വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

'ഇന്ത്യ എഐ ഇംപാക്ട് എക്‌സ്‌പോ 2026'ലെ 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍' 51 സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിതബുദ്ധി നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 16 FEB 2026 4:21PM by PIB Thiruvananthpuram

ഇന്ത്യയിലെ വളര്‍ന്നുവരുന്ന മാധ്യമ വിനോദ നൂതനാശയ ആവാസവ്യവസ്ഥയ്ക്കു കരുത്തേകി, AVGC-XR (ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്, ഗെയിമിങ്, കോമിക്‌സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി), മീഡിയ ടെക് മേഖലകളിലെ പ്രതീക്ഷയുണര്‍ത്തുന്ന 51 സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറിലാണ്' പ്രദര്‍ശനം. 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് എക്‌സ്‌പോ 2026'ന്റെ ഭാഗമായാണു പ്രദര്‍ശനം സംഘടിപ്പിച്ചത്.

 



 

ഇന്ത്യയുടെ നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റുന്ന 'വേവ് എക്‌സി'ന്റെ പിന്തുണയോടെയാണ് ഈ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം സാധ്യമായത്. വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, ആഗോളതലത്തിലെ പങ്കാളികള്‍ എന്നിവര്‍ക്കു മുന്നില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത പ്രതിവിധികള്‍, ആഴത്തിലുള്ള കഥപറച്ചില്‍ രീതികള്‍, ഗെയിമിങ് നൂതനാശയങ്ങള്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സങ്കേതങ്ങള്‍, അടുത്ത തലമുറയിലെ ഉള്ളടക്ക സാങ്കേതികവിദ്യകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സജീവമായ വേദിയായി 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍' പ്രവര്‍ത്തിക്കും.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന AVGC-XR മേഖലയുടെ വൈവിധ്യമാര്‍ന്ന പ്രതിഫലനമാണ് തെരഞ്ഞെടുക്കപ്പെട്ട ഈ സ്റ്റാര്‍ട്ടപ്പുകള്‍. നിര്‍മിതബുദ്ധി അധിഷ്ഠിത ആനിമേഷന്‍ പൈപ്പ്‌ലൈനുകളും തത്സമയ റെന്‍ഡറിങ് എന്‍ജിനുകളും മുതല്‍ ഇമ്മേഴ്‌സീവ് XR അനുഭവങ്ങളും ഗെയിമിഫൈഡ് പഠന പ്ലാറ്റ്‌ഫോമുകളും വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഉള്ളടക്ക സൃഷ്ടി, വിതരണം, പ്രേക്ഷകപങ്കാളിത്തം എന്നിവയെ പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍മിതബുദ്ധി വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

 



 

'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'ല്‍, മാധ്യമരംഗത്തെ നൂതനാശയങ്ങളെയും സന്ദര്‍ശകരുടെ സജീവ പങ്കാളിത്തത്തെയും കോര്‍ത്തിണക്കുന്ന 'ഇന്ത്യ എഐക്കായുള്ള ആശയങ്ങള്‍' (Ideas for India AI) എന്ന ഭാവികാല സാങ്കേതികവിദ്യകളുടെ നിര 'വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍' അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികവിദ്യ ഉപജ്ഞാതാക്കളും 'സീറോടച്ച് ഓട്ടോണമസ് ന്യൂസ്‌റൂം' പ്രദര്‍ശിപ്പിക്കും. തത്സമയ പരിപാടികളില്‍ നിന്നുള്ള വിവരങ്ങള്‍ മാനുഷിക ഇടപെടലില്ലാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ 'ബ്രേക്കിങ് ന്യൂസ്' ബുള്ളറ്റിനുകളായി മാറ്റുന്ന വിപ്ലവകരമായ സംവിധാനമാണിത്. കൂടാതെ, എട്ട് ഇന്ത്യന്‍ ഭാഷകളില്‍ തത്സമയ ലിപ് സിങ്ക്ഡ് മൊഴിമാറ്റവും നിര്‍മിതബുദ്ധി ആംഗ്യഭാഷാ അവതാറും പ്രദര്‍ശിപ്പിക്കുന്ന 'ഭാഷാമതില്‍' എന്ന കൂറ്റന്‍ വീഡിയോ ഗ്രിഡും ഈ കോര്‍ണറിലെ പ്രധാന ആകര്‍ഷണമാണ്.

സംവേദനാത്മക അനുഭവങ്ങള്‍ക്കായി സന്ദര്‍ശകര്‍ക്ക് 'സംവാദ് സേതു'വില്‍ ചരിത്രപുരുഷന്മാരുമായി സംവദിക്കാം. 'ദ ഡയറക്ടേഴ്‌സ് ചെയറി'ലിരുന്ന്, ശബ്ദനിയന്ത്രണത്തിലൂടെ സിനിമാരംഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനോ അല്ലെങ്കില്‍ 'സ്വരസംഗം' ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സംപ്രേഷണ നിലവാരമുള്ള ഗാനങ്ങള്‍ സൃഷ്ടിക്കാം. കൂടാതെ, തത്സമയ ബഹുഭാഷാ അഭിമുഖങ്ങള്‍ക്കായി നിര്‍മിതബുദ്ധി അധിഷ്ഠിത പോഡ്കാസ്റ്റ് സ്റ്റുഡിയോ, സംഭാഷണശേഷിയുള്ള നിര്‍മിതബുദ്ധി ഹ്യൂമനോയിഡ് റോബോട്ട്, സന്ദര്‍ശകര്‍ക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ തടസ്സമില്ലാതെ സംസാരിക്കുന്നത് കേള്‍ക്കാന്‍ സഹായിക്കുന്ന വോയ്‌സ് ക്ലോണിങ് സ്‌റ്റേഷന്‍ എന്നിവയും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

 



 

കൂടാതെ, ഭാഷാസേതു, കലാസേതു ചലഞ്ചുകളില്‍ വിജയികളായ സ്റ്റാര്‍ട്ടപ്പുകളും എക്‌സ്‌പോയില്‍ പങ്കെടുത്ത്, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഭാഷാ സാങ്കേതികവിദ്യകളിലും സാംസ്‌കാരിക സാങ്കേതിക ആപ്ലിക്കേഷനുകളിലും നൂതനമായ പ്രതിവിധികള്‍ കണ്ടെത്തിയതിന് അംഗീകാരം ലഭിച്ച ഈ സ്റ്റാര്‍ട്ടപ്പുകള്‍, ഭാഷാപരമായ ലഭ്യത വര്‍ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വൈവിധ്യമാര്‍ന്ന പ്രേക്ഷകരില്‍ ഇന്ത്യന്‍ സര്‍ഗാത്മക ഉള്ളടക്കത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍മിതബുദ്ധി അധിഷ്ഠിത സങ്കേതങ്ങള്‍ പ്രദര്‍ശിപ്പിക്കും.

***


( റിലീസ് ഐ.ഡി: 2228915) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu , Kannada