നിതി ആയോഗ്‌
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യയുടെ ലക്ഷ്യബോധമുള്ള എഐ ആവാസവ്യവസ്ഥയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, 2026-ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ അടൽ ഇന്നൊവേഷൻ മിഷൻ, ‘എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ’ പുറത്തിറക്കി.

പോസ്റ്റഡ് ഓണ്‍: 17 FEB 2026 3:39PM by PIB Thiruvananthpuram

ഉത്തരവാദിത്തമുള്ളതും ഉൾക്കൊള്ളുന്നതുമായ നിർമ്മിതബുദ്ധിയിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നു വരുന്നത് വീണ്ടും ഉറപ്പിച്ചുകൊണ്ട്  നീതി ആയോഗിന് കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ, ‘എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകം ഇന്ന് പുറത്തിറക്കി. യഥാർത്ഥ ലോകത്തെ വെല്ലുവിളികൾക്കുള്ള  പരിഹാരങ്ങൾ രൂപപ്പെടുത്തുന്ന 45 മുൻനിര എഐ സ്റ്റാർട്ടപ്പുകളുടെ യാത്രകൾ വിവരിക്കുന്ന ഒരു മുൻനിര കോഫി ടേബിൾ പുസ്തകമാണിത്.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ വേദിയിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. അടൽ ഇന്നൊവേഷൻ മിഷൻ്റെ  ‘ഇന്നൊവേഷൻസ് ഫോർ യു’ കോഫി ടേബിൾ പരമ്പരയുടെ ഏഴാം പതിപ്പായ ഈ പുസ്തകം, ഇന്ത്യയുടെ ഡീപ്പ്-ടെക്, എഐ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അടൽ ഇന്നൊവേഷൻ മിഷൻ്റെ നേതൃത്വം വീണ്ടും ഉറപ്പിക്കുന്നു.

ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സുസ്ഥിരത, മൊബിലിറ്റി, സ്പോർട്സ് അനലിറ്റിക്സ്, ഡീപ്പ് ടെക്, സാമൂഹിക സ്വാധീനം എന്നിവയുൾപ്പെടെ മുപ്പതിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ പരിചയപ്പെടുത്തുന്നു. രാജ്യവ്യാപകമായി വ്യാപിച്ചുകിടക്കുന്ന അടൽ ഇൻകുബേഷൻ സെൻ്ററുകളുടെ (എഐസി) ശൃംഖലയിൽ നിന്നുള്ള ഈ പുസ്തകം, പരമ്പരാഗത സാങ്കേതിക കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഇന്ത്യയുടെ എഐ നവീകരണ മേഖലയുടെ ഭൗമശാസ്ത്രപരവും പ്രമേയപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.

പുസ്തക പ്രകാശന വേളയിൽ സംസാരിച്ച നീതി ആയോഗിലെ അടൽ ഇന്നൊവേഷൻ മിഷൻ ഡയറക്ടർ ശ്രീ ദീപക് ബാഗ്ല പറഞ്ഞു:

"എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച, ധാർമ്മിക വിന്യാസം, സാമൂഹിക നന്മയ്ക്കായുള്ള എഐ  എന്നിവയിൽ വേരൂന്നിയ നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നിരന്തരം വ്യക്തമാക്കുന്നത്. ആ കാഴ്ചപ്പാട് പ്രായോഗികമാകുന്നതിൻ്റെ പ്രതിഫലനമാണ് എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ എന്ന പുസ്തകം. ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭകർ കേവലം അത്യാധുനിക സാങ്കേതികവിദ്യകൾ നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായതും ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതുമായ എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ്. ലക്ഷ്യബോധമുള്ള നവീകരണത്തിലൂടെ ആഗോള എഐ ചർച്ചകളെ നയിക്കുന്നതിനുള്ള ഇന്ത്യയുടെ പാത ഈ പുസ്തകം കാണിച്ചുതരുന്നു. ഈ മഹത്തായ അവസരത്തിൽ ഈ പുസ്തകത്തിലൂടെ നവീകരണത്തിൻ്റെ തിരശ്ശീലയ്ക്ക് പിന്നിലെ ഈ നായകന്മാരെ അടൽ ഇന്നൊവേഷൻ മിഷൻ ആഘോഷിക്കുകയാണ്."

സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് മാത്രമല്ല, മറിച്ച് ഡീപ്പ്-ടെക് മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ പ്രചോദനങ്ങൾ, വെല്ലുവിളികൾ, അവരുടെ സ്ഥിരോത്സാഹം എന്നിവയും ഒപ്പിയെടുക്കുന്ന സംരംഭകർക്ക്‌  മുൻഗണന നല്കുന്ന കഥപറച്ചിൽ രീതിയാണ് ഈ പതിപ്പിനെ സവിശേഷമാക്കുന്നത്. എഐ നവീകരണങ്ങൾക്ക് പിന്നിലെ മനുഷ്യകഥകൾക്ക് മുൻഗണന നല്കുന്നതിലൂടെ, ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളിൽ നിന്ന് ലക്ഷ്യബോധമുള്ള സംരംഭകത്വത്തിലേക്കുള്ള മാറ്റത്തെ ഈ പുസ്തകം അടിവരയിടുന്നു.

 

****


( റിലീസ് ഐ.ഡി: 2229176) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu