പോസ്റ്റഡ് ഓണ്‍:
07 FEB 2026 7:57PM by PIB Thiruvananthpuram
ഇന്ത്യയുടെ പയർവർഗ്ഗ നയത്തിലും കർഷക കേന്ദ്രീകൃത കാർഷിക ചർച്ചകളിലും ഒരു പുതിയ അധ്യായത്തിന് ഇന്ന് മധ്യപ്രദേശിലെ സെഹോർ ജില്ലയിലുള്ള അംലേഹയിലെ ഫുഡ് ലെഗ്യൂംസ് റിസർച്ച് സെൻ്ററിൽ (FLRP) തുടക്കമായി. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ അധ്യക്ഷതയിലാണ് രാജ്യവ്യാപകമായ പയർവർഗ്ഗ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇവിടെ നടന്ന ദേശീയ പയർവർഗ കൺസൾട്ടേഷൻ ആൻഡ് സ്ട്രാറ്റജി മീറ്റിംഗിൽ കേന്ദ്ര കൃഷി മന്ത്രി ശ്രീ ചൗഹാൻ, കേന്ദ്ര കൃഷി സഹമന്ത്രി, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്, ഒഡീഷ ഉപമുഖ്യമന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാർ, പ്രമുഖ ശാസ്ത്രജ്ഞർ, ICAR-ICARDA യുടെ പ്രതിനിധികൾ, പുരോഗമന കർഷകർ, എഫ്.പി.ഒകൾ, വിത്ത്-പയർ മില്ല് പ്രതിനിധികൾ എന്നിവരെ ഒരേ വേദിയിൽ കൊണ്ടുവന്നു. വ്യക്തമായ ഒരു സന്ദേശമാണ് ഈ യോഗം നല്കിയത്. പയർവർഗ്ഗങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തമായ ഇന്ത്യക്കായുള്ള രൂപരേഖ ഇനി രൂപപ്പെടുന്നത് ഡൽഹിയിലെ ശീതീകരിച്ച മുറികളിലെ ഫയലുകളിൽ നിന്നല്ല, മറിച്ച് വയലുകളിൽ നിന്നായിരിക്കും.

ഇന്ത്യയുടെ പയർവർഗ്ഗ നയത്തേയും കർഷകരുടെ താൽപ്പര്യങ്ങളേയും കുറിച്ചുള്ള രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ
ഒരു വശത്ത്, അംലേഹയിലെ (സെഹോർ) ഫുഡ് ലെഗ്യൂംസ് റിസർച്ച് സെൻ്ററിൽ (FLRP) നിന്ന് 'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യ'ത്തിനായുള്ള രൂപരേഖയ്ക്ക് അന്തിമരൂപം നല്കി. മറുവശത്ത്, പ്രതിപക്ഷത്തിൻ്റെ ആശങ്കകളെ തള്ളിക്കളഞ്ഞ കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, പയർ വർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് നമുക്ക് നാണക്കേടാണെന്ന വ്യക്തമായ സന്ദേശം നല്കി. ഇനി ഇന്ത്യ പയർ വർഗ്ഗങ്ങളുടെ കയറ്റുമതിക്കാരായി മാറും, സമീപകാല അന്താരാഷ്ട്ര കരാറുകൾ ഉണ്ടെങ്കിലും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളിൽ നേരിയ ആഘാതം പോലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് കർഷകരുടെ നന്ദി; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം
"രാജ്യം വിറ്റുതുലച്ചു, കർഷകരെ വിറ്റു, കർഷകരെ നശിപ്പിക്കും" എന്ന പ്രതിപക്ഷത്തിൻ്റെ പ്രചാരണം ഇന്നത്തെ വസ്തുതകൾ പുറത്തുവരുന്നതോടെ നിലനിൽക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമായി പ്രസ്താവിച്ചു. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും പുതിയ വാതിലുകൾ തുറക്കുന്ന ചരിത്രപരവും ശ്രദ്ധേയവുമായ കരാറാണിതെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഇതിലൂടെ കയറ്റുമതി വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളും അരിയും ഈ രാജ്യങ്ങളിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യപ്പെടും. നമ്മുടെ പാലുൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അതിനാൽ ഇന്ത്യൻ കർഷകർക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
T3AC.jpeg)
ഈ ചരിത്രപരമായ കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഇന്ത്യയിലെ കർഷകർക്കും വേണ്ടി ഇവിടെ ഒത്തുകൂടിയിരിക്കുന്ന നമ്മൾ എല്ലാ കൃഷിമന്ത്രിമാരും അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്ന് വേദിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നമ്മുടെ കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഓരോ കർഷകനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്യുന്നു, കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചതിന് നമ്മൾ എല്ലാവരും അദ്ദേഹത്തോട് നന്ദിയുള്ളവരാണ്. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചതിന് പ്രധാനമന്ത്രിക്ക് കേന്ദ്രമന്ത്രി നന്ദി രേഖപ്പെടുത്തി.
പയർവർഗ്ഗങ്ങളിലെ ദേശീയ സ്വയംപര്യാപ്തത ദൗത്യത്തിനായുള്ള അംലേഹയുടെ ഗർജ്ജനം
'പയർവർഗ്ഗങ്ങളിലെ ദേശീയ സ്വയംപര്യാപ്തത ദൗത്യ'ത്തിൻ്റെ ദേശീയ യോഗത്തിൽ കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് പറഞ്ഞു, ഇന്ത്യ മുഴുവൻ ഇന്ന് അംലേഹയിൽ ഒത്തുകൂടിയിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. വികസിത ഭാരതത്തിന് സ്വയംപര്യാപ്ത ഇന്ത്യ അനിവാര്യമാണെന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യമെന്നും ആ ദിശയിൽ പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ഒരു പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പയർവർഗ്ഗങ്ങളിലും ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനം. നമ്മൾ പുറത്തുനിന്ന് പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യില്ല, മറിച്ച് നാളെ നമ്മൾ പയർവർഗ്ഗങ്ങൾ കയറ്റുമതി ചെയ്യുന്ന ഘട്ടത്തിൽ എത്തും. ഇതിനായി അദ്ദേഹം 'പയർവർഗ്ഗങ്ങളിലെ ദേശീയ സ്വയംപര്യാപ്തത ദൗത്യം' ആരംഭിച്ചു. ആ ദൗത്യത്തിൻ്റെ ദേശീയ യോഗമാണ് ഇന്ന് ഇവിടെ നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിലുള്ള ആത്മവിശ്വാസം
ഈ വർഷം 'കർഷക ക്ഷേമ വർഷമായി' പ്രഖ്യാപിച്ചതിന് മധ്യപ്രദേശ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട്, സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വിള ഉത്പാദനം കൂട്ടുന്നതിനും പുതിയ മൂല്യവർദ്ധിത അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര സർക്കാർ മധ്യപ്രദേശ് സർക്കാരുമായി ചേർന്ന് പൂർണ്ണമായി സഹകരിക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഓരോ സംസ്ഥാനത്തിൻ്റേയും ആവശ്യങ്ങൾക്കനുസരിച്ച് പയർവർഗ്ഗ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും കൃഷിമന്ത്രിമാർ അതത് സംസ്ഥാനങ്ങളിൽ പ്രത്യേക രൂപരേഖകൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം: "കർഷകർ നശിപ്പിക്കപ്പെടും" എന്ന കിംവദന്തികൾ തെറ്റാണെന്ന് തെളിഞ്ഞു
ഇന്ത്യ-യു.എസ് കരാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകളിൽ കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് പ്രതിപക്ഷത്തെ ശക്തമായ വാക്കുകളാൽ പ്രതിരോധിച്ചു. അമേരിക്കയുമായുള്ള കരാർ ഇന്ത്യൻ കർഷകരെ നശിപ്പിക്കുമെന്നും തകർക്കുമെന്നും പറഞ്ഞ് നമ്മുടെ പ്രതിപക്ഷം ബഹളം വെയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ രാജ്യത്തെ തലകുനിക്കാൻ അനുവദിക്കില്ല” എന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദിയെന്നും, എന്ത് വില നൽകേണ്ടി വന്നാലും കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്കിയതായും ശ്രീ ചൗഹാൻ ഓർമ്മിപ്പിച്ചു. യുഎസ്എ-യുമായുള്ള സമീപകാല കരാറും, അതിന് മുൻപ് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുമായും മറ്റ് സ്വതന്ത്ര വ്യാപാര കരാറുകളുമായും നടത്തിയ ഒത്തുതീർപ്പുകളും രാജ്യത്തിൻ്റേയും കർഷകരുടേയും താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടതായി ഇന്ന് തെളിയിച്ചിരിക്കുന്നു.

കാർഷിക-ക്ഷീര മേഖലകൾക്ക് വ്യക്തമായ സുരക്ഷാ മാർഗ്ഗങ്ങൾ: “ഈ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വരില്ല"
കർഷകരുടെ പക്ഷത്തുനിന്ന് മാത്രമേ താൻ സംസാരിക്കൂ എന്ന് കർഷകരുടെ പ്രധാന ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ ചൗഹാൻ പറഞ്ഞു. നമ്മുടെ പ്രധാന ധാന്യമായ ചോളം ഇറക്കുമതി ചെയ്യപ്പെടുമെന്ന തരത്തിൽ വലിയ ബഹളം നടന്നിരുന്നു, എന്നാൽ അത് ഒരിക്കലും സംഭവിക്കില്ല. ചോളം, ഗോതമ്പ്, അരി, സോയാബീൻ, കോഴി ഉൽപ്പന്നങ്ങൾ, പാൽ, പനീർ, എഥനോൾ, പുകയില, പലതരം പച്ചക്കറികൾ, മറ്റ് കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾക്കായുള്ള ഇന്ത്യയുടെ വിപണി ഇന്ത്യൻ കർഷകർക്ക് സുരക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചോളം, ഗോതമ്പ്, അരി, സോയ, കോഴി ഉൽപ്പന്നങ്ങൾ, പാൽ, പനീർ, എഥനോൾ, പുകയില, മറ്റ് സെൻസിറ്റീവ് ആയ പച്ചക്കറികൾ എന്നിവയൊന്നും അമേരിക്കയിൽ നിന്ന് വരില്ല. ഇന്ത്യയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടുവെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
പുതിയ കയറ്റുമതി അവസരങ്ങൾ: ബസുമതി, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഉത്തേജനം.
ഈ കരാർ രാജ്യത്തെ മറ്റ് മേഖലകൾക്കും, പ്രത്യേകിച്ച് നമ്മുടെ കയറ്റുമറ്റിക്കാർക്കും എം.എസ്.എം.ഇകൾക്കും യുവജനങ്ങൾക്കും ഗുണകരമാകുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പരമ്പരാഗത തീരുവ ഏകദേശം 18 ശതമാനമായി കുറയും. ഇത് തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, ഗൃഹാലങ്കാര വസ്തുക്കൾ, കരകൗശല വസ്തുക്കൾ, തിരഞ്ഞെടുത്ത യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് വിശാലമായ വിപണികളും അവസരങ്ങളും തുറന്നു നല്കും. ജനറിക് മരുന്നുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, വിമാന ഭാഗങ്ങൾ, മറ്റ് നിരവധി ഇനങ്ങൾ എന്നിവയുടെ നികുതി പൂജ്യമായി കുറയും. ഇത് ഇന്ത്യയുടെ കയറ്റുമതി മത്സരശേഷിയേയും 'മെയ്ക്ക് ഇൻ ഇന്ത്യ'യേയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയിൽ ബസുമതി അരിയ്ക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബസുമതി കർഷകർക്ക് 18 ശതമാനം താരിഫ് ഉള്ള വിപണികളിൽ പുതിയ അവസരങ്ങൾ ലഭിക്കും. മുൻപ് കയറ്റുമതി ഏകദേശം 63,000 കോടി രൂപയായിരുന്നു, ഇത് ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങളുടെ കയറ്റുമതി വർദ്ധിക്കുന്നത് പരുത്തി കർഷകർക്ക് ഗുണം ചെയ്യും.
പയർവർഗ്ഗങ്ങളെക്കുറിച്ച് ശക്തമായ സന്ദേശം: “വിദേശത്ത് നിന്ന് പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നത് സന്തോഷമല്ല, നാണക്കേടാണ്”
പയർവർഗ്ഗങ്ങളുടെ കാര്യത്തിൽ, അവ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ കാര്യമല്ലെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. പയർവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നമുക്ക് ഇവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവരുന്നുവെങ്കിൽ അത് നമുക്ക് സന്തോഷമുള്ള കാര്യമല്ല, മറിച്ച് നാണക്കേടാണ്.
മധ്യപ്രദേശിലെ കർഷകരെ അഭിനന്ദിച്ച അദ്ദേഹം, പയർവർഗ്ഗ ഉത്പാദനത്തിൽ മധ്യപ്രദേശ് ഇപ്പോഴും രാജ്യത്ത് ഒന്നാമതാണെന്ന് പറഞ്ഞു. എങ്കിലും പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന വിസ്തൃതി കുറയുന്നത് ശ്രദ്ധിക്കണമെന്നും അത് വർദ്ധിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കൂടുതൽ ലാഭം കിട്ടുന്ന വിളകളാണ് കർഷകർ കൃഷി ചെയ്യുന്നത് എന്ന് അദ്ദേഹം അംഗീകരിച്ചു. ഗോതമ്പാണ് ലാഭകരമെങ്കിൽ അത്, ഇനി കടലയാണെങ്കിൽ അത് – അതിനാൽ പയർവർഗ്ഗങ്ങളുടെ ഉത്പാദനക്ഷമതയും ലാഭക്ഷമതയും ഒരുപോലെ വർദ്ധിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
"കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും"
വിത്ത് മുതൽ വിപണി വരെയുള്ള മുഴുവൻ ക്രമീകരണങ്ങളിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. നല്ല ഉത്പാദനം ഉണ്ടാകുമ്പോൾ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പയർവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്ന ക്ലസ്റ്റർ തലത്തിൽ പയർ മില്ലുകൾ സ്ഥാപിക്കാൻ പ്രോത്സാഹനം നല്കുമെന്നും, ഇവ സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ വരെ സബ്‌സിഡി നല്കുമെന്നും ശ്രീ ചൗഹാൻ അറിയിച്ചു. ഇതിലൂടെ പയർവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഇടങ്ങളിൽ തന്നെ സംസ്കരണവും വിൽപ്പനയും നടക്കുകയും, മൂല്യവർദ്ധനവിലൂടെ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്യും. ഈ ദൗത്യത്തിന് കീഴിൽ രാജ്യത്തുടനീളം 1,000 പയർ മില്ലുകൾ തുറക്കുമെന്നും, അതിൽ 55 എണ്ണം മധ്യപ്രദേശിലെ വിവിധ ക്ലസ്റ്ററുകളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തെ കർഷകർക്ക് പ്രത്യേകിച്ചും ഗുണകരമാകുകയും പ്രാദേശികമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു.
വിത്തുകൾ ഇനി ഡൽഹിയിൽ നിന്ന് വിതരണം ചെയ്യില്ല
പുതിയ വിത്ത് പരിഷ്കരണത്തേയും വിതരണ രീതിയേയും കുറിച്ച് പരാമർശിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു: “ഞങ്ങൾ ഒരു തീരുമാനമെടുക്കുകയാണ് – ഇനി മുതൽ വിത്തുകൾ ഡൽഹിയിൽ നിന്നല്ല വിതരണം ചെയ്യുക, മറിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർക്കിടയിൽ തന്നെ അവ വിതരണം ചെയ്യും." ക്ലസ്റ്റർ മാതൃകയിലൂടെ കൃഷി ശക്തിപ്പെടുത്തുമെന്നും കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഉത്പാദനം വർദ്ധിപ്പിക്കുമെന്നും ഓരോ കർഷകനും പൂർണ്ണ പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലസ്റ്ററുകളിൽ ചേരുന്ന കർഷകർക്ക് വിത്തുകളടങ്ങിയ കിറ്റുകളും, മാതൃകാ കൃഷിക്കായി ഹെക്ടറിന് 10,000 രൂപ ധനസഹായവും നല്കും. ഇതിലൂടെ നല്ല വിത്തുകളും മികച്ച സാങ്കേതികവിദ്യയും ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പാക്കിക്കൊണ്ട് പയർവർഗ്ഗങ്ങളുടെ ഉത്പാദനം പുതിയ ഉയരങ്ങളിലെത്തിക്കാൻ സാധിക്കും.
അംലേഹ ഇൻസ്റ്റിറ്റ്യൂട്ട്, ICARDA, ICAR എന്നിവിടങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കവെ മസൂർ, കടല, ഉഴുന്ന്, തുവര, ചെറുപയർ തുടങ്ങിയവയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും, നേരത്തെ വിളവെടുക്കാവുന്ന ഇനങ്ങൾ വികസിപ്പിക്കാനും, മെച്ചപ്പെട്ട വിത്തുകൾ ഉത്പാദിപ്പിക്കാനും, രോഗവിമുക്തമായ വിളകൾ വളർത്താനും യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം ലഭിക്കും.
അംലേഹയിൽ നിന്നുള്ള സന്ദേശം - "കർഷകരുടെ താൽപ്പര്യങ്ങൾ സുരക്ഷിതം, പയർവർഗ്ഗങ്ങളുടെ സ്വയംപര്യാപ്തതയിലേക്കുള്ള പാത തെളിഞ്ഞു”
അംലേഹയിൽ നടന്ന ഈ ദേശീയ യോഗത്തിലൂടെ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ രണ്ട് വ്യക്തമായ രാഷ്ട്രീയ-നയ സന്ദേശങ്ങൾ നല്കി. ഒന്നാമതായി, അന്താരാഷ്ട്ര കരാറുകൾ ഉണ്ടെങ്കിലും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളിൽ യാതൊരു ആഘാതവും അനുവദിക്കില്ല. രണ്ടാമതായി, പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത എന്നത് വെറുമൊരു മുദ്രാവാക്യമായി അവശേഷിക്കില്ല, മറിച്ച് ശാസ്ത്രീയ ഗവേഷണം, നയം, എം.എസ്.പി, വിത്ത് പരിഷ്കരണം, വിപണികൾ എന്നിവയിലൂടെ അത് പ്രായോഗികമായി നടപ്പിലാക്കും. പ്രതിപക്ഷത്തിൻ്റെ ഭീതി പരത്തുന്ന പ്രചാരണം വസ്തുതകൾക്ക് മുന്നിൽ ദുർബലമായെന്നും, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഇന്ത്യ മുന്നേറുന്നത് കർഷകർ കാണുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അംലേഹയിൽ നിന്നുള്ള ഈ സന്ദേശത്തോടെ 'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യം' ഇനി വേഗത്തിലാകും. പയർവർഗ്ഗ മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തവും ശക്തവുമാക്കുന്നതിൽ ഈ യോഗം ഒരു സുപ്രധാന നാഴികക്കല്ലായി മാറും.
***