  കുറഞ്ഞ ഭാഷകളിലും സാംസ്കാരിക സാഹചര്യങ്ങളിലും മൂല്യനിർണയത്തെ പിന്തുണയ്ക്കുന്ന വിവരശേഖരങ്ങളും മാനദണ്ഡങ്ങളും വൈദഗ്ധ്യവും വികസിപ്പിക്കാന്‍ സംഘടനകൾ സർക്കാരുകളുമായും പ്രാദേശിക ആവാസവ്യവസ്ഥകളുമായും സഹകരിക്കും. വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ എഐ പ്രവർത്തനം മെച്ചപ്പെടുത്താനും ആഗോളതലത്തിൽ  നിലവാരമേറിയ എഐ അനുഭവങ്ങളിലേക്ക് പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ ശ്രമം സഹായിക്കും.    
****

( റിലീസ് ഐ.ഡി: 2230290) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada