രാഷ്ട്രപതിയുടെ കാര്യാലയം
ബസ്തർ പണ്ഡും 2026 ജഗദൽപൂരിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
07 FEB 2026 3:35PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026, ഫെബ്രുവരി 7) ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ ബസ്തർ പണ്ഡും 2026 ഉദ്ഘാടനം ചെയ്തു.

ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ കർഷകർ വിത്ത് വിതയ്ക്കുമ്പോൾ അത് പണ്ടും ആണെന്ന് ചടങ്ങിൽ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. മാമ്പഴക്കാലം വരുമ്പോൾ അതും പണ്ടും ആണ്. ബസ്തറിലെ ജനങ്ങൾ ജീവിതത്തിൻ്റെ എല്ലാ തലങ്ങളെയും ആഘോഷമാക്കുന്നു. ബസ്തറിലെ ജനങ്ങളിൽ നിന്ന് മറ്റുള്ളവർക്കും ഈ ജീവിതരീതി പഠിക്കാനാകുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ബസ്തറിലെ പാരമ്പര്യങ്ങളും സംസ്‌കാരവും എപ്പോഴും ആളുകളെ ആകർഷിച്ചിട്ടുണ്ടെന്നും, എന്നാൽ നിർഭാഗ്യവശാൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈ പ്രദേശം മാവോയിസ്റ്റ് ഭീഷണിയിലായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഇതിൻ്റെ ഫലമായി ഇവിടുത്തെ ജനങ്ങൾ വളരെയധികം ദുരിതം അനുഭവിച്ചു. യുവാക്കളും ആദിവാസികളും ദളിത് സഹോദരങ്ങളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. എന്നാൽ, മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളിലൂടെ വർഷങ്ങളായി നിലനിന്നിരുന്ന അരക്ഷിതാവസ്ഥയ്ക്കും ഭയത്തിനും അവിശ്വാസത്തിനും ഇപ്പോൾ അവസാനമായി. മാവോയിസവുമായി ബന്ധപ്പെട്ടവർ അക്രമത്തിൻ്റെ പാത ഉപേക്ഷിക്കുന്നു, ഇത് പൗരന്മാരുടെ ജീവിതത്തിലേക്ക് സമാധാനം തിരികെ കൊണ്ടുവരുന്നു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരതയിൽ ഉൾപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജനങ്ങളും കീഴടങ്ങിയിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയവർക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് സർക്കാർ ഉറപ്പുനല്കുന്നതായും രാഷ്ട്രപതി പറഞ്ഞു. അവർക്കായി നിരവധി വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഗ്രാമീണരെ ശാക്തീകരിക്കുന്നതിൽ ഛത്തിസ്ഗഡ് സർക്കാരിൻ്റെ 'നിയാദ് നെല്ലനാർ യോജന' നിർണായക പങ്ക് വഹിക്കുന്നു. ബസ്തറിൽ വികസനത്തിൻ്റെ പുതു പ്രഭാതം കാണാനാകുന്നതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, റോഡ്, കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാകുകയാണ്. വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ വീണ്ടും തുറക്കുകയും കുട്ടികൾ ക്ലാസുകളിൽ ഹാജരാകുകയും ചെയ്യുന്നു. എല്ലാ പൗരന്മാരിലും സന്തോഷം നിറയ്ക്കുന്ന വളരെ പ്രോത്സാഹനജനകമായ ഒരു ചിത്രമാണിതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അക്രമത്തിൻ്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയ എല്ലാവരെയും രാഷ്ട്രപതി അഭിനന്ദിക്കുകയും, രാജ്യത്തിൻ്റെ ഭരണഘടനയിലും ജനാധിപത്യത്തിലും പൂർണ്ണ വിശ്വാസം പുലർത്താൻ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമർപ്പിച്ച് കഠിനാധ്വാനത്തിലൂടെയും, സമർപ്പണത്തിലൂടെയും മുന്നോട്ട് പോകണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനാണ് സർക്കാർ പ്രത്യേക മുൻഗണന നൽകുന്നതെന്ന് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. പിഎം-ജൻമൻ യോജന, ധർതി ആബ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ തുടങ്ങിയ പദ്ധതികളിലൂടെ വികസനത്തിൻ്റെ ഗുണഫലങ്ങൾ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ ഗ്രാമങ്ങളിലും എത്തുന്നു.

വ്യക്തിയുടെയും സമൂഹത്തിൻ്റെയും വികസനത്തിൻ്റെ ആണിക്കല്ലാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് എല്ലാ മാതാപിതാക്കളോടും രക്ഷിതാക്കളോടും രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. ഇപ്രകാരമാണ് ഛത്തീസ്ഗഢിൻ്റെയും ഇന്ത്യയുടെയും ഭാവി ശോഭനമാവുകയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢിൻ്റെ പുരാതന പാരമ്പര്യങ്ങൾ ഇന്നും ആഴത്തിൽ വേരൂന്നിയതും സജീവവുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്ര സംസ്കാരത്തിൻ്റെയും സാഹോദര്യത്തിൻ്റെയും അതുല്യമായ ഉദാഹരണമാണ് ദന്തേശ്വരി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ബസ്തർ ദസറ. ശോഭനമായ ഒരു ഭാവിക്കായി നമ്മുടെ മഹത്തായ ചരിത്രത്തിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. തങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് തന്നെ വികസനത്തെ സ്വീകരിക്കാൻ രാഷ്‌ട്രപതി ജനങ്ങളോട് ആഹ്വാനം ചെയ്തു.
സമൃദ്ധമായ പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമാണ് ബസ്തർ മേഖലയെന്നും, ഇവിടുത്തെ ജനങ്ങൾ സമർപ്പിതരും കഠിനാധ്വാനികളുമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ക്ഷേമ വികസന പദ്ധതികൾ പ്രയോജനപ്പെടുത്താൻ മേഖലയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. ഛത്തീസ്ഗഢിൻ്റെയും വികസിത ഭാരതത്തിൻ്റെയും പുരോഗതിക്ക് അവരുടെ പുരോഗതിയും സമൃദ്ധിയും നിർണായകമാണെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ പ്രസംഗം കാണുവാനായി ഇവിടെ ക്ലിക്കുചെയ്യുക-
***
( റിലീസ് ഐ.ഡി: 2224955)
സന്ദര്‍ശക കൗണ്ടര്‍ : 9