ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
2026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഊർജ്ജവും പ്രവേശനക്ഷമതയും സംബന്ധിച്ച AI ഇംപാക്ട് കേസ്ബുക്കുകൾ പ്രകാശനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
17 FEB 2026 5:58PM by PIB Thiruvananthpuram
2026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഊർജ്ജവും പ്രവേശനക്ഷമതയും കേന്ദ്രീകരിച്ചുള്ള AI ഇംപാക്ട് കേസ്ബുക്കുകൾ പുറത്തിറക്കി . സുസ്ഥിര വികസനത്തിനും സമഗ്രവളർച്ചയ്ക്കുമായി നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആഗോള അനുഭവങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
ഗവണ്മെന്റ് മന്ത്രാലയങ്ങൾ, അന്താരാഷ്ട്ര ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഫൗണ്ടേഷനുകൾ എന്നിവയുടെ സഹകരണത്തിലൂടെയാണ് കേസ്ബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. രാജ്യങ്ങളിലുടനീളമുള്ള നയരൂപകർത്താക്കൾക്കും പ്രാക്ടീഷണർമാർക്കും ദീർഘകാല വിജ്ഞാന സ്രോതസ്സുകൾ എന്ന നിലയിൽ അവ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയു (IEA)ടെ പങ്കാളിത്തത്തോടെ ഊർജ്ജ സംഗ്രഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഊർജ്ജ പരിവർത്തനത്തിൽ AI യ്ക്കുള്ള ഇരട്ട പങ്കിനെ ഇത് എടുത്തുകാണിക്കുന്നു. ഒരു വശത്ത്, വർദ്ധിച്ചുവരുന്ന കമ്പ്യൂട്ട് ആവശ്യങ്ങൾ കാരണം എ ഐ, അധിക വൈദ്യുതി ആവശ്യകത വർധിപ്പിക്കുന്നു. മറുവശത്ത്, ഊർജ്ജ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഗ്രിഡ് കാര്യക്ഷമത വർധിപ്പിക്കൽ , പുനരുപയോഗ ഊർജ്ജ സംയോജനം, ഡാറ്റാ സെന്റർ കാര്യക്ഷമത, വർദ്ധിച്ചുവരുന്ന കമ്പ്യൂട്ട് ആവശ്യകതകളെ കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകളുമായി സന്തുലിതമാക്കുന്ന നൂതനപരിഹാരങ്ങൾ എന്നിവയിൽ ഈ സംഗ്രഹ രേഖകൾ, കേസ് പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .
സഹായ ഉപകരണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, അനുയോജ്യമായ പഠനം, നൂതന പ്രോസ്‌തെറ്റിക്‌സ്, മാനസികാരോഗ്യ പിന്തുണ എന്നിവയിൽ AI നയിക്കുന്ന ഇടപെടലുകൾ 'ആക്‌സസ്സബിലിറ്റി'കേസ് ബുക്കിൽ അവതരിപ്പിക്കുന്നു. സ്വകാര്യതാ സംരക്ഷണം, ധാർമ്മിക നിർവഹണം , സാംസ്കാരികമായി സന്ദർഭോചിതമായ നൂതനാശയം എന്നിവയുടെ പ്രാധാന്യവും ഇത് ഊന്നിപ്പറയുന്നു.
മുൻഗണനാ മേഖലകളിലുടനീളമായി AI ഉപയോഗ കേസുകൾ, മികച്ച രീതികൾ, ആഗോള പഠനങ്ങൾ എന്നിവ സമാഹരിക്കേണ്ടതിന്റെ ആവശ്യകത, ഉച്ചകോടിക്ക് മുമ്പുള്ള കൂടിയാലോചനകളിൽ പ്രധാനമായും ഉയർന്നുവന്നതായി എൻഐസി ഡയറക്ടർ ജനറലും MeitY അഡീഷണൽ സെക്രട്ടറിയും ഇന്ത്യ AI സിഇഒയുമായ ശ്രീ അഭിഷേക് സിംഗ് പറഞ്ഞു. സമാനമായ വികസന വെല്ലുവിളികളുള്ള രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഈ സംഗ്രഹം ഒരു വഴികാട്ടിയായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാന സംഗ്രഹം ഗവൺമെന്റുകളെയും നൂതനാശയ വിദഗ്ധരെയും വിജയകരമായ പരിഹാരങ്ങൾ പകർത്താനും, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടാനും, ഫലപ്രദമായ ഇടപെടലുകൾ നടത്താനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
AI സൃഷ്ടിക്കുന്ന അധിക ഊർജ്ജ ആവശ്യകതയിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, ഊർജ്ജ മേഖലയിൽ AI ഉണ്ടാക്കുന്ന ശുഭകരമായ സ്വാധീനം തിരിച്ചറിയുന്നതും അത്പോലെ പ്രധാനമാണെന്ന് IEAയിലെ ചീഫ് എനർജി ഇക്കണോമിസ്റ്റിന്റെ ഓഫീസായ വേൾഡ് എനർജി ഔട്ട്‌ലുക്കിൽ നിന്നുള്ള ശ്രീ സിദ്ധാർത്ഥ് സിംഗ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന വിധത്തിൽ AI യുടെ ഉൽപാദനപരമായ ഉപയോഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വൈദ്യുതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പിയൂഷ് സിംഗ് ; നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗി; അലിംകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പ്രവീൺ കുമാർ; ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം മിഷൻ ഡയറക്ടർ ഡോ. അഭയ് ബക്രെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
രാജ്യാന്തര തലത്തിലെ പഠനത്തെ പിന്തുണയ്ക്കുക , വിജയകരമായി തെളിയിക്കപ്പെട്ട മാതൃകകൾ പകർത്തുക , കാലാവസ്ഥാ പ്രവർത്തനവും സാമൂഹിക ഉൾപ്പെടുത്തലും സംബന്ധിച്ച മേഖലകളിൽ AI വിന്യസിക്കുന്നതിനുള്ള തെളിവുകളുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കേസ്ബുക്കുകൾ.
*****
( റിലീസ് ഐ.ഡി: 2229298)
സന്ദര്‍ശക കൗണ്ടര്‍ : 9