പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേരളത്തിലെ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

प्रविष्टि तिथि: 28 JAN 2026 2:39PM by PIB Thiruvananthpuram

 

നമസ്കാരം!

കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ ജി, ആര്യ വൈദ്യശാലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യരേ,

ഇന്നത്തെ ഈ മഹത്തായ അവസരത്തിൽ, നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ സാധിച്ചത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും, മുന്നോട്ട് കൊണ്ടുപോകുന്നതിലും ആര്യ വൈദ്യശാല ഗണ്യമായ സംഭാവന നൽകുന്നു. 125 വർഷത്തെ അതിന്റെ യാത്രയിൽ, ഈ സ്ഥാപനം ആയുർവേദത്തെ ശക്തമായ ഒരു ചികിത്സാരീതിയായി സ്ഥാപിച്ചു. ഇന്ന് ഈ അവസരത്തിൽ, ആര്യ വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യർ ജിയുടെ സംഭാവനകൾ ഞാൻ ഓർക്കുന്നു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.

​സുഹൃത്തുക്കളേ,

​നൂറ്റാണ്ടുകളായി മാനവികതയെ സേവിച്ചുവരുന്ന ഭാരതീയ ചികിത്സാ പാരമ്പര്യത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് കേരളത്തിലെ ആര്യവൈദ്യശാല. ഭാരതത്തിൽ, ആയുർവേദം ഏതെങ്കിലും ഒരു കാലഘട്ടത്തിലോ ഏതെങ്കിലും ഒരു പ്രദേശത്തോ മാത്രമായി പരിമിതപ്പെട്ടിട്ടില്ല. ഓരോ കാലഘട്ടത്തിലും, ജീവിതത്തെ മനസ്സിലാക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതിയുമായി ഐക്യം സ്ഥാപിക്കാനുമുള്ള വഴി ഈ പുരാതന ചികിത്സാരീതി കാണിച്ചുതന്നിട്ടുണ്ട്. ഇന്ന്, ആര്യവൈദ്യശാല അറുന്നൂറിലധികം ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്നുണ്ട്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ സ്ഥാപനത്തിന്റെ ആശുപത്രികളിൽ ലോകത്തിലെ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള രോഗികൾ ഉൾപ്പെടെ ആയുർവേദ രീതിയിലൂടെ ചികിത്സ തേടുന്നു. ആര്യ വൈദ്യശാല അതിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ വിശ്വാസം വളർത്തിയെടുത്തത്. ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോൾ, നിങ്ങൾ അവർക്ക് വലിയൊരു പ്രതീക്ഷയായി മാറുന്നു.

സുഹൃത്തുക്കളേ,

​ആര്യ വൈദ്യശാലയെ സംബന്ധിച്ചിടത്തോളം, സേവനം വെറുമൊരു ആശയമല്ല; അവരുടെ പ്രവർത്തനത്തിലും സമീപനത്തിലും സ്ഥാപനങ്ങളിലും ഈ വികാരം ദൃശ്യമാണ്. കഴിഞ്ഞ 100 വർഷമായി - 100 വർഷം എന്നത് ചെറിയൊരു കാലയളവല്ല - 100 വർഷമായി - ഈ സ്ഥാപനത്തിന്റെ ചാരിറ്റബിൾ ആശുപത്രി തുടർച്ചയായി ജന സേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ നേട്ടത്തിൽ ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും സംഭാവനയുണ്ട്.   വൈദ്യന്മാരെയും, ഡോക്ടർമാരെയും, നഴ്സിംഗ് സ്റ്റാഫിനെയും, ആശുപത്രിയിലെ മറ്റെല്ലാപേരേയും ഞാൻ അഭിനന്ദിക്കുന്നു. ചാരിറ്റബിൾ ആശുപത്രിയുടെ 125 വർഷത്തെ യാത്ര പൂർത്തിയാക്കിയതിന് നിങ്ങളെല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. കേരള ജനത നൂറ്റാണ്ടുകളായി നിലനിർത്തിപ്പോന്ന ആയുർവേദ  പാരമ്പര്യങ്ങളെ, നിങ്ങൾ സംരക്ഷിക്കുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

​സുഹൃത്തുക്കളേ,

​ദീർഘകാലമായി നമ്മുടെ രാജ്യത്ത് പുരാതന ചികിത്സാരീതികളെ ഒറ്റപ്പെട്ട വിഭാഗങ്ങളായാണ് കണ്ടുപോന്നത്. കഴിഞ്ഞ 10-11 വർഷത്തിനിടയിൽ ഈ സമീപനത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. ഇപ്പോൾ ആരോഗ്യ സേവനങ്ങളെ ഒരു സമഗ്രമായ കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നത്. ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ, യോഗ - ഇവയെല്ലാം ഞങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നിട്ടുണ്ട്, ഇതിനായാണ് ആയുഷ് മന്ത്രാലയം പ്രത്യേകം സൃഷ്ടിച്ചത്. രോ​ഗപ്രതിരോധ ആരോഗ്യത്തിൽ ഞങ്ങൾ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ ചിന്താഗതിയോടെയാണ് ദേശീയ ആയുഷ് മിഷൻ ആരംഭിച്ചത്. 12,000-ത്തിലധികം ആയുഷ് വെൽനസ് സെന്ററുകൾ തുറന്നു; ഈ കേന്ദ്രങ്ങളിൽ യോഗ, പ്രതിരോധ പരിചരണം, കമ്മ്യൂണിറ്റി ഹെൽത്ത് സർവീസുകൾ എന്നിവയെല്ലാം നൽകിവരുന്നു. രാജ്യത്തെ മറ്റ് ആശുപത്രികളെയും ഞങ്ങൾ ആയുഷ് സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ആയുഷ് മരുന്നുകളുടെ കൃത്യമായ വിതരണത്തിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്: ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ രാജ്യത്തിന്റെ ഓരോ കോണിലും എത്തണം എന്നതാണത്.

​സുഹൃത്തുക്കളേ,

​​ഗവൺമെന്റിന്റെ നയങ്ങളുടെ വ്യക്തമായ സ്വാധീനം ആയുഷ് മേഖലയിൽ ദൃശ്യമാണ്. ആയുഷ് നിർമ്മാണ മേഖല അതിവേഗം മുന്നേറുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ പരമ്പരാഗത ആരോ​ഗ്യ സംരക്ഷണം ലോകമെമ്പാടും എത്തിക്കുന്നതിന്, ​ഗവൺമെന്റ് ആയുഷ് കയറ്റുമതി പ്രമോഷൻ കൗൺസിൽ സ്ഥാപിച്ചു. ആയുഷ് ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിയിൽ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതിന്റെ ​ഗൂണപരമായ സ്വാധീനം നാം കണ്ടുതുടങ്ങിയിട്ടുണ്ട്. 2014-ൽ ഏകദേശം 3000 കോടി രൂപയുടെ ആയുഷ്-ഔഷധ ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 6500 കോടി രൂപയുടെ ആയുഷ്-ഔഷധ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇത് രാജ്യത്തെ കർഷകർക്കും വലിയ പ്രയോജനമാണ് നൽകുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് ആയുഷ് (AYUSH) അധിഷ്ഠിത മെഡിക്കൽ ടൂറിസത്തിന്റെ (Medical Value Travel) വിശ്വസനീയമായ ഒരു കേന്ദ്രമായി ഭാരതം ഉയർന്നുവരികയാണ്. ഇതിനായി ഞങ്ങൾ 'ആയുഷ് വിസ' (AYUSH Visa) പോലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ വിദേശത്തുനിന്ന് വരുന്നവർക്ക് ആയുർവേദ ചികിത്സയ്ക്കായി കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു.

സുഹൃത്തുക്കളേ,

ആയുർവേദം പോലുള്ള ഒരു പുരാതന ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗവൺമെന്റ് എല്ലാ വലിയ വേദികളിലും അത് അഭിമാനത്തോടെ അവതരിപ്പിക്കുന്നു. ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയായാലും ജി-20 രാജ്യങ്ങളുടെ യോഗമായാലും, അവസരം ലഭിച്ചിടത്തെല്ലാം, സമഗ്ര ആരോഗ്യത്തിനുള്ള ഒരു മാധ്യമമായി ഞാൻ ആയുർവേദത്തെ അവതരിപ്പിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആ​ഗോള പരമ്പരാ​ഗത വൈദ്യശാസ്ത്ര കേന്ദ്രവും (Global Traditional Medicine Centre) സ്ഥാപിക്കപ്പെടുന്നു. ജാംനഗറിൽ തന്നെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദം പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ആയുർവേദ മരുന്നുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഗംഗാ നദിയുടെ തീരത്ത് ഔഷധ കൃഷിയും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്തിന്റെ മറ്റൊരു നേട്ടം കൂടി നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ യൂണിയനുമായി ഇപ്പോൾ ഒരു വ്യാപാര കരാർ പ്രഖ്യാപിച്ചതായി നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും പ്രാക്ടീഷണർമാർക്കും ഈ വ്യാപാര കരാർ വലിയ ഉത്തേജനം നൽകുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിയന്ത്രണങ്ങൾ നിലവിലില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ, ഇന്ത്യയിൽ നേടിയ പ്രൊഫഷണൽ യോഗ്യതകളെ അടിസ്ഥാനമാക്കി നമ്മുടെ ആയുഷ് പ്രാക്ടീഷണർമാർക്ക് അവരുടെ സേവനങ്ങൾ നൽകാൻ കഴിയും. ആയുർവേദവും യോഗയുമായി ബന്ധപ്പെട്ട നമ്മുടെ യുവാക്കൾക്ക് ഇത് വളരെയധികം ഗുണം ചെയ്യും. യൂറോപ്പിൽ ആയുഷ് വെൽനസ് സെന്ററുകൾ സ്ഥാപിക്കുന്നതിനും ഈ കരാർ സഹായിക്കും. ആയുർവേദ-ആയുഷ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖരെയും ഈ കരാറിന്റെ പേരിൽ ഞാൻ അഭിനന്ദിക്കുന്നു

​സുഹൃത്തുക്കളേ,

ആയുർവേദത്തിലൂടെയുള്ള ചികിത്സാ പ്രവർത്തനങ്ങൾ ഭാരതത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്നു. എന്നാൽ രാജ്യത്തും പ്രധാനമായി വിദേശത്തുമുള്ള ആളുകൾക്ക് ആയുർവേദത്തിന്റെ പ്രാധാന്യം വിശദീകരിക്കേണ്ടിവരുന്നത് ഒരു ദൗർഭാഗ്യമാണ്. ഇതിനുള്ള ഒരു വലിയ കാരണം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന്റെ അഭാവമാണ്, ഗവേഷണ പ്രബന്ധങ്ങളുടെ അഭാവമാണ്; ആയുർവേദ സമ്പ്രദായം ശാസ്ത്ര തത്വങ്ങളിൽ പരീക്ഷിക്കപ്പെടുമ്പോൾ, ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകുന്നു. അതിനാൽ, ആയുർവേദത്തെ ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ ആര്യവൈദ്യശാല നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. സി.എസ്.ഐ.ആർ (CSIR), ഐ.ഐ.ടി (I.I.T) പോലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് നിങ്ങൾ പ്രവർത്തിക്കുന്നു. ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ റിസർച്ച്, ക്യാൻസർ ചികിത്സ എന്നിവയിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ കാൻസർ ഗവേഷണത്തിനായുള്ള ഒരു മികവിന്റെ കേന്ദ്രം (Centre of Excellence) സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

​സുഹൃത്തുക്കളേ,

​ഇപ്പോൾ മാറുന്ന കാലത്തിനനുസരിച്ച് ആയുർവേദത്തിൽ ആധുനിക സാങ്കേതികവിദ്യയുടെയും AI യുടെയും ഉപയോഗം നാം വർദ്ധിപ്പിക്കണം. രോഗ സാധ്യതകൾ കണ്ടെത്തുന്നതിനും വ്യത്യസ്ത രീതികളിലൂടെ ചികിത്സയ്ക്കും, നൂതനമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും.

​സുഹൃത്തുക്കളേ,

​പാരമ്പര്യവും ആധുനികതയും ഒത്തുപോകുമെന്നും ആരോഗ്യസേവനം ജനങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനമായി മാറുമെന്നും ആര്യവൈദ്യശാല തെളിയിച്ചിട്ടുണ്ട്. ആയുർവേദത്തിന്റെ പഴയ അറിവുകളെ സംരക്ഷിച്ചുകൊണ്ട് തന്നെ ഈ സ്ഥാപനം ആധുനിക ആവശ്യങ്ങളെ സ്വീകരിച്ചിട്ടുണ്ട്. ചികിത്സാ രീതികൾ വ്യവസ്ഥാപിതമാക്കുകയും സേവനങ്ങൾ രോഗികളിലേക്ക് എത്തിക്കുകയും ചെയ്തു. ഈ പ്രചോദനാത്മകമായ യാത്രയ്ക്ക് ഞാൻ ആര്യവൈദ്യശാലയെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. വരും വർഷങ്ങളിലും ഇതേ സമർപ്പണത്തോടും സേവന മനോഭാവത്തോടും കൂടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

വളരെയധികം നന്ദി. നമസ്കാരം.

****


(रिलीज़ आईडी: 2219714) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Gujarati , Telugu