പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ–യുകെ പുറംകടല്‍ പവനോര്‍ജ ദൗത്യസേന ഉദ്ഘാടനം ചെയ്തു

തന്ത്രപരമായ സംശുദ്ധ ഊർജ സഹകരണം ത്വരിതപ്പെടുത്തുന്ന 'വിശ്വസനീയ സേന'യെന്ന് വിശേഷിപ്പിച്ച് ശ്രീ പ്രള്‍ഹാദ് ജോഷി

പോസ്റ്റഡ് ഓണ്‍: 18 FEB 2026 2:07PM by PIB Thiruvananthpuram
ഇന്ത്യ-യുകെ പുറംകടല്‍ പവനോര്‍ജ ദൗത്യസേനയുടെ ഉദ്ഘാടന ചടങ്ങിനെ കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി ഇന്ന് അഭിസംബോധന ചെയ്തു. യുകെ ഉപപ്രധാനമന്ത്രി  ഡേവിഡ് ലാമി, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  

ദൗത്യസേനയെ "വിശ്വസനീയ  സേന"  എന്ന് വിശേഷിപ്പിച്ച ശ്രീ ജോഷി യഥാർത്ഥ പ്രവർത്തന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കും യുകെ-യ്ക്കും  ഒരുമിച്ച് പ്രവർത്തിക്കാനാവുമെന്ന  ആത്മവിശ്വാസമാണ് സേന പ്രതിഫലിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.  സമയബന്ധിത പ്രവർത്തനരീതികളും വിലയിരുത്താവുന്ന നാഴികക്കല്ലുകളും  പ്രകടമായ പുരോഗതിയും ഈ വേദിയിലൂടെ ഉറപ്പാക്കണമെന്നും ആഗോള പാഠങ്ങളെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുയോജ്യമായ പരിഹാരങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യ-യുകെ പുറംകടല്‍ പവനോര്‍ജ ദൗത്യസേന കേവലം പ്രതീകാത്മക സംവിധാനത്തെക്കാളുപരി ഒരു പ്രവർത്തന സംവിധാനമെന്ന് വിശേഷിപ്പിച്ച മന്ത്രി, ഇന്ത്യയുടെ പുറംകടല്‍ പവനോര്‍ജ ആവാസവ്യവസ്ഥയ്ക്ക് തന്ത്രപരമായ നേതൃത്വവും ഏകോപനവും നൽകുകയെന്ന ലക്ഷ്യത്തോടെ 'വിഷൻ 2035', നാലാം ഊർജസംവാദം എന്നിവയ്ക്ക് കീഴിലാണ് ഈ സംവിധാനം രൂപീകരിച്ചതെന്ന് പറഞ്ഞു. പുറംകടല്‍ പവനോര്‍ജ വ്യാപ്തി വർധിപ്പിക്കുന്നതിലും വിപുലമായ വിതരണ ശൃംഖലകൾ നിർമിക്കുന്നതിലും യുകെ ആഗോള നേതൃത്വം തെളിയിച്ചിട്ടുണ്ടെന്നും അതേസമയം ഇന്ത്യ വന്‍തോതില്‍ വ്യാപ്തിയും ദീർഘകാല ആവശ്യകതയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സംശുദ്ധോർജ ആവാസവ്യവസ്ഥയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

പരിഷ്കരിച്ച കടല്‍ത്തട്ട് പാട്ട വ്യവസ്ഥകളും വിശ്വസനീയ വരുമാന വാഗ്ദാന സംവിധാനങ്ങളും ഉൾപ്പെടെ ആവാസവ്യവസ്ഥാ ആസൂത്രണവും വിപണി രൂപകല്പനയും; തുറമുഖ നവീകരണം, പ്രാദേശിക ഉല്പാദനം, പ്രത്യേക കപ്പലുകൾ എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങളും വിതരണ ശൃംഖലകളും; സമ്മിശ്ര സാമ്പത്തിക  ഘടനകളിലൂടെയും ദീർഘകാല നിക്ഷേപ മൂലധന സമാഹരണത്തിലൂടെയും ധനസഹായവും അപകടസാധ്യത കുറയ്ക്കലും എന്നിങ്ങനെ സഹകരണത്തിന്റെ മൂന്ന് പ്രായോഗിക സ്തംഭങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ ഊർജ പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിശ്വാസ്യതയും ഗ്രിഡ് സ്ഥിരതയും വ്യാവസായിക ആഴവും ഊർജ സുരക്ഷയും ശക്തിപ്പെടുത്തണമെന്നും ഈ യാത്രയിൽ പുറംകടല്‍ പവനോര്‍ജത്തിന് തന്ത്രപരമായ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  ഗുജറാത്ത്, തമിഴ്‌നാട് തീരങ്ങളിൽ അനുയോജ്യമായ പുറംകടല്‍ പവനോര്‍ജ മേഖലകള്‍   തിരിച്ചറിഞ്ഞതായും പ്രാരംഭ പദ്ധതികൾക്ക് ദേശീയ പവനോര്‍ജ ഇൻസ്റ്റിറ്റ്യൂട്ട്  വഴി ഗ്രിഡ് ആസൂത്രണവും ആവശ്യമായ പഠനങ്ങളും സർവേകളും നടത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രാരംഭ പദ്ധതികള്‍  പിന്തുണയ്ക്കുന്നതിന്  ഏകദേശം  7,453 കോടി (ഏകദേശം 710 ദശലക്ഷം പൗണ്ട്) രൂപ വകയിരുത്തി  വയാബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് രീതി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള ഊർജ പരിവർത്തനത്തിലെ ഏറ്റവും സങ്കീർണമായ മേഖലകളിലൊന്നാണ് പുറംകടല്‍ പവനോര്‍ജമെന്ന്  ശ്രീ ജോഷി പറഞ്ഞു.  ഇതിന് പ്രത്യേക തുറമുഖ അടിസ്ഥാന സൗകര്യങ്ങളും സമുദ്ര ചരക്കുനീക്ക സംവിധാനങ്ങളും ശക്തമായ കടല്‍ത്തട്ട് പാട്ട വ്യവസ്ഥകളും  കൂടാതെ വ്യക്തമായ അപകടസാധ്യത വിഭജനം, ബാങ്കുകൾക്ക് സ്വീകാര്യമായ വാണിജ്യ ഘടനകൾ എന്നിവയും ആവശ്യമാണ്.

പുറംകടല്‍ പവനോര്‍ജവും ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ലക്ഷ്യങ്ങളും തമ്മിലെ പരസ്പര ബന്ധത്തെക്കുറിച്ച് ശ്രീ ജോഷി കൂടുതൽ വിശദീകരിച്ചു.  അന്താരാഷ്ട്ര 'ബ്രേക്ക്‌ത്രൂ അജണ്ട'യ്ക്ക് കീഴില്‍‍ ഹൈഡ്രജൻ ബ്രേക്ക്‌ത്രൂ ലക്ഷ്യത്തിന് ഇന്ത്യ നേതൃത്വം നൽകുകയാണെന്നും ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന്  കീഴിൽ ആഗോളതലത്തിൽ മത്സരാധിഷ്ഠിത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഹരിത ഹൈഡ്രജൻ വില കിലോയ്ക്ക്  279 രൂപയായും (ഏകദേശം £2.65)  ഹരിത അമോണിയയുടെ വില കിലോയ്ക്ക്  49.75 രൂപയായും (ഏകദേശം £0.47)   ചരിത്രത്തിലെ താഴ്ന്ന നിലയിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി.  

തീരദേശ വ്യവസായങ്ങൾക്കും ഹരിത ഹൈഡ്രജൻ ക്ലസ്റ്ററുകൾക്കും നിലവാരമേറിയ പുനരുപയോഗ ഊർജം  നൽകാൻ പുറംകടല്‍ പവനോർജത്തിന് കഴിയുമെന്നും ഇത് ഊർജ സുരക്ഷയും വ്യാവസായിക മത്സരക്ഷമതയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സംശുദ്ധോർജ പരിവർത്തനം നിർവഹണ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ നിർവചിക്കപ്പെട്ടതാണെന്ന് ശ്രീ ജോഷി പറഞ്ഞു. 141 ജിഗാവാട്ടിലധികം സൗരോര്‍ജ ശേഷിയും 55 ജിഗാവാട്ട് പവനോര്‍ജ ശേഷിയും ഉൾപ്പെടെ ഇന്ത്യയുടെ സ്ഥാപിത ഫോസിലിതര ഇന്ധന ശേഷി 272 ജിഗാവാട്ട് പിന്നിട്ടതായി അദ്ദേഹം അറിയിച്ചു. നടപ്പുസാമ്പത്തിക വർഷം മാത്രം 35 ജിഗാവാട്ടിലധികം സൗരോര്‍ജ ശേഷിയും 4.61 ജിഗാവാട്ട് പവനോര്‍ജ ശേഷിയും ഇന്ത്യ കൂട്ടിച്ചേർത്തു.

വ്യക്തമായ ലക്ഷ്യബോധത്തോടെയും പങ്കാളിത്ത പ്രതിബദ്ധതയോടെയും ഇന്ത്യയുടെ സംശുദ്ധവും വിശ്വസനീയവും സ്വയംപര്യാപ്തവുമായ ഊർജഭാവിയിലെ കരുത്തുറ്റ സ്തംഭമായി പുറംകടല്‍ പവനോർജം മാറുമെന്നും വിഷൻ 2035 ന് കീഴിലെ ഇന്ത്യ-യുകെ സഹകരണത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
 
*****

( റിലീസ് ഐ.ഡി: 2229683) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Kannada