കൃഷി മന്ത്രാലയം
ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകി പുതിയ ഉയരങ്ങളിലെത്തിക്കും: ശ്രീ ശിവരാജ് സിങ് ചൗഹാൻ
പോസ്റ്റഡ് ഓണ്‍:
08 FEB 2026 7:34PM by PIB Thiruvananthpuram
ഇന്ത്യയും അമേരിക്കയും തമ്മിലെ സമീപകാല വ്യാപാര കരാറിനെ ചരിത്രപരവും അഭൂതപൂർവവുമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ വിശേഷിപ്പിച്ചു. ഭോപ്പാലിലെ വസതിയിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉയരങ്ങളിലെത്തിക്കാനും കരാര്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വ്യാപാര കരാർ കേവലം വാണിജ്യ കരാർ മാത്രമല്ലെന്നും മറിച്ച് ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള ആത്മാഭിമാനത്തിൻ്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാര്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ ദിശാബോധം പകര്‍ന്നുനല്‍കും. കരാർ ലോകത്തിന് വ്യക്തമായ സന്ദേശം നൽകുന്നുവെന്നും ശ്രീ ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.

ഇന്ത്യയുടെ നയം പ്രതിബദ്ധതയുടേതാണെന്നും വിട്ടുവീഴ്ചയുടേതല്ലെന്നുമുള്ള സന്ദേശമാണ് കരാർ ലോകത്തിന് നൽകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പൂർണവിശ്വാസത്തോടെ രാജ്യതാൽപ്പര്യാർത്ഥമാണ് ഇന്ത്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സന്തുലിതവും ക്രിയാത്മകവുമായ തന്ത്രത്തിലൂന്നിയാണ് ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലപേശൽ രാഷ്ട്രീയത്തിൽ രാജ്യം ഏർപ്പെടുന്നില്ലെന്നും പകരം സന്തുലിത തന്ത്രം സ്വീകരിക്കുകയും ക്രിയാത്മകമായ സംവാദത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ ആഗോളതലത്തിൽ വിശ്വസ്തവും ശക്തവുമായ പങ്കാളിയായി ഉയർന്നുവരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
നയതന്ത്രവും വികസനവും ആത്മാഭിമാനവും
ഇന്ത്യ-യുഎസ് വ്യാപാര കരാർ നയതന്ത്രത്തിൻ്റെയും വികസനത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും മികച്ച ഉദാഹരണമാണെന്ന് കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. നയതന്ത്രമെന്നാൽ 'രാഷ്ട്രം പ്രഥമം' എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്കാണ് കരാറിൽ മുൻഗണന നൽകിയിരിക്കുന്നത്. വികസനം അഥവാ വികസിത ഭാരതം ലക്ഷ്യമാക്കി കൈക്കൊള്ളുന്ന നടപടികള്‍ക്കും കരാർ ശക്തമായ അടിത്തറ നൽകുന്നു. ആത്മാഭിമാനമെന്നാല്‍ കർഷകൻ്റെ അന്തസ്സാണ് അർത്ഥമാക്കുന്നത്. കർഷകരുടെ അന്തസ്സിന് കരാറിൽ പൂർണ പരിഗണന നൽകിയിട്ടുണ്ടെന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൃഷിയെയും കർഷകരെയും സംബന്ധിച്ച് രാജ്യത്തിൻ്റെ മനസ്സിലെ എല്ലാ ആശങ്കകളും വ്യാപാര കരാറിൽ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ കരാർ പൂർണമായി സുരക്ഷിതരാക്കുന്നു. കരാര്‍ കേവലം സുരക്ഷിതത്വത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പുതിയ അവസരങ്ങളുടെ വാതിൽ തുറക്കുന്നുവെന്നും ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. രാജ്യത്തെ കാർഷികോല്പന്നങ്ങൾക്ക് ആഗോള വിപണിയിൽ പുതിയ അവസരങ്ങൾ നൽകുന്ന വ്യാപാര കരാർ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. ആത്മനിര്‍ഭര്‍ ഭാരതത്തിൻ്റെയും വികസിത ഭാരതത്തിൻ്റെയും ശക്തമായ അടിത്തറയാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ കാർഷികോല്പന്നങ്ങൾ യുഎസിൽ തീരുവരഹിതം
രാജ്യത്തെ കർഷകരുടെ നിരവധി കാർഷികോല്പന്നങ്ങൾ തീരുവയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാവുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ അമേരിക്കൻ കാർഷികോല്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഈ ഇളവ് ലഭിക്കില്ല. കാര്‍ഷിക, ക്ഷീര മേഖലകളിലെ ഇന്ത്യയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കാർഷിക മേഖലയിലെ നിരവധി ഉല്പന്നങ്ങളുടെ തീരുവയില്‍ അമേരിക്ക കാര്യമായ കുറവ് വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ 50 ശതമാനം വരെ തീരുവയുണ്ടായിരുന്ന പല കാർഷികോല്പന്നങ്ങളും ഇപ്പോള്‍ തീരുവരഹിതമാക്കി. സുഗന്ധവ്യഞ്ജനങ്ങൾ, ചായ, കാപ്പി, തേങ്ങ, വെളിച്ചെണ്ണ, അടയ്ക്ക, കശുവണ്ടി, സസ്യജന്യ മെഴുക്, വെണ്ണപ്പഴം, നേന്ത്രപ്പഴം, പേരയ്ക്ക, മാമ്പഴം, കിവി, പപ്പായ, പൈനാപ്പിൾ, കൂൺ, ചില ധാന്യങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. 2024-25 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കാർഷിക കയറ്റുമതി 4.45 ബില്യൺ ഡോളറിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 88 ശതമാനം വർധനയുണ്ടായി. വ്യാപാര കരാറിനെത്തുടർന്ന് രാജ്യത്തെ സുഗന്ധവ്യഞ്ജനങ്ങൾക്ക് യുഎസിൽ വിപുലമായ പുതിയ വിപണി ലഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയ്ക്ക് ഇതിനകം ശക്തമായ സ്ഥാനമുണ്ടെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ലോകത്ത് ഏകദേശം 200 സ്ഥലങ്ങളിലേക്ക് സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉല്പന്നങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റ് കാർഷികോല്പന്നങ്ങളുടെയും കയറ്റുമതിയെ കരാർ ത്വരിതപ്പെടുത്തും. ഇന്ത്യൻ വിപണിയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ കാർഷികോല്പന്നങ്ങൾ ഇന്ത്യൻ കാർഷിക വിപണിയിൽ പ്രവേശിക്കുന്നപക്ഷം അവയ്ക്ക് തീരുവ നൽകേണ്ടിവരും. രാജ്യത്തെ കർഷകർക്ക് പൂർണസ്വാതന്ത്ര്യവും സമ്പൂർണ സംരക്ഷണവുമുണ്ട്. ഇതാണ് വ്യാപാര കരാറിൻ്റെ ഏറ്റവും വലിയ കരുത്തെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ ഉല്പന്നങ്ങളെയും കരാറിൽ നിന്ന് ഒഴിവാക്കി
കൃഷിയെയും കാർഷികോല്പന്നങ്ങളെയും സംബന്ധിച്ച് ഇന്ത്യൻ കർഷകരുടെ താല്പര്യങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും കർഷകർക്ക് ദോഷകരമായ വിധത്തില്‍ ഒരു ഉല്പന്നവും കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ ഉല്പന്നങ്ങളെയും കരാറിന് പുറത്ത് നിര്‍ത്തിയിട്ടുണ്ട്. സോയാബീൻ, ചോളം, അരി, ഗോതമ്പ്, പഞ്ചസാര, ചെറുധാന്യങ്ങൾ, പക്ഷിജന്യ ഉല്പന്നങ്ങൾ, ക്ഷീരോല്പന്നങ്ങള്‍, നേന്ത്രപ്പഴം, സ്ട്രോബെറി, ചെറി, നാരങ്ങ വര്‍ഗങ്ങള്‍, പച്ചപ്പയർ, കടല, ചെറുപയർ, എണ്ണക്കുരുക്കൾ, എഥനോൾ, പുകയില തുടങ്ങിയ ഉല്പന്നങ്ങൾക്ക് യാതൊരുവിധ തീരുവ ഇളവുകളും നൽകിയിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി പ്രസ്താവിച്ചു. രാജ്യത്തെ പ്രധാന ധാന്യങ്ങളെക്കുറിച്ചായിരുന്നു ഏറ്റവും വലിയ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ധാന്യങ്ങളെല്ലാം സുരക്ഷിതമായിരിക്കണമെന്നതായിരുന്നു ഏറ്റവും വലിയ ഉത്കണ്ഠയെന്നും അവയെല്ലാം പൂർണമായും സുരക്ഷിതമാക്കിയെന്ന് അഭിമാനപൂര്‍വം പറയാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന് മുന്നില്‍ പ്രധാന ധാന്യങ്ങൾക്കും പഴങ്ങൾക്കും ക്ഷീരോല്പന്നങ്ങൾക്കും വാതിലുകൾ തുറന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
പല അമേരിക്കൻ കാർഷികോല്പന്നങ്ങൾക്കും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനാവില്ലെന്ന് ശ്രീ ശിവരാജ് സിങ് പറഞ്ഞു. തവിട് നീക്കം ചെയ്ത ധാന്യങ്ങൾ, ധാന്യപ്പൊടികള്‍, ഗോതമ്പ്, ചോളം, അരി, ചാമ, ഉരുളക്കിഴങ്ങ്, സവാള, പയറുവർഗങ്ങൾ, ബീൻസ്, വെള്ളരി, കൂൺ, പരിപ്പുവർഗങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി, നാരങ്ങ, സ്ട്രോബെറി, ടിന്നിലടച്ച മിശ്രിത പച്ചക്കറികൾ എന്നിവ ഇന്ത്യന്‍ വിപണിയിലേക്ക് വരില്ല. ക്ഷീരോല്പന്നങ്ങളില്‍ പാല്, പാൽപ്പൊടി, ക്രീം, തൈര്, മോര്, വെണ്ണ, നെയ്യ്, ബട്ടർ ഓയിൽ, പനീർ, ചീസ് എന്നിവയൊന്നും ഇന്ത്യയിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിക്കും ക്ഷീരോല്പന്നങ്ങൾക്കും പുറമെ കുരുമുളക്, ഗ്രാമ്പു, ഉണങ്ങിയ പച്ചമുളക്, കറുവപ്പട്ട, മല്ലി, ജീരകം, കായം, ഇഞ്ചി, മഞ്ഞൾ, അയമോദകം, ഉലുവ, കാസിയ, കടുക്, കടുക് വിത്തുകൾ, തവിട്, മറ്റ് പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യില്ല. ഇതിൻ്റെ അർത്ഥം വ്യക്തമാണെന്നും രാജ്യത്തെ സുഗന്ധവ്യഞ്ജനങ്ങളും കർഷകരും പൂർണ സുരക്ഷിതരാണെന്നും ശ്രീ ചൗഹാന്‍ വ്യക്തമാക്കി.
കർഷകർക്കും സ്ത്രീകൾക്കും യുവജനങ്ങള്‍ക്കും അവസരങ്ങൾ
രാജ്യത്തെ കർഷകർക്കും സ്ത്രീകൾക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും മുന്നേറാൻ പുതിയ അവസരങ്ങൾ കരാർ നൽകുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിങ് പ്രസ്താവിച്ചു. വസ്ത്രവ്യാപാരം ഉള്‍പ്പെടെ രാജ്യത്തെ പല സുപ്രധാന മേഖലകളിലും മറ്റ് മത്സരാധിഷ്ഠിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തീരുവ ഏകദേശം 18 ശതമാനത്തിലേക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് വസ്ത്ര കയറ്റുമതിക്ക് പുതിയ കരുത്തും ദിശാബോധവും നൽകും. വസ്ത്ര കയറ്റുമതിയുടെ നേരിട്ടുള്ള ഗുണം കർഷകരിലേക്കെത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. വസ്ത്രവ്യാപാരം പ്രത്യേകിച്ച് പരുത്തി ഉല്പാദിപ്പിക്കുന്ന കർഷകർക്ക് ഏറെ ഗുണകരമാണ്. ഇതിനൊപ്പം രത്നങ്ങളും ആഭരണങ്ങളും, വാഹന ഘടകങ്ങൾ, എന്‍ജിനീയറിങ് സാമഗ്രികള്‍, എംഎസ്എംഇ തുടങ്ങിയ മേഖലകൾക്ക് പുതിയ നിരവധി വ്യാപാര അവസരങ്ങൾ ഉയർന്നുവരും. പല ഉല്പന്നങ്ങളുടെയും നിർമാണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെ സഹോദരിമാരുടെ ജീവിതം മെച്ചപ്പെടാനും കരാർ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ കഠിനാധ്വാനത്തിനും നൈപുണ്യത്തിനും കരാര്‍ ആഗോള അംഗീകാരം നൽകുമെന്ന് ശ്രീ ചൗഹാന്‍ പറഞ്ഞു.
HK0G.jpeg)
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇതുവരെ ഒന്‍പത് സ്വതന്ത്ര വ്യാപാര കരാറുകള്‍ പൂർത്തീകരിച്ചതായി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അമേരിക്കയ്ക്ക് പുറമെ യുഎഇ, ഒമാൻ, ന്യൂസിലാൻഡ്, യുകെ തുടങ്ങി 27 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു, കൂടുതല്‍ രാജ്യങ്ങളുമായി ചർച്ചകൾ നടന്നു വരികയാണ്. ഈ കരാറുകളിൽ നിന്നെല്ലാം രാജ്യത്തിന് വിപുലമായ നേട്ടങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കരാറുകളുടെ ഗുണഫലങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും കർഷകർക്കും തൊഴിലാളികൾക്കും ദരിദ്രർക്കും കയറ്റുമതിക്കാർക്കും ഉല്പാദകര്‍ക്കും ലഭിക്കും. 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം ഇതുവഴി നാം കൈവരിക്കും. ഇന്ത്യ-യുഎസ് കരാറും സമാനമായ മറ്റ് കരാറുകളും ആത്മനിര്‍ഭര്‍ ഭാരതവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിലെ നാഴികക്കല്ലുകളായി മാറും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ശ്രീ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2225223)
സന്ദര്‍ശക കൗണ്ടര്‍ : 9