പ്രധാനമന്ത്രിയുടെ ഓഫീസ്
മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളിലെ പ്രമുഖരുമായി പ്രധാനമന്ത്രി സംവദിച്ചു
പോസ്റ്റഡ് ഓണ്‍:
08 FEB 2026 2:48PM by PIB Thiruvananthpuram
മന്ത്രിമാർ, സെനറ്റർമാർ, പാർലമെന്റ് അംഗങ്ങൾ, ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി-INA ) യിലെ മുൻ സൈനികർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത ഇന്ത്യൻ പ്രവാസി നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിച്ചു. ഇവരിൽ മലേഷ്യൻ ഡിജിറ്റൽ മന്ത്രി തുവാൻ ഗോബിന്ദ് സിംഗ് ദിയോ; മാനവ വിഭവശേഷി മന്ത്രി ഡറ്റോ ശ്രീ രമണൻ രാമകൃഷ്ണൻ; പ്രധാനമന്ത്രിയുടെ വകുപ്പിലെ സഹ മന്ത്രി തുവാൻ എം. കുലശേഖരൻ; ദേശീയ ഐക്യ സഹ മന്ത്രി തുവാൻ ആർ. യുനേശ്വരൻ എന്നിവരും, മറ്റ് പ്രമുഖരും ഉൾപ്പെട്ടിരുന്നു.
മലേഷ്യയുടെ പുരോഗതിക്കും വികസനത്തിനും, അതുപോലെ ഇന്ത്യ-മലേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ പ്രവാസികൾ നൽകിയ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും, ഇന്ത്യ-മലേഷ്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംരംഭങ്ങളിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ഇന്ത്യൻ വംശജരായ മലേഷ്യൻ നേതാക്കൾ (PIO) നന്ദി പ്രകടിപ്പിച്ചു. ഇന്ത്യയെ പരിവർത്തനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദർശനത്തെയും സംരംഭങ്ങളെയും അവർ അഭിനന്ദിച്ചു.
മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾക്ക് പിഐഒ നേതാക്കൾ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: (i) മലേഷ്യയിൽ ഇന്ത്യയുടെ ആദ്യത്തെ നയതന്ത്ര കാര്യാലയം തുറക്കാനുള്ള തീരുമാനം; (ii) മലയ സർവകലാശാലയിൽ തിരുവള്ളുവർ കേന്ദ്രത്തിന്റെ പ്രഖ്യാപനം; (iii) തിരുവള്ളുവർ സ്കോളർഷിപ്പ് നൽകുവാനുള്ള തീരുമാനം; (iv) മലേഷ്യയിൽ താമസിക്കുന്ന ആറാം തലമുറ വരെയുള്ള ഇന്ത്യൻ വംശജർക്ക് OCI കാർഡ് അനുവദിച്ചത്; (v) മലേഷ്യൻ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി ഇന്ത്യൻ സ്കോളർഷിപ്പ് ട്രസ്റ്റ് ഫണ്ടിൽ (ISTF) 30ലക്ഷം മലേഷ്യൻ റിംഗിറ്റ് കൂടി നിക്ഷേപിക്കുന്നതിനുള്ള തീരുമാനം.
ആസാദ് ഹിന്ദ് ഫൗജിലെ [ഇന്ത്യൻ നാഷണൽ ആർമി - INA ] ബാലക് സേനയിലെ മുൻ സേനാനിയായ ഡറ്റോ ജയരാജ് രാജ റാവു, നേതാജി വെൽഫെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ. രഥാകൃഷ്ണൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഐഎൻഎയുടെയും അതിലെ മുൻ സൈനികരുടേയും അതുല്യമായ ധൈര്യത്തിനും ത്യാഗങ്ങൾക്കും അദ്ദേഹം അഗാധമായ നന്ദിയും ആദരവും പ്രകടിപ്പിച്ചു. ശക്തവും ആധുനികവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന നേതാജിയുടെ ദർശനത്തോടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
***
( റിലീസ് ഐ.ഡി: 2225122)
സന്ദര്‍ശക കൗണ്ടര്‍ : 10