ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

അഭൂതപൂര്‍വമായ ആഗോള പങ്കാളിത്തത്തോടെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026ന് ഭാരത് മണ്ഡപത്തില്‍ തുടക്കമായി.

പോസ്റ്റഡ് ഓണ്‍: 16 FEB 2026 6:00PM by PIB Thiruvananthpuram
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026ന് ഇന്ന് ഭാരത് മണ്ഡപത്തില്‍ തുടക്കമായി.  ഇതാദ്യമായാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഇത്രയും വലിയ തോതിലുള്ള ഒരു ആഗോള സംഗമം ഗ്ലോബല്‍ സൗത്തില്‍ സംഘടിപ്പിക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കൈവരിക്കുന്നതിനും, പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും എഐ  വഹിക്കുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രത്തലവന്മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, മന്ത്രിമാര്‍, ആഗോള സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖര്‍, പ്രശസ്തരായ ഗവേഷകര്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യവസായ മേഖലയിലെ പങ്കാളികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ ഒത്തുചേരും.
 


 
ഫെബ്രുവരി 19ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഗോള സഹകരണത്തിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ എഐ സംബന്ധിച്ച ഇന്ത്യയുടെ ദര്‍ശനത്തിന് അദ്ദേഹം ദിശാബോധം നല്കും. 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ ഉച്ചകോടിയില്‍ നൂറിലധികം സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ ഇരുപതിലധികം രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും, 60 മന്ത്രിമാരും ഉപമന്ത്രിമാരും ഉള്‍പ്പെടുന്നു. കൂടാതെ സിഇഒമാര്‍, സ്ഥാപകര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, സിടിഒമാര്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവരടങ്ങുന്ന 500ലധികം ആഗോള എഐ നേതാക്കളും ഉച്ചകോടിയുടെ ഭാഗമാകും.

ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമായ മൂന്ന് സുപ്രധാന 'ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചുകളുടെ  എഐ ഫോര്‍ ഓള്‍, എഐ ബൈ ഹെര്‍, യുവ എഐ, എന്നിവയുടെ ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനവും ഗ്രാന്‍ഡ് ഫിനാലെ പ്രദര്‍ശനവും ഈ ചടങ്ങില്‍ നടക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതും വികസനോന്മുഖവുമായ നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ ചലഞ്ചുകള്‍, ദേശീയ മുന്‍ഗണനകള്‍ക്കും ആഗോള വികസന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായതും വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമായ എഐ പരിഹാരങ്ങള്‍ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. 60ലധികം രാജ്യങ്ങളില്‍ നിന്നായി 4,650ലധികം അപേക്ഷകളാണ് ഈ ചലഞ്ചുകളിലേക്ക് ലഭിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ശക്തമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല, ഉത്തരവാദിത്തമുള്ളതും വിപുലീകരിക്കാന്‍ കഴിയുന്നതുമായ എഐ നവീകരണത്തിനുള്ള വിശ്വസനീയമായ ആഗോള കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ അടിവരയിടുകയും ചെയ്യുന്നു.

ഡൊമെയ്ന്‍ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  വിവിധ ഘട്ടങ്ങളിലെ കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് ശേഷം, മൂന്ന് വിഭാഗങ്ങളിലായി മികച്ച 70 ടീമുകളെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തു. ഫെബ്രുവരി 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലും സുഷമ സ്വരാജ് ഭവനിലും നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലും അവാര്‍ഡ് ദാന ചടങ്ങിലും അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. ഫൈനലിസ്റ്റുകള്‍ക്ക് നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുമായി സംവദിക്കാനും തങ്ങളുടെ നൂതനാശയങ്ങള്‍ ദേശീയ,ആഗോള തലങ്ങളില്‍ വികസിപ്പിക്കുന്നതിനാവശ്യമായ അംഗീകാരവും പിന്തുണയും നേടിയെടുക്കാനും ഇതിലൂടെ സാധിക്കും.

ഫെബ്രുവരി 18ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (IIT) ഹൈദരാബാദുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നിര്‍മിതബുദ്ധിയും അതിന്റെ സ്വാധീനവും എന്ന വിഷയത്തിലുള്ള ഗവേഷണ സിമ്പോസിയം ഉച്ചകോടിയുടെ പ്രധാന അക്കാദമിക് വേദിയായി വര്‍ത്തിക്കും. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 250 ഗവേഷണ പ്രബന്ധങ്ങളാണ് സിമ്പോസിയത്തിന് ലഭിച്ചത്. എസ്‌റ്റോണിയന്‍ പ്രസിഡന്റ്  അലാര്‍ കരിസ്, കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ശ്രീ. ജിതിന്‍ പ്രസാദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. നിര്‍മിതബുദ്ധി അധിഷ്ഠിത ശാസ്ത്രീയ കണ്ടെത്തലുകള്‍, സുരക്ഷാഭരണ ചട്ടക്കൂടുകള്‍, കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചറിലേക്കുള്ള തുല്യമായ പ്രവേശനം, ഗ്ലോബല്‍ സൗത്തിലുടനീളമുള്ള ഗവേഷണ സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകപ്രശസ്തരായ AI വിദഗ്ധരേയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളേയും ഈ വേദി ഒരുമിച്ച് കൊണ്ടുവരുന്നു.

ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയെക്കുറിച്ച്

ആഗോള AI അജണ്ട രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വേദി എന്ന നിലയിലെ ഇന്ത്യയുടെ നിര്‍ണ്ണായക പങ്ക് ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026 ശക്തിപ്പെടുത്തുന്നു. ഏഴ് ചക്രങ്ങളിലും 'ജനത, ഭൂമി, പുരോഗതി' എന്നീ മൂന്ന് സൂത്രങ്ങളിലും അധിഷ്ഠിതമായ ഈ ഉച്ചകോടി, വികസനത്തെ അടിസ്ഥാനമാക്കിയുള്ള  ഒരു നിര്‍മിത ബുദ്ധി ചട്ടക്കൂടിന് രൂപം നല്കുന്നു.

ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളില്‍ അധിഷ്ഠിതമായ ഈ ഉച്ചകോടി ഏഴ് പ്രമേയാധിഷ്ഠിത വര്‍ക്കിംഗ് ഗ്രൂപ്പുകളിലൂടെയാണ് നയിക്കപ്പെടുന്നത്: സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള നിര്‍മിത ബുദ്ധി, നിര്‍മിത ബുദ്ധി വിഭവങ്ങളുടെ ജനാധിപത്യവല്‍ക്കരണം, സാമൂഹിക ശാക്തീകരണത്തിനായുള്ള ഉള്‍പ്പെടുത്തല്‍, സുരക്ഷിതവും വിശ്വസനീയവുമായ നിര്‍മിത ബുദ്ധി, മനുഷ്യവിഭവശേഷി, ശാസ്ത്രം, പ്രതിരോധശേഷിനവീനത, കാര്യക്ഷമത എന്നിവയാണവ. നയരൂപീകരണ ചര്‍ച്ചകളെ പ്രായോഗിക നടപ്പിലാക്കല്‍ രീതികളുമായി ബന്ധിപ്പിക്കുന്ന ഫലപ്രാപ്തിയിലൂന്നിയ ശുപാര്‍ശകള്‍ ഈ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സമര്‍പ്പിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കായി നിര്‍മിത ബുദ്ധിയെ വികസിപ്പിക്കുക, അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുക, ഗ്ലോബല്‍ സൗത്തിനായി ഉത്തരവാദിത്തമുള്ള നവീകരണ ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കുക എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളോടെ ഉച്ചകോടി സമാപിക്കും.

നയങ്ങളെ നടപ്പിലാക്കലുമായി ബന്ധിപ്പിക്കുന്നതിലൂടെയും നവീകരണത്തെ പൊതുജനക്ഷേമത്തിനായി ഉപയോഗിക്കുന്നതിലൂടെയും ഉത്തരവാദിത്തമുള്ള നിര്‍മിത ബുദ്ധി വിന്യാസത്തിനായി ഉച്ചകോടി ഒരു ഘടനാപരമായ സമീപനം സ്ഥാപിക്കുന്നു. ഇത് സാങ്കേതിക പുരോഗതിയെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുമായും സുസ്ഥിര വികസനവുമായും ഏകോപിപ്പിക്കുന്നു.

ആഗോള നിര്‍മിത ബുദ്ധി സഹകരണത്തില്‍ ഇന്ത്യയെ ഒരു സംഘാടകനായും പങ്കാളിയായും ഈ ഉച്ചകോടി പ്രതിഷ്ഠിക്കുന്നു. പങ്കിട്ട മാനദണ്ഡങ്ങള്‍, സഹകരണ ചട്ടക്കൂടുകള്‍, പൊതുനന്മയ്ക്കായി വിപുലീകരിക്കാന്‍ കഴിയുന്ന പരിഹാരങ്ങള്‍ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ ഇത് അടയാളപ്പെടുത്തുന്നു. ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും വികസന കേന്ദ്രീകൃതവുമായ നിര്‍മിത ബുദ്ധി പാതകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2228869) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Odia