വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ ശിശു വികസന മന്ത്രാലയം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള (ഷീ-ബോക്സ്) ദേശീയ സമ്മേളനം സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 14 FEB 2026 5:04PM by PIB Thiruvananthpuram

വനിതാ ശിശു വികസന മന്ത്രാലയം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള (ഷീ-ബോക്സ്) ഒരു ദേശീയ സമ്മേളനം ഇന്ന് (2026 ഫെബ്രുവരി 14) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ചു.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി, വനിതാ ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, പാർലമെൻ്റ് അംഗങ്ങളായ ശ്രീ സുധാൻഷു ത്രിവേദി, ശ്രീമതി രേഖാ ശർമ്മ, ശ്രീമതി ലവ്‌ലി ആനന്ദ്, ശ്രീമതി ശോഭനാബെൻ മഹേന്ദ്രസിംഗ് ബരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്.

 

6933fac2f248893999ffc5343a287f02.jpg

 

കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ; ഇൻ്റേണൽ കമ്മിറ്റികളുടേയും (ICs) ലോക്കൽ കമ്മിറ്റികളുടേയും (LCs) ചെയർപേഴ്‌സൺമാരും അംഗങ്ങളും; നോഡൽ ഓഫീസർമാർ; അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ; വ്യവസായ പ്രമുഖർ; സിവിൽ സൊസൈറ്റി പ്രതിനിധികൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക്കിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഷീ-ബോക്സ് വഴി കൈവരിച്ച സ്ഥാപനപരമായ പുരോഗതിയുടെ തോത് അദ്ദേഹം എടുത്തുപറഞ്ഞു. ഒന്നര ലക്ഷത്തിലധികം തൊഴിലിടങ്ങൾ ഇതിനോടകം ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും ലോക്കൽ കമ്മിറ്റികൾ സജീവമായതോടെ രാജ്യവ്യാപകമായി ഒരു സുരക്ഷാ സംവിധാനം സ്ഥാപിതമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 42 ശതമാനമാണെന്നും 80 ശതമാനത്തിലധികം സ്ത്രീകൾ അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ സമഗ്രമായ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സുസ്ഥിരമായ ശ്രമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തുടർന്ന്, "സ്ത്രീ സമത്വത്തിലൂടെയും സാമ്പത്തിക പങ്കാളിത്തത്തിലൂടെയും വികസിത ഭാരതത്തിനുള്ള ചാലകശക്തിയായി സുരക്ഷിതമായ തൊഴിലിടങ്ങൾ” എന്ന പ്രമേയത്തിലുള്ള ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനവും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു.

 

f2ebc00504c3a3e1a11876410a4064a1.jpg

 

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഷീ-ബോക്സ് ലോഗോ, പോഷ് വോളണ്ടറി കംപ്ലയൻസ് ചെക്ക്‌ലിസ്റ്റ്, മിഷൻ ശക്തി ആപ്പുമായി ഷീ-ബോക്സിൻ്റെ സംയോജനം, ഷീ-ബോക്സ് പോർട്ടലിലെ കർമ്മയോഗി ഭാരത് പോഷ് ട്രെയിനിംഗ് ലിങ്ക് എന്നിവ പ്രകാശനം ചെയ്തു. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിച്ചുകൊണ്ട് അവർ ദേശീയ തൊഴിലിട സുരക്ഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

 

c9ebdabc8ba4116ab20f876082df0fc2.jpg

 

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നത് കേവലമൊരു നിയമപരമായ ആവശ്യം മാത്രമല്ല, മറിച്ച് നീതിയോടും സമത്വത്തോടുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് ശ്രീമതി അന്നപൂർണാ ദേവി തൻ്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഷീ-ബോക്സ് പോർട്ടലിൽ 1.48 ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 60,000-ത്തിലധികം ഇൻ്റേണൽ കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 23 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തത്തിലേക്കും സ്ത്രീകൾ നയിക്കുന്ന വികസനത്തിലേയ്ക്കുമുള്ള നിർണ്ണായകമായ മാറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും അവർ പറഞ്ഞു. 5 ലക്ഷം കോടി രൂപയിലധികം വരുന്ന ചരിത്രപരമായ ജെൻഡർ ബജറ്റ് വിഹിതത്തെ പരാമർശിച്ചുകൊണ്ട്, വികസിത ഭാരതം @2047 എന്ന ദർശനത്തിൻ്റെ കേന്ദ്രബിന്ദുവായി സ്ത്രീകളുടെ അന്തസ്സ്, സുരക്ഷ, സാമ്പത്തിക ശാക്തീകരണം എന്നിവ തുടരുന്നുവെന്നും, ഓരോ സ്ത്രീക്കും ഭയമില്ലാതെ ജോലി ചെയ്യാനും നയിക്കാനും കഴിയുന്ന ഒന്നായിരിക്കും യഥാർത്ഥ വികസിത ഇന്ത്യയെന്നും അവർ ആവർത്തിച്ചു.

ഈ ദർശനത്തെ മുൻനിർത്തി സംസാരിച്ച കേന്ദ്ര സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, തൊഴിലിട സുരക്ഷ ഒരു മൗലികാവകാശമാണെന്ന് തൻ്റെ പ്രത്യേക പ്രഭാഷണത്തിൽ അടിവരയിട്ടു പറഞ്ഞു. സമ്പദ്‌ വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തിയ ശാക്തീകരണത്തിൻ്റെ വിപുലമായ ആവാസവ്യവസ്ഥയെക്കുറിച്ച് അവർ വിശദീകരിച്ചു. 2023-24 ൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏകദേശം 41.7 ശതമാനമായി ഉയർന്നത് മുതൽ, മുദ്ര വായ്പകളുടെ 70 ശതമാനവും സ്ത്രീകൾക്ക് നല്കിയതും, പിഎം സ്വാനിധി ഗുണഭോക്താക്കളിൽ 44 ശതമാനവും സ്ത്രീകളാണെന്നതും, 90 ലക്ഷം സ്വയംസഹായ സംഘങ്ങളിലൂടെ 10 കോടിയിലധികം സ്ത്രീകളെ ബന്ധിപ്പിച്ചതും വരെ അവർ ചൂണ്ടിക്കാട്ടി. ഈ കണക്കുകൾ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഓരോ സ്ത്രീയും സുരക്ഷയും ആദരവും ശാക്തീകരണവും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് അവർ ഊന്നിപ്പറഞ്ഞു.

സമാനമായ വികാരങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട്, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ പ്രതിബദ്ധതയുടെ അവിഭാജ്യ ഘടകമാണെന്ന് പാർലമെൻ്റ് അംഗം (രാജ്യസഭ) ശ്രീ സുധാൻഷു ത്രിവേദി പറഞ്ഞു. പോഷ് നിയമം, ഷീ-ബോക്സ് പോർട്ടൽ തുടങ്ങിയ നിയമപരവും സ്ഥാപനപരവുമായ സംവിധാനങ്ങൾ എല്ലാ മേഖലകളിലും സുതാര്യതയും ഉത്തരവാദിത്തവും വിശ്വാസവും ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യവ്യാപകമായ ഒരു പോഷ് പരിശീലന വീഡിയോയും പരിപാടിയിൽ പ്രദർശിപ്പിച്ചു. സുരക്ഷിതമായ  തൊഴിലിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പുതിയ തൊഴിൽ നിയമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തൊഴിൽ മന്ത്രാലയം പങ്കുവെച്ചു.

“നിയമപാലനം ശക്തിപ്പെടുത്തലും സുരക്ഷിത തൊഴിലിട സംസ്കാരം സൃഷ്ടിക്കലും” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വനിതാ ശിശു വികസന മന്ത്രാലയം, പാർലമെൻ്റ്, സുപ്രീം കോടതി, യുഎൻ വുമൺ, ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്സി), വേൾഡ് ബാങ്ക് എന്നിവയിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും തൊഴിലിട സുരക്ഷാ, ലിംഗാവകാശങ്ങൾ എന്നിവയിലെ വിദഗ്ധരും പങ്കെടുത്തു.

സ്ഥാപനപരമായ ഉത്തരവാദിത്തം ശക്തിപ്പെടുത്തുക, ആഗോളതലത്തിലെ മികച്ച മാതൃകകൾ പങ്കുവെയ്ക്കുക, സംഘടിത-അസംഘടിത മേഖലകളിൽ സുരക്ഷിതവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ തൊഴിലിടങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമപാലന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിലായിരുന്നു ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

സർക്കാർ-സ്വകാര്യ മേഖലകളിലെ 160-ലധികം സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 1,500 പ്രതിനിധികൾ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. കൂടാതെ, തത്സമയ വെബ്കാസ്റ്റിലൂടെ 40,000-ത്തിലധികം ആളുകൾ ഓൺലൈനായി പങ്കുചേർന്നത് ഈ സംരംഭത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

 

896ca9c522fcc6311b4b1ce624d6f66d.jpg

 

പോഷ് നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് അവബോധം വളർത്തുക, നിയമപാലനം ശക്തിപ്പെടുത്തുക, ഷീ-ബോക്സ് ഉപയോഗം വർദ്ധിപ്പിക്കുക, രാജ്യത്തുടനീളമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി സുരക്ഷയുടേയും അന്തസ്സിൻ്റേയും സംസ്കാരം വളർത്തുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

***

 


( റിലീസ് ഐ.ഡി: 2228211) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Odia , Kannada