വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2026 ലെ ബെർലിൻ ഇ.എഫ്.എമ്മിൽ ഡൽഹി സർക്കാർ, ചലച്ചിത്ര സൗകര്യ ചട്ടക്കൂടിനെയും വിനോദസഞ്ചാര ആവാസ വ്യവസ്ഥയെയും ഉയർത്തിക്കാട്ടി
പോസ്റ്റഡ് ഓണ്‍:
15 FEB 2026 5:07PM by PIB Thiruvananthpuram
ഇന്ത്യയുടെ ആഗോള ചലച്ചിത്ര പ്രചാരണ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻ.എഫ്.ഡി.സി), ബെർലിനിലെ യൂറോപ്യൻ ചലച്ചിത്ര വിപണി (ഇ.എഫ്,എം)യിൽ ഡൽഹി ഗവൺമെൻ്റിൻ്റെ പങ്കാളിത്തത്തിനും അവതരണത്തിനും സൗകര്യമൊരുക്കി. ഇന്ത്യയുടെ സർഗ്ഗാത്മകവും ചലച്ചിത്രപരമായ(സിനിമാറ്റിക്) ആവാസവ്യവസ്ഥയും അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായമേഖലയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മുഖ്യ വേദിയായി പ്രവർത്തിക്കുന്ന വേവ്‌സ് ബസാറിന്റെ കീഴിൽ സംഘടിപ്പിച്ച ഭാരത് പർവിലാണ് അവതരണം നടന്നത്.
ഡൽഹി വിനോദസഞ്ചാര, കലാ-സാംസ്‌കാരിക മന്ത്രി ശ്രീ. കപിൽ മിശ്ര, ഡൽഹി വിനോദസഞ്ചാരവകുപ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. സുനീൽ അഞ്ചിപക ഐ.എ.എസ്, മന്ത്രിയുടെ സെക്രട്ടറി ശ്രീ വിനയ് കുമാർ ജിൻഡാൽ ഡി.എ.എൻ.ഐ.സി.എസ്, ചലച്ചിത്ര ചിത്രീകരണ പ്രോത്സാഹന സെൽ മാനേജർ ശ്രീമതി. മനിക്ഷ ബക്ഷി എന്നിവരടങ്ങിയതായിരുന്നു ഡൽഹി പ്രതിനിധി സംഘം.
അന്താരാഷ്ട്ര നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ, ചലച്ചിത്രമേള സംഘാടകർ (പ്രോഗ്രാമർമാർ), വിപണി പങ്കാളികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിച്ചു. പൈതൃകം, സാംസ്‌കാരിക ഊർജ്ജസ്വലത, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഒരു ചലച്ചിത്ര സൗഹൃദ ആഗോള നഗരമായി മാറുക എന്ന ഡൽഹിയുടെ ദർശനം ചടങ്ങിൽ സംസാരിച്ച ബഹുമാനപ്പെട്ട മന്ത്രി എടുത്തുപറഞ്ഞു. വൻതോതിലുള്ള ആഭ്യന്തര, അന്തർദേശീയ ചലച്ചിത്ര നിർമാണങ്ങളെ ആകർഷിക്കുന്നതിന്, സജീവമായ നയപിന്തുണയും സ്ഥാപനപരമായ ഏകോപനവും പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഡൽഹിയിലെ ചലച്ചിത്ര സൗകര്യ ചട്ടക്കൂട്, വിനോദസഞ്ചാരത്തിൻ്റെ ശക്തികൾ, ബിസിനസ് സുഗമമാക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവ ഭാരത് പർവിൽ പ്രദർശിപ്പിച്ചു. എൻ.എഫ്.ഡി.സിയും കേന്ദ്ര ഡൽഹി വിനോദസഞ്ചാര, ഗതാഗത വികസന കോർപ്പറേഷനും (ഡി.ടി.ടി.ഡി.സി) തമ്മിലുള്ള ഏകോപനത്തിലൂടെ അനുമതി പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും, ഏകജാലക അനുമതികൾ ശക്തിപ്പെടുത്തുന്നതിനും, സമയബന്ധിതമായി അംഗീകാരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളെ അവതരണം എടുത്തുകാണിച്ചു.
ഡൽഹിയുടെ ശക്തമായ വിനോദസഞ്ചാര ആവാസവ്യവസ്ഥ ചലച്ചിത്ര വിനോദസഞ്ചാരത്തിൻ്റെ ഒരു പ്രധാന ഘടകമായി മാറി. 2024-ൽ രാജ്യതലസ്ഥാനത്ത് 46.25 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ സന്ദർശനമാണ് രേഖപ്പെടുത്തിയത്. കേന്ദ്രഭരണ പ്രദേശത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി)ത്തിൽ വിനോദസഞ്ചാരം അഞ്ച് ശതമാനത്തോളം സംഭാവനയേകുകയും ചെയ്തു. പൈതൃക സ്മാരകങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, വിപണികൾ, പൂന്തോട്ടങ്ങൾ, കൺവൻഷൻ സെൻ്ററുകൾ, അതിഥി സൽക്കാര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന ഡൽഹിയുടെ വൈവിധ്യമാർന്ന ചിത്രീകരണ സ്ഥലങ്ങൾ പ്രതിനിധി സംഘം എടുത്തുകാട്ടി.

ആഗോള ചലിച്ചിത്രപര വിനിമയത്തിനുള്ള ഒരു പ്രധാന വേദി എന്ന നിലയിൽ ഡൽഹിയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പങ്ക് എടുത്തു പറയപ്പെട്ടു. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കൾ, വ്യവസായ പ്രൊഫഷണലുകൾ, പ്രേക്ഷകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന, സാംസ്‌കാരിക സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര പ്രദർശനത്തിനും, ശ്യംഖലാവത്കരണ (നെറ്റ് വർക്കിങ്ങ്)ത്തിനും അവസരങ്ങളേകുകയും ചെയ്യുന്ന ഒരു വളർന്നുവരുന്ന അന്താരാഷ്ട്ര പരിപാടിയായാണ് ഈ മേള അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയെ ഒരു ചിത്രീകരണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസി എന്ന നിലയിൽ എൻ.എഫ്.ഡി.സി, ബെർലിൻ ഇ.എഫ്.എമ്മിൽ ഡൽഹിയുടെ പങ്കാളിത്തം ക്രമീകരിക്കുകയും സാധ്യമാക്കുകയും ചെയ്തു. ഇന്ത്യയുടെ ആഗോള പ്രചാരണവുമായി പ്രാദേശിക ചലച്ചിത്ര ആവാസവ്യവസ്ഥയെ സംയോജിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും അടുത്ത് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത എൻ.എഫ്.ഡി.സി ആവർത്തിച്ചു.
ഡൽഹിയുടെ അന്താരാഷ്ട്ര സാന്നിധ്യം വികസിപ്പിക്കുന്നതിലും, ചലച്ചിത്ര വിനോദസഞ്ചാരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും, ആഗോള സഹകരണങ്ങൾക്കായുള്ള മത്സരാധിഷ്ഠിതവും ചലച്ചിത്ര സൗഹൃദപരവുമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും ബെർലിൻ ഇ.എഫ്.എമ്മിലെ ഇടപെടൽ ഒരു സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തി.
***
( റിലീസ് ഐ.ഡി: 2228485)
സന്ദര്‍ശക കൗണ്ടര്‍ : 7