സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ശ്രീലങ്കയിലെ ചരിത്രപ്രദർശനത്തിനുശേഷം ഭഗവാൻ ബുദ്ധന്റെ പവിത്രമായ ദേവ്‌നിമോറി തിരുശേഷിപ്പുകൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നു

വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദർശനം വീക്ഷിക്കുന്നതിന് പത്ത് ലക്ഷത്തിലധികം ഭക്തർ എത്തി

പോസ്റ്റഡ് ഓണ്‍: 11 FEB 2026 10:55AM by PIB Thiruvananthpuram

ശ്രീലങ്കയിലെ കൊളംബോയിലുള്ള ഗംഗാരാമയ്യ ക്ഷേത്രത്തിൽ ഒരാഴ്ചത്തെ പൊതു പ്രദർശനത്തിന് ശേഷം ബുദ്ധന്റെ പവിത്രമായ ദേവ്‌നിമോറി തിരുശേഷിപ്പുകൾ ഇന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.

അന്താരാഷ്ട്ര പ്രദർശനത്തിനായി ആദ്യമായാണ് തിരുശേഷിപ്പുകൾ വിദേശത്തേക്ക് കൊണ്ടുപോയത്. മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ചൗന മേൻ എന്നിവരുടെ നേതൃത്വത്തിൽ, മുതിർന്ന ബുദ്ധ സന്യാസിമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം തിരുശേഷിപ്പിന്റെ മടക്കയാത്രയെ അനുഗമിച്ചു. ശ്രീലങ്കൻ മന്ത്രിമാരുടെയും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും സാന്നിധ്യത്തിൽ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആചാരപരമായ യാത്രയയപ്പ് ചടങ്ങുകൾ നടന്നു.

ഏഴ് ദിവസത്തെ പ്രദർശനത്തിനിടെ ശ്രീലങ്കയിലുടനീളമുള്ള ധാരാളം ഭക്തർ ഗംഗാരാമയ്യ ക്ഷേത്രം സന്ദർശിക്കുകയും തിരുശേഷിപ്പിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ആത്മീയവും സാംസ്കാരികവുമായ നാഴികക്കല്ലായി മാറിയ പൊതുപ്രദർശന ആരാധനയിൽ പത്ത് ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തു. പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ശ്രീലങ്കൻ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.


ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകേ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഈ ചരിത്രപരമായ ആത്മീയ പരിപാടി സാധ്യമാക്കിയതിന് അദ്ദേഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് സംഘവി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പ്രദർശനത്തിന് അനുബന്ധമായി, "പവിത്രമായ പിപ്രഹ്വയെ അനാവരണം ചെയ്യുക", "സമകാലിക ഇന്ത്യയുടെ വിശുദ്ധ ശേഷിപ്പുകളും സാംസ്കാരിക ഇടപെടലും" എന്നീ വിഷയങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഇവ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധമതത്തിലെ പൊതു പൈതൃകവും നാഗരിക ബന്ധങ്ങളും പ്രതിഫലിപ്പിക്കുന്നു.

2025 ഏപ്രിലിൽ ശ്രീലങ്കയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ച ചരിത്ര പ്രദർശനം, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയവും നാഗരികവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തി. ആഗോള ബുദ്ധമത പൈതൃകത്തിന്റെ സംരക്ഷക രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ഇത് ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലുമുള്ള ബന്ധത്തെ ആഴത്തിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ കരുത്തുറ്റതാക്കുകയും   ചെയ്തു.

ബുദ്ധന്റെ പവിത്രമായ ദേവ്‌നി മോറി തിരുശേഷിപ്പുകളുമായി ഇന്ത്യയിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഭക്ത്യാധര പൂർവം  ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പൊതുവായ ബുദ്ധമത പൈതൃകത്തിന്റെ ചരിത്രപരവും വൈകാരികപരവുമായ ഒരു അധ്യായത്തിന് ഇതോടെ സമാപനമായി.

****

( റിലീസ് ഐ.ഡി: 2226278) സന്ദര്‍ശക കൗണ്ടര്‍ : 14