പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ ഐഎസ്എ പവലിയൻ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
18 FEB 2026 3:29PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ ഹാൾ നമ്പർ 14-ൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൻ്റെ (ഐഎസ്എ) പവലിയൻ കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി സന്ദർശിച്ചു. ഊർജ്ജ മേഖലയ്ക്കായുള്ള ആഗോള എഐ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂതനാശയങ്ങളുടെ പരമ്പര അദ്ദേഹം വിലയിരുത്തി.

നിർമ്മിതബുദ്ധി (എഐ), ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ജിയോസ്പേഷ്യൽ ടൂളുകൾ എന്നിവയ്ക്ക് എങ്ങനെ പൊതുജനസേവന സംവിധാനങ്ങളെ ആധുനികവൽക്കരിക്കാമെന്നും, പുനരുപയോഗ ഊർജ്ജ സംയോജനം വേഗത്തിലാക്കാമെന്നും, ഐഎസ്എ അംഗരാജ്യങ്ങളിലുടനീളം ഊർജ്ജ പ്രതിരോധം ശക്തിപ്പെടുത്താമെന്നും കാണിച്ചുതരുന്ന പ്രായോഗികവും വിപുലീകരിക്കാൻ കഴിയുന്നതുമായ മാതൃകകൾ പവലിയനിൽ പ്രദർശിപ്പിച്ചു.
സൗരോർജ്ജ വിന്യാസവും ഡിജിറ്റൽ ഇൻ്റലിജൻസും തമ്മിലുള്ള സംയോജനത്തിന് വഴിയൊരുക്കുകയും, തത്സമയ ഒപ്റ്റിമൈസേഷനും മികച്ച ഗ്രിഡ് മാനേജ്‌മെൻ്റും സാധ്യമാക്കുകയും ചെയ്യുന്ന ഒരു വേദി എന്ന നിലയിൽ ഊർജ്ജ മേഖലയ്ക്കായുള്ള ആഗോള എഐ ദൗത്യത്തെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി അടയാളപ്പെടുത്തി.
ഊർജ്ജ പരിവർത്തനത്തിൽ നിന്ന് ഗ്രിഡ് പരിവർത്തനത്തിലേക്ക്
വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേവലം ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൽ നിന്ന് ദശലക്ഷക്കണക്കിന് വികേന്ദ്രീകൃത ആസ്തികളെ സ്ഥിരതയുള്ളതും വിശ്വസനീയവുമായ ഒരു ഗ്രിഡിലേക്ക് സംയോജിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന് ശക്തമായ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളും, ആധുനികവൽക്കരിച്ച വിതരണ ശൃംഖലകളും, തത്സമയ നിരീക്ഷണ സംവിധാനങ്ങളും ആവശ്യമാണ്.

ഊർജ്ജ പരിവർത്തനത്തിനോടൊപ്പം തന്നെ ഒരു ഗ്രിഡ് പരിവർത്തനവും ഉണ്ടാകണമെന്നും, ഡാറ്റാ അധിഷ്ഠിത പ്രവചനങ്ങളിലൂടെയും തത്സമയ ഒപ്റ്റിമൈസേഷനിലൂടെയും പ്രവർത്തിക്കുന്ന വഴക്കമുള്ളതും ഡിജിറ്റലുമായ ഇൻ്റലിജൻ്റ് ഗ്രിഡുകൾ നിർമ്മിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹി, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഡിജിറ്റൈസേഷൻ, സ്മാർട്ട് മീറ്ററിംഗ്, ഡിജിറ്റൽ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ പുരോഗതി കൈവരിക്കുകയും ഊർജ്ജ നഷ്ടം കുറയ്ക്കുകയും പുനരുപയോഗ ഊർജ്ജത്തിൻ്റെ കൂടുതൽ വിന്യാസം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ ഊർജ്ജ മേഖലയെ ആധുനികവൽക്കരിക്കാൻ ആഗ്രഹിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് ഈ അനുഭവങ്ങൾ വിലപ്പെട്ട പാഠങ്ങളാണ് നല്കുന്നത്.
ഇന്ത്യയുടെ സൗരോർജ്ജ യാത്ര: വിപുലമായ കാഴ്ചപ്പാട്
ഇന്ത്യയുടെ സൗരോർജ്ജ ശേഷി 2014-ൽ 3 ജിഗാവാട്ടിൽ താഴെയായിരുന്നതിൽ നിന്ന് ഇന്ന് 141 ജിഗാവാട്ടിലധികമായി ഉയർന്നു. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സൗരോർജ്ജ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റി. സൗരോർജ്ജം ഇന്ത്യയുടെ വികസന തന്ത്രത്തിൻ്റേയും ഊർജ്ജ സുരക്ഷാ ചട്ടക്കൂടിൻ്റേയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
സൗരോർജ്ജത്തിൻ്റെ ജനാധിപത്യവൽക്കരണമാണ് ഈ യാത്രയുടെ നിർണ്ണായകമായ ഒരു നേട്ടം. പിഎം-കുസും പദ്ധതിയിലൂടെ കർഷകർ ഊർജ്ജ ഉത്പാദകരായി മാറുകയാണ്. ലക്ഷക്കണക്കിന് സോളാർ പമ്പുകൾ ഡീസൽ ആശ്രിതത്വം കുറയ്ക്കുകയും പകൽസമയത്ത് വിശ്വസനീയമായ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഫീഡർ തലത്തിലുള്ള സോളാർവൽക്കരണം വിതരണ നഷ്ടം കുറയ്ക്കുന്നതിനോടൊപ്പം വൈദ്യുതിയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.
അതുപോലെ, ഒരു കോടി കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന, ഉപഭോക്താക്കളെ ഉത്പാദകർ കൂടിയാക്കി മാറ്റിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മേൽക്കൂര സൗരോർജ്ജ പദ്ധതിയായി മാറാൻ ഒരുങ്ങുകയാണ്. ഇത് രാജ്യത്തുടനീളമുള്ള വികേന്ദ്രീകൃത ഊർജ്ജ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതുമായ ഊർജ്ജ ഭാവിക്കായി എഐ
125 അംഗരാജ്യങ്ങളും ഒപ്പുവെച്ച രാജ്യങ്ങളുമുള്ള അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ഐഎസ്എ), പ്രായോഗികവും ആവർത്തിച്ച് നടപ്പിലാക്കാൻ കഴിയുന്നതുമായ പരിഹാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു ആഗോള വേദി നല്കുന്നു. ഊർജ്ജ മേഖലയ്ക്കായുള്ള ആഗോള എഐ ദൗത്യത്തിലൂടെ, സൗരോർജ്ജവും ഡിജിറ്റൽ ഇൻ്റലിജൻസും തമ്മിലുള്ള സംയോജനത്തിന് ഐഎസ്എ നേതൃത്വം നല്കുന്നു.
ലോഡ് പ്രവചനം, പ്രവചനാത്മക പരിപാലനം, ഗ്രിഡ് ഒപ്റ്റിമൈസേഷൻ, പുനരുപയോഗ ഊർജ്ജ സംയോജനം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമതയും ചെലവ് കുറയ്ക്കലും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനും നിർമ്മിതബുദ്ധിക്ക് സാധിക്കും.
ഇന്ത്യയുടെ സൗരോർജ്ജ വിജയം എന്നത് വെറും മെഗാവാട്ടുകളുടെ എണ്ണമല്ല, മറിച്ച് പൗരന്മാരെ ശാക്തീകരിക്കുന്നതും കർഷകരെ പിന്തുണയ്ക്കുന്നതും പൊതുജനസേവന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതും പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതുമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
പ്രദർശിപ്പിച്ച പ്രധാന നൂതനാശയങ്ങൾ താഴെ പറയുന്നവയാണ്:
ഡിജിറ്റൽ കൺസ്യൂമർ ഇൻ്റർഫേസ് – വൺ സോളാർ ആപ്പ് :
ബിഎസ്ഇഎസ് രാജധാനി പവർ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഏകീകൃത “വൺ സോളാർ ആപ്പ്" ഡിജിറ്റൽ രജിസ്ട്രേഷൻ, സുതാര്യമായ നെറ്റ്-മീറ്ററിംഗ് പ്രക്രിയകൾ, പ്രവർത്തനക്ഷമത നിരീക്ഷിക്കൽ, സംയോജിത സേവന വിതരണം എന്നിവയിലൂടെ മേൽക്കൂര സൗരോർജ്ജ സംവിധാനങ്ങൾ സ്വീകരിക്കുന്നത് ലളിതമാക്കുന്നു. വിതരണ സംവിധാനങ്ങളുടെ പ്രവർത്തന സുതാര്യത മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളുടെ സൗകര്യവും വർദ്ധിപ്പിക്കുന്നു.
ഡിസ്കോമുകൾക്കുള്ള ഡിജിറ്റൽ ട്വിൻ പരിഹാരങ്ങൾ:
തത്സമയ സിമുലേഷൻ, പുനരുപയോഗ ഊർജ്ജ സംയോജന മോഡലിംഗ്, പ്രവചനാത്മക പരിപാലനം, സാഹചര്യാധിഷ്ഠിത ആസൂത്രണം എന്നിവ സാധ്യമാക്കുന്നതിനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വൈദ്യുതി വിതരണ ശൃംഖലകളുടെ വെർച്വൽ പകർപ്പുകൾ വിന്യസിക്കുന്നു. ഈ പരിഹാരങ്ങൾ സാങ്കേതിക നഷ്ടങ്ങളും നിക്ഷേപ അപകടസാധ്യതകളും കുറയ്ക്കുന്നതിനോടൊപ്പം പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ജിഐഎസ് അടിസ്ഥാനമാക്കിയുള്ള വിതരണ ആധുനികവൽക്കരണം:
ആന്ധ്രാപ്രദേശ് ഈസ്റ്റൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഏറ്റെടുത്തത് ഉൾപ്പെടെയുള്ള ജിയോസ്പേഷ്യൽ മാപ്പിംഗ് സംരംഭങ്ങൾ, ഓരോ ആസ്തിയും വ്യക്തമായി നിരീക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും സഹായിക്കുന്നു. ജിഐഎസ് അധിഷ്ഠിത ആസൂത്രണം വൈദ്യുതി തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതും, മൂലധന വിഹിതം നിശ്ചയിക്കുന്നതും, കൂടുതൽ പുനരുപയോഗ ഊർജ്ജ വിന്യാസത്തിനായുള്ള സന്നദ്ധതയും ശക്തിപ്പെടുത്തുന്നു.
സൗരോർജ്ജം, സംഭരണം, സ്മാർട്ട് ഗ്രിഡുകൾ, എഐ എന്നിവയുടെ സംയോജനം ഭാവിയിലെ ആഗോള ഊർജ്ജ സംവിധാനത്തെ നിർണ്ണയിക്കും. ശുദ്ധവും മികച്ചതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ഊർജ്ജ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഐഎസ്എ അംഗരാജ്യങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്.
***
( റിലീസ് ഐ.ഡി: 2229689)
സന്ദര്‍ശക കൗണ്ടര്‍ : 11