രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഭവനിൽ ഗ്രന്ഥകുടീരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവ്വഹിച്ചു

प्रविष्टि तिथि: 23 JAN 2026 7:11PM by PIB Thiruvananthpuram

ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് രാഷ്ട്രപതി ഭവനിൽ ഗ്രന്ഥകുടിരം ഉദ്ഘാടനം ചെയ്തു. തമിഴ്, സംസ്‌കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ, മറാഠി, പാലി, പ്രാക്രിത്, ആസാമീസ്, ബംഗാളി എന്നിങ്ങനെ ഇന്ത്യയിലെ 11 ക്ലാസിക്കൽ ഭാഷകളിലെ കയ്യെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും സമ്പന്നമായ ശേഖരം ഗ്രന്ഥകുടീരത്തിലുണ്ട്.

 



ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്‌കാരിക, ദാർശനിക, സാഹിത്യ, ബൗദ്ധിക പൈതൃകം പ്രദർശിപ്പിക്കുന്നതാണ് ഗ്രന്ഥകുടീരം. രാജ്യത്തെ 11 ക്ലാസിക്കൽ ഭാഷകളിലായി ഏകദേശം 2,300 പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്. 2024 ഒക്ടോബർ മൂന്നിനാണ് കേന്ദ്ര സർക്കാർ മറാത്തി, പാലി, പ്രാക്രിത്, ആസാമീസ്, ബംഗാളി ഭാഷകൾക്ക് 'ക്ലാസിക്കൽ ഭാഷ' പദവി നൽകിയത്. അതിനുമുമ്പ്, ആറ് ഭാഷകൾക്കായിരുന്നു ക്ലാസിക്കൽ ഭാഷാ പദവി ഉണ്ടായിരുന്നത്.  ഇതിഹാസങ്ങൾ, തത്ത്വചിന്ത, ഭാഷാശാസ്ത്രം, ചരിത്രം, ഭരണം, ശാസ്ത്രം, ഭക്തിസാഹിത്യം, ഇന്ത്യൻ ഭരണഘടന തുടങ്ങിയ ഈ ഭാഷകളിലുള്ള വിപുല ശ്രേണിയിലുള്ള വിഷയങ്ങൾ ഗ്രന്ഥ കുടീരത്തിന്റെ ശേഖരത്തിൽ ഉൾക്കൊള്ളുന്നു. അമ്പതോളം കയ്യെഴുത്തുപ്രതികളും ഈ ശേഖരത്തിന്റെ ഭാഗമാണ്. ഈ കൈയെഴുത്തുപ്രതികളിൽ പലതും പനയോല, കടലാസ്, മരത്തൊലി, തുണി തുടങ്ങിയ പരമ്പരാഗത വസ്തുക്കളിൽ കൈകൊണ്ട് എഴുതിയവയാണ്.

 



 

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാംസ്‌കാരിക സംഘടനകൾ, രാജ്യത്തുടനീളമുള്ള വ്യക്തിഗത ദാതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രന്ഥകുടീരം വികസിപ്പിച്ചെടുത്തത്.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഈ സംരംഭത്തെ പിന്തുണച്ചു. കയ്യെഴുത്തുപ്രതികളുടെ കൈകാര്യം, സംരക്ഷണം, രേഖാവത്കരണം, പ്രദർശനം എന്നിവയിൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (ഐജിഎൻസിഎ) പ്രൊഫഷണൽ വൈദഗ്ദ്ധ്യം പ്രദാനം ചെയ്യുന്നു.

 



 

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക, സാഹിത്യ പൈതൃകത്തെക്കുറിച്ചുള്ള അവബോധം പൗരന്മാരിൽ വർദ്ധിപ്പിക്കുക എന്നതാണ് ഗ്രന്ഥകുടീരം വികസിപ്പിക്കുന്നതിന്റെ ലക്ഷ്യം. കോളനിവത്കരണ മനോഭാവത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുനീക്കാനുള്ള ദേശീയ ദൃഢനിശ്ചയത്തിന് അനുസൃതമായി, നാനാത്വത്തിൽ ഏകത്വമെന്ന ചൈതന്യം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രമുഖ കൃതികളിലൂടെ സമ്പന്നമായ പൈതൃകത്തെ പ്രദർശിപ്പിക്കുന്നതിനായാണ് ഗ്രന്ഥകുടീരം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വിശാലമായ കയ്യെഴുത്തുപ്രതി പൈതൃകത്തെ സംരക്ഷിക്കാനും ഡിജിറ്റൽ വത്കരിക്കാനും പ്രചരിപ്പിക്കാനും, ഭാവി തലമുറകൾക്കായി പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കാനുമുള്ള ദേശീയ സംരംഭമായ 'വിജ്ഞാന ഭാരത ദൗത്യ'ത്തിന്റ ദർശനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ശ്രമമാണ് ഗ്രന്ഥകുടീരം.

 



 

വില്യം ഹൊഗാർത്തിന്റെ അസ്സൽ രചനകളുടെ കാറ്റലോഗ്, കെഡിൽസ്റ്റണിലെ കഴ്‌സൺ പ്രഭുവിന്റെ പ്രസംഗങ്ങൾ, കെഡിൽസ്റ്റണിലെ കഴ്‌സൺ പ്രഭുവിന്റെ ഭരണസംവിധാന സംഗ്രഹം, കഴ്‌സൺ പ്രഭുവിന്റെ ജീവിതം, 'പഞ്ച്' മാഗസിനുകൾ തുടങ്ങിയവയും മറ്റും മുമ്പ് ഇവിടെ സൂക്ഷിച്ചിരുന്നു. അവ ഇപ്പോൾ രാഷ്ട്രപതി ഭവൻ എസ്റ്റേറ്റിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. ചരിത്ര-പുരാരേഖാ ശേഖരത്തിന്റെ ഭാഗമായ ഈ പുസ്തകങ്ങൾ ഡിജിറ്റൽവത്കരിച്ചിട്ടുണ്ട്. അവ ഗവേഷക പണ്ഡിതർക്ക് ഓൺലൈനിൽ ലഭ്യമാവും.

 



 

രാഷ്ട്രപതി ഭവനിലെ സർക്യൂട്ട് 1 -ലൂടെ നടത്തുന്ന പര്യടനവേളയിൽ സന്ദർശകർക്ക് കൃതികളും കയ്യെഴുത്തുപ്രതികളും കാണാൻ സാധിക്കും. കൂടാതെ, ആളുകൾക്ക് ശേഖരത്തിന്റെ വിവരങ്ങൾ പ്രാപ്യമാക്കാനും ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകുന്ന പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും വായിക്കാനും കഴിയും. ഗ്രന്ഥകുടീരത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഗവേഷകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാനും കഴിയും.

ഈ ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭ്യമാവാൻ ചില പുരാതന കൃതികൾ പങ്കുവഹിച്ചിട്ടുണ്ട്. സംസ്‌കൃതത്തിൽ വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, മറാത്തിയിൽ അറിയപ്പെടുന്ന ആദ്യകാല സാഹിത്യകൃതിയായ ഗാഥാസപ്തശതി, പാലിയിൽ ബുദ്ധ സന്യാസിമാർക്കുള്ള സന്യാസചട്ടങ്ങൾ വിവരിക്കുന്ന വിനയ പിടക, സുപ്രധാന ചരിത്ര രേഖകളായി വർത്തിക്കുന്ന ജൈന ആഗമങ്ങൾ, പ്രാക്രിത് ഭാഷയിലുള്ള ലിഖിതങ്ങൾ, ആസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിൽ പുരാതന ബുദ്ധ താന്ത്രിക ഗ്രന്ഥങ്ങളായ ചര്യപാദങ്ങൾ, തമിഴിൽ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ക്ലാസിക് തമിഴ് ഗ്രന്ഥമായ തിരുക്കുറൽ; തെലുങ്കിൽ മഹാഭാരതം, കന്നഡയിൽ വാചാടോപം, കാവ്യശാസ്ത്രം, വ്യാകരണം എന്നിവയെക്കുറിച്ച് ലഭ്യമായ ആദ്യകാല കൃതിയായ കവിരാജമാർഗം, മലയാളത്തിൽ രാമചരിതം എന്നിവയാണവ.

ഇന്ത്യൻ സംസ്‌കാരത്തിന് അടിത്തറ പാകിയത് ക്ലാസിക്കൽ ഭാഷകളാണെന്ന് ഗ്രന്ഥകൂടിരത്തിന്റെ ഉദ്ഘാടനത്തിനുശേഷം സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളിൽ രചിക്കപ്പെട്ട ശാസ്ത്രം, യോഗ, ആയുർവേദം, സാഹിത്യം എന്നിവയെക്കുറിച്ചുള്ള അറിവ് നൂറ്റാണ്ടുകളോളം ലോകത്തെ നയിച്ചിട്ടുണ്ട്. തിരുക്കുറൽ, അർത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങൾ ഇന്നും കാലിക പ്രസക്തമാണ്. ഈ ഭാഷകളിലൂടെയാണ് ഗണിതം, ജ്യോതിശാസ്ത്രം, ആയുർവേദം, വ്യാകരണം തുടങ്ങിയ വിഷയങ്ങൾ വികസിതമായത്. പാണിനിയുടെ വ്യാകരണം, ആര്യഭടന്റെ ഗണിതശാസ്ത്രം, ചരകന്റെയും സുശ്രുതന്റെയും വൈദ്യശാസ്ത്രം എന്നിവ ഇന്നും ലോകത്തെ വിസ്മയപ്പെടുത്തുന്നു. ആധുനിക ഇന്ത്യൻ ഭാഷകളുടെ വികാസത്തിനും ഈ ക്ലാസിക്കൽ ഭാഷകൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഈ ഭാഷകളുടെ സംഭാവനകളെ ആദരിക്കുന്നതിനും അവയുടെ സംരക്ഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അവയ്ക്ക് ക്ലാസിക്കൽ ഭാഷകളുടെ പ്രത്യേക പദവി നൽകിയിരിക്കുന്നത്. ക്ലാസിക്കൽ ഭാഷകളിൽ സഞ്ചിതമായിരിക്കുന്ന വിജ്ഞാന സമ്പത്ത് സമ്പന്നമായ ഭൂതകാലത്തിൽ നിന്ന് പഠിക്കാനും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമായ പൈതൃകത്തിന്റെയും വികസനത്തിന്റെയും ഈ സംയോജനം ക്ലാസിക്കൽ ഭാഷകളുടെ പ്രാധാന്യത്തെയും അടിവരയിടുന്നുവെന്ന് അവർ പറഞ്ഞു.

നമ്മുടെ ഭാഷകളുടെ പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ചുമതലാബോധമുള്ള എല്ലാ ജനങ്ങളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സർവകലാശാലകളിൽ ക്ലാസിക്കൽ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ കുറഞ്ഞത് ഒരു ക്ലാസിക്കൽ ഭാഷയെങ്കിലും പഠിക്കാൻ പ്രോത്സാഹിപ്പിക്കുക, വായനശാലകളിൽ ഈ ഭാഷകളിൽ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കുക എന്നിവ ഈ ക്ലാസിക്കൽ ഭാഷകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിർണായകമാണ്.

ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായുള്ള രാഷ്ട്രപതി ഭവന്റെ കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് ഗ്രന്ഥകുടീരമെന്ന് രാഷ്ട്രപതി പറഞ്ഞു. ക്ലാസിക്കൽ ഭാഷകളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരം ഈ കുടീരത്തിൽ വർദ്ധിക്കുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. ഈ ഗ്രന്ഥകൂടീരത്തിലെ ശേഖരം എല്ലാ സന്ദർശകരെയും, പ്രത്യേകിച്ച് യുവാക്കളെ ക്ലാസിക്കൽ ഭാഷകളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും പ്രചോദിപ്പിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി ശ്രീ. റാവു ഇന്ദർജിത് സിങ്, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി, വിഷയ വിദഗ്ധർ, കൃതികൾ നൽകിയവർ, സംസ്ഥാന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2218002) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati