ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
മൂർത്തവും പ്രായോഗികവുമായ നേട്ടങ്ങൾ സാധ്യമാക്കുന്ന എഡ്ജ് AI സൊല്യൂഷൻസ് വികസിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ശ്രീ അശ്വിനി വൈഷ്ണവ്
പോസ്റ്റഡ് ഓണ്‍:
18 FEB 2026 8:04PM by PIB Thiruvananthpuram
ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026-ന്റെ മൂന്നാം ദിനമായ 2026 ഫെബ്രുവരി 18-ന്, AIയും അതിന്റെ സ്വാധീനവും എന്ന പ്രമേയത്തിലൂന്നിയുള്ള ഗവേഷണ സിമ്പോസിയ വേദിയിൽ, ശാസ്ത്രം, ഭരണനിർവ്വഹണം, വ്യവസായം, പൊതുസമൂഹം എന്നീ മേഖലകളിലുടനീളം നിർമ്മിത ബുദ്ധിയുടെ പരിവർത്തനാത്മക പങ്ക് പര്യവേക്ഷണം ചെയ്യുന്നതിനായി പ്രമുഖ ഗവേഷകർ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, വ്യവസായ പ്രമുഖർ അടക്കമുള്ളവർ ഒത്തു ചേർന്നു. അതി ഗഹനമായ ഗവേഷണത്തെ മൂർത്തവും പ്രായോഗികവുമായ നേട്ടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വേദി എന്ന നിലയിലാണ് സിമ്പോസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിമ്പോസിയത്തിൽ, ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കാൻ AI എങ്ങനെ സഹായിക്കുമെന്നും പൊതുഹിതം, സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ എങ്ങനെ ഉറപ്പാക്കുമെന്നും വിശദീകരിച്ചു.

ഇന്ത്യയുടെ AI പ്രയാണം പ്രായോഗിക നിർവ്വഹണത്തെയും വിപുലമായ ജനസംഖ്യയെയും മുൻനിർത്തി രൂപപ്പെടുത്തിയതാണെന്ന് തന്റെ പ്രസംഗത്തിൽ ശ്രീ അശ്വിനി വൈഷ്‌ണവ് പറഞ്ഞു “നടന്നു വരുന്ന AI എക്സ്പോയിൽ ആയിരക്കണക്കിന് യുവാക്കളുമായി സംവദിക്കുമ്പോൾ, ഭാവിയെക്കുറിച്ചുള്ള അവരുടെ ശുഭാപ്തിവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ആ ആത്മവിശ്വാസം നമ്മുടെ രാജ്യത്തിനും ലോകത്തിനും പുതു പ്രതീക്ഷ പകർന്നു നൽകുന്നു. ഇന്ത്യയിൽ, നമ്മുടെ ശ്രദ്ധ 'AI at the Edge'-ലാണ്. പ്രായോഗികവും യഥാർത്ഥവുമായ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന എഡ്ജ് AI, സംരംഭകത്വവും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നു. ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. ഭാവിയെ ഉത്തരവാദിത്തപൂർണ്ണമായി രൂപപ്പെടുത്താനുള്ള അവസരമാണ് ഈ സിമ്പോസിയം. AI-യെ എങ്ങനെ സുരക്ഷിതവും മാനവരാശിക്ക് പ്രയോജനപ്രദവുമാക്കാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കാൻ ഇവിടെയെത്തിയ നേതാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു.”
ശാസ്ത്ര-വൈദ്യശാസ്ത്ര പുരോഗതിയിൽ AI-യുടെ സാധ്യതകൾ ഉയർത്തിക്കാട്ടവേ, ഗൂഗിൾ ഡീപ് മൈൻഡിന്റെ സഹസ്ഥാപകനും സിഇഒയുമായ സർ ഡെമിസ് ഹസാബിസ്, മനുഷ്യ ബുദ്ധിയുമായി താരതമ്യപ്പെടുത്താവുന്ന വളരെ പുരോഗമിച്ച "ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) സാധ്യമാകുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ് നാം എന്ന് അഭിപ്രായപ്പെട്ടു. "മനുഷ്യ ചരിത്രത്തിലെ ഏറ്റവും പരിവർത്തനാത്മകമായ സാങ്കേതികവിദ്യകളിൽ ഒന്നാണ് AI. ശാസ്ത്രം, വൈദ്യശാസ്ത്രം, മനുഷ്യന്റെ ആരോഗ്യം എന്നിവയെ മുന്നോട്ട് കൊണ്ടുപോകാൻ അസാധാരണമായ ശേഷി അതിനുണ്ട്. പക്ഷേ അപകടസാധ്യതകളും ഏറെയാണ്. ഈ സാങ്കേതികവിദ്യ ലോകത്തെ മുഴുവൻ ബാധിക്കുമെന്നതിനാൽ, അതിന്റെ ഗുണങ്ങൾ പങ്കിടുന്നുണ്ടെന്നും അതിന്റെ അപകടങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഭാഷണവും സഹകരണവും അത്യാവശ്യമാണ്."
അക്കാദമിക പശ്ചാത്തലം ഒരുക്കിക്കൊണ്ട്, ഐഐഐടി ഹൈദരാബാദിലെ മുൻ ഡയറക്ടർ പ്രൊഫ. പി.ജെ. നാരായണൻ, ആഗോള ശാസ്ത്ര വ്യവഹാരങ്ങളിൽ AI യുടെ ദ്രുതഗതിയിലുള്ള വളർച്ചയെയും അവസരങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് വൈവിധ്യമാർന്ന കാഴചപ്പാടുകളിലൂന്നി ഇടപെടേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു വ്യക്തമാക്കി. നൂതനവും ബൃഹത്തുമായ AI മാതൃകകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, ഗ്ലോബൽ സൗത്ത് കേന്ദ്രീകരിച്ചുള്ള പാനലുകൾ, പ്രമുഖ അന്താരാഷ്ട്ര ഗവേഷകരുടെ പോസ്റ്റർ അവതരണങ്ങൾ എന്നിവയുൾപ്പെടെ സിമ്പോസിയത്തിന്റെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഘടന അദ്ദേഹം വിവരിച്ചു. "AI ഗവേഷണത്തിന്റെ അനന്തര ഘട്ടത്തെയും അതിന്റെ സാമൂഹിക സ്വാധീനത്തെയും കുറിച്ചുള്ള സംഭാഷണവും ചർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി" രൂപകൽപ്പന ചെയ്ത ഒരു വേദിയായി ഇത് മാറി.
AI യുടെ വളർച്ചയിലെ പരിണാമ ഘട്ടത്തിൽ, ശാസ്ത്രം, ആഗോള സഹകരണം, നൈതിക AI നൂതനാശയങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സിമ്പോസിയത്തിന് ഉദ്ഘാടന പ്രസംഗങ്ങൾ വേദിയായി.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2229877®=3&lang=1
*****
( റിലീസ് ഐ.ഡി: 2230052)
സന്ദര്‍ശക കൗണ്ടര്‍ : 5