വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ടൈംസ് ബി-സ്കൂൾ റാങ്കിങില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന് ഒന്നാം സ്ഥാനം

प्रविष्टि तिथि: 31 JAN 2026 2:02PM by PIB Thiruvananthpuram

2026-ലെ ടൈംസ് ബി-സ്കൂൾ റാങ്കിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ അന്താരാഷ്ട്ര വാണിജ്യത്തിലും ആഗോള വ്യാപാരത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാനേജ്‌മെൻ്റ് വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനമെന്ന സ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ആവര്‍ത്തിച്ചുറപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.ഐ.എഫ്.ടി-യ്ക്ക് ഡൽഹി, കൊൽക്കത്ത, കാക്കിനട, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്.

നൈപുണ്യത്തിലൂടെയും കാഴ്ചപ്പാടുകളിലൂടെയും നിർണായ‌ക കഴിവുകളിലൂടെയും  വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിൽ ഐ.ഐ.എഫ്.ടി നടത്തിവരുന്ന നിരന്തര പരിശ്രമങ്ങളുടെ തെളിവാണ് നേട്ടമെന്ന് സ്ഥാപനത്തെ അഭിനന്ദിച്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിലും ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം സുപ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിൻ്റെ പുരോഗതി അതിൻ്റെ ശക്തമായ അക്കാദമിക അടിത്തറയെയും വിപുലമായ ആഗോള കാഴ്ചപ്പാടിനെയും മികവിനോട് പുലര്‍ത്തുന്ന പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായി നേട്ടത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ വാണിജ്യ സെക്രട്ടറിയും ഐ.ഐ.എഫ്.ടി ചാൻസലറുമായ ശ്രീ രാജേഷ് അഗർവാൾ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിൽ ആഗോള ശക്തിയായി ഉയരുകയെന്ന ഇന്ത്യയുടെ അഭിലാഷത്തിന് ഐ.ഐ.എഫ്.ടി പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപാര-സാമ്പത്തിക രംഗങ്ങളിലെ തന്ത്രപരമായ ദേശീയ മുൻഗണനകൾക്കനുസൃതമായി ആഗോളതലത്തിൽ നൈപുണ്യം നേടിയ മാനേജ്‌മെൻ്റ് പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിലൂടെ 'വികസിത ഭാരത'മെന്ന കാഴ്ചപ്പാടിലേക്ക് സ്ഥാപനം സംഭാവന നൽകുന്നതായും അദ്ദേഹം കുറിച്ചു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിനും ശ്രീ രാജേഷ് അഗർവാളിനും അവരുടെ കാഴ്ചപ്പാടിനും അചഞ്ചല പിന്തുണയ്ക്കും ഐ.ഐ.എഫ്.ടി വൈസ് ചാൻസലർ പ്രൊഫ. രാകേഷ് മോഹൻ ജോഷി നന്ദി അറിയിച്ചു. അക്കാദമിക നിലവാരം, നയപരമായ പ്രസക്തി, വ്യാവസായിക സഹകരണം, അന്താരാഷ്ട്ര പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിച്ച് അന്താരാഷ്ട്ര വ്യാപാര മേഖലയിലെ മാനേജ്‌മെൻ്റ് വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കുന്നതില്‍ അദ്ദേഹം പ്രതിബദ്ധത പ്രകടിപ്പിച്ചു. അധ്യാപനത്തിലും ഗവേഷണത്തിലും പ്രവർത്തനങ്ങളിലും ആധുനിക യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് ഐ.ഐ.എഫ്.ടി-യെ ലോകോത്തര സ്ഥാപനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

1963-ൽ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ കല്പിത സർവകലാശാലയാണ്. അന്താരാഷ്ട്ര വ്യാപാര-വാണിജ്യ രംഗത്തെ പ്രമുഖ സ്ഥാപനമെന്ന നിലയിൽ മുൻനിര എം.ബി.എ പ്രോഗ്രാമുകളും എക്സിക്യൂട്ടീവ് വിദ്യാഭ്യാസവും ഡോക്ടറൽ ഗവേഷണവും നല്‍കുന്ന ഐ.ഐ.എഫ്.ടി ആഗോള വാണിജ്യത്തിലും വ്യാപാര നയത്തിലും ഇന്ത്യയുടെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുന്നു. ഡൽഹി, കൊൽക്കത്ത, കാക്കിനട, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന് ക്യാമ്പസുകളുണ്ട്. കൂടാതെ ദുബായിൽ ആദ്യത്തെ വിദേശ ക്യാമ്പസ് ആരംഭിക്കാന്‍ നടപടികളും പുരോഗമിക്കുകയാണ്. 

 

****


(रिलीज़ आईडी: 2221274) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil