ഷിപ്പിങ് മന്ത്രാലയം
ഇന്ത്യയിലെ ഉൾനാടൻ ജലപാതകളിൽ ഗ്രീൻ മൊബിലിറ്റി, ചരക്കുനീക്കം, നദീതട ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ₹1,500 കോടിയിലധികം പദ്ധതികൾക്ക് IWDC 3.0 അംഗീകാരം നൽകി
प्रविष्टि तिथि:
23 JAN 2026 6:39PM by PIB Thiruvananthpuram
ഇന്ത്യയുടെ ഉൾനാടൻ ജലഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും പ്രധാന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് അംഗീകാരം നല്കുന്നതിനും രാജ്യത്തെ നദികളുടെ പൂർണ്ണമായ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ ഒരു രൂപരേഖ തയ്യാറാക്കിക്കൊണ്ട് ഉൾനാടൻ ജലപാത വികസന കൗൺസിലിൻ്റെ (IWDC 3.0) മൂന്നാമത് യോഗം സമാപിച്ചു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ നടന്ന ഏകദിന യോഗത്തിൽ ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ബിഹാർ ഗതാഗത മന്ത്രി ശർവൻ കുമാർ, നാഗാലാൻഡ് ഊർജ്ജ, പാർലമെൻ്ററി കാര്യ മന്ത്രി കെ.ജി. കെൻയെ, അരുണാചൽ പ്രദേശ് ഗ്രാമവികസന മന്ത്രി ഒജിംഗ് താസിംഗ്, ഉത്തർപ്രദേശ് ഗതാഗത മന്ത്രി ദയാശങ്കർ സിംഗ്, പഞ്ചാബ് ജലവിഭവ മന്ത്രി ബരീന്ദർ കുമാർ ഗോയൽ എന്നിവർ പങ്കെടുത്തു. സുസ്ഥിരവും കാര്യക്ഷമവുമായ ചരക്കുനീക്കത്തിൻ്റെ പ്രധാന സ്തംഭമെന്ന നിലയിൽ ഉൾനാടൻ ജലഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ യോഗം മാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഗതാഗത, ചരക്കുനീക്ക പരിവർത്തനത്തിൻ്റെ തന്ത്രപരമായ സ്തംഭമായി ഉൾനാടൻ ജലപാതകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. "നമ്മുടെ ഊർജ്ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾനാടൻ ജലപാതകൾക്ക് പ്രത്യേക പ്രോത്സാഹനം നല്കിയിട്ടുണ്ട്. ഇത് റോഡുകളിലെ തിരക്ക് കുറയ്ക്കാനും ചരക്കുനീക്ക ചെലവ് കുറയ്ക്കാനും വ്യാപാരം എളുപ്പമാക്കുന്നത് ശക്തിപ്പെടുത്താനും സഹായിച്ചു. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഉൾനാടൻ ജലപാതകൾ ഇന്ത്യയുടെ ബഹുമാതൃക ചരക്കുനീക്ക ചട്ടക്കൂടിൻ്റെ തന്ത്രപ്രധാനമായ നെടുംതൂണായി മാറി. ഈ ദർശനത്താൽ നയിക്കപ്പെടുന്ന നദികളെ ഇനി വെറും പ്രകൃതിവിഭവങ്ങളായല്ല, മറിച്ച് വളർച്ചയും സുസ്ഥിരതയും കണക്റ്റിവിറ്റിയും നയിക്കുന്ന സാമ്പത്തിക ജീവനാഡികളായാണ് കാണുന്നത്", അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിശാലമായ കായലുകളും കനാൽ ശൃംഖലയും ഉൾനാടൻ ജലപാതകൾക്കുള്ള വലിയൊരു അവസരമായി എടുത്തുപറയപ്പെട്ടു. ഗുവാഹത്തി, വാരാണസി, പട്ന, തേജ്പൂർ, ദിബ്രുഗഡ് എന്നിവയുൾപ്പെടെ 18 നഗരങ്ങളിൽ നഗര ജലഗതാഗതത്തിനായുള്ള സാധ്യതാ പഠനം നടത്തുന്നതിനുള്ള IWAI-യുടെ സംരംഭത്തെക്കുറിച്ചും കൗൺസിൽ പരാമർശിച്ചു.
സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗതവും ചരക്കുനീക്കവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രധാന പ്രഖ്യാപനങ്ങളിലൂടെയാണ് IWDC 3.0-ൽ കേരളം ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയത്. ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കത്തിന് ചെലവഴിക്കുന്ന ആകെ പ്രവർത്തന ചെലവിൻ്റെ 35 ശതമാനം വരെ തിരിച്ചുനൽകൽ വാഗ്ദാനം ചെയ്യുന്ന ജൽ വാഹക് കാർഗോ പ്രമോഷൻ പദ്ധതി കേരളം ഉൾപ്പെടെയുള്ള മറ്റ് ദേശീയ ജലപാതകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. IWAI അല്ലെങ്കിൽ ICSL ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന കപ്പലുകൾ വാടകയ്‌ക്കെടുക്കാൻ ചരക്ക് ഉടമകളെ പ്രാപ്തരാക്കുന്നതിലൂടെ ഈ പദ്ധതി സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രമുഖ ഷിപ്പിംഗ് കമ്പനികൾ, ചരക്ക് കൈമാറ്റക്കാർ, വ്യാപാര സ്ഥാപനങ്ങൾ, ബൾക്ക്, കണ്ടെയ്നറൈസ്ഡ് ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഓപ്പറേറ്റർമാർ എന്നിവർക്ക് ഇത് പ്രത്യേകിച്ചും ആകർഷകമായിരിക്കും. തുടക്കത്തിൽ മൂന്ന് വർഷത്തേക്ക് കാലാവധിയുള്ള ഈ സംരംഭം വിതരണ ശൃംഖലകളെ കുറ്റമറ്റതാക്കാനും ജലാധിഷ്ഠിത ചരക്കുനീക്കത്തിൻ്റെ വാണിജ്യപരമായ സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കും. ചരക്ക് ഗതാഗതത്തിന് കാര്യക്ഷമവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ മാർഗ്ഗമായി ജലപാതകളെ സജ്ജമാക്കുന്നതിനായി, വാണിജ്യപരമായി ലാഭകരമായ പാതകളിൽ നിശ്ചിത ദിന ഷെഡ്യൂൾഡ് സെയിലിംഗ് സർവ്വീസുകൾ ആരംഭിക്കുമെന്നും IWDC-യിൽ പ്രഖ്യാപിച്ചു. കേരള പാക്കേജിൽ റിവർ ക്രൂയിസ് ജെട്ടികളുടെ വികസനവും ഒരു സർവേ കപ്പലിൻ്റെ ഉൾപ്പെടുത്തലും ഉൾപ്പെടുന്നു. ഇത് യാത്രക്കാരുടെ സഞ്ചാരത്തിനും വിനോദസഞ്ചാരത്തിനും സുരക്ഷിതമായ നാവിഗേഷനുമുള്ള സംസ്ഥാനത്തിൻ്റെ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
കാർബൺ ഉദ്വമനം കുറയ്ക്കാനും, റോഡുകളിലേയും റെയിൽവേയിലേയും തിരക്ക് ഒഴിവാക്കാനും, മൊത്തത്തിലുള്ള ചരക്കുനീക്ക ചെലവ് കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗമാണ് ഉൾനാടൻ ജലപാതകളെന്ന് യോഗം ആവർത്തിച്ചു. സമുദ്ര സമ്പദ് വ്യവസ്ഥയുടെ അതിവേഗം വളരുന്ന മേഖലകളിലൊന്നായി റിവർ ക്രൂയിസ് ടൂറിസത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനിക ക്രൂയിസ് ടെർമിനലുകൾ, മെച്ചപ്പെട്ട നാവിഗേഷൻ സംവിധാനങ്ങൾ, പ്രത്യേക ക്രൂയിസ് സർക്യൂട്ടുകൾ എന്നിവ സർക്കാർ വികസിപ്പിച്ചുവരികയാണ്.
ഹരിത ചലനാത്മകത ത്വരിതപ്പെടുത്തുക, ബഹുമാതൃക ചരക്കുനീക്കം ശക്തിപ്പെടുത്തുക, നദികൾ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള 1,500 കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ IWDC 3.0 തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളം, ഗുജറാത്ത്, കർണാടക, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ റിവർ ക്രൂയിസ് ജെട്ടികൾ ഉൾപ്പെടെ 150 കോടി രൂപയിലധികം വരുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇത് രാജ്യത്തുടനീളമുള്ള ക്രൂയിസ് ടൂറിസം സർക്യൂട്ടുകളുടെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.
ചരക്ക് നീക്കം ശക്തിപ്പെടുത്തുന്നതിനായി ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിലെ (NW4) മുക്ത്യാലയിലും ഹരിശ്ചന്ദ്രപുരത്തും റോ-റോ, കാർഗോ ടെർമിനലുകൾ എന്നിവ വികസിപ്പിക്കുന്നതിനെക്കുറിച്ച് കൗൺസിലിനെ ബോധ്യപ്പെടുത്തി. ജമ്മു കശ്മീരിലെ ഝലം നദിയിൽ (NW49) യാത്രക്കാരുടെ സഞ്ചാരത്തേയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളേയും പിന്തുണയ്ക്കുന്നതിനുള്ള ഓൺഷോർ സൗകര്യങ്ങൾക്കും അംഗീകാരം നല്കി. ജമ്മു കശ്മീരിലെ NW 49-ൽ മൊത്തം 10 ഹൈബ്രിഡ് ഇലക്ട്രിക് കപ്പലുകൾ വിന്യസിക്കും.
ജലപാതകളുടെ സഞ്ചാരയോഗ്യത, സുരക്ഷ, വർഷം മുഴുവനുമുള്ള പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 465 കോടി രൂപയിലധികം മൂല്യമുള്ള ആസ്തി സംഭരണവും പ്രഖ്യാപിച്ചു. കേരളത്തിലെ സർവേ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ റോ-പാക്സ് ബെർത്തിംഗ് ജെട്ടികളും ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഫ്ലോട്ടിംഗ് പോണ്ടൂണുകളും ക്വിക്ക്-ഓപ്പണിംഗ് മെക്കാനിസങ്ങളും, ഹൈബ്രിഡ് സർവേ വെസലുകൾ, ആംഫിബിയൻ, കട്ടർ സക്ഷൻ ഡ്രെഡ്ജറുകൾ, ടഗ്-ബാർജ് യൂണിറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കൊച്ചിയിൽ സ്ലിപ്പ് വേ സൗകര്യം വികസിപ്പിക്കുക, ഒഡീഷ (25) വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (85) എന്നിവിടങ്ങളിലായി 110 ജെട്ടികളുടെ നിർമ്മാണം, മഹാരാഷ്ട്രയിൽ നാഷണൽ റിവർ ട്രാഫിക് ആൻഡ് നാവിഗേഷൻ സിസ്റ്റം (NRTNS) നടപ്പിലാക്കൽ, ഗുവാഹത്തിയിലെ ഉസാൻ ബസാർ ഘട്ടിൽ 70 കോടി രൂപയുടെ ക്രൂയിസ് ടെർമിനൽ വികസിപ്പിക്കൽ, ബ്രഹ്മപുത്രയിലെ (NW-2) ദിബ്രുഗഡിലുള്ള ബോഗിബീൽ നദീതട തുറമുഖത്തേക്ക് 144 കോടി രൂപയുടെ അപ്രോച്ച് റോഡ് കണക്റ്റിവിറ്റി പദ്ധതി എന്നിവയുൾപ്പെടെ 900 കോടിയിലധികം രൂപയുടെ പ്രധാന പുതിയ പദ്ധതികളെക്കുറിച്ച് കൗൺസിലിനെ ബോധ്യപ്പെടുത്തി.
"നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിന് കീഴിൽ, ഇന്ത്യയുടെ ഉൾനാടൻ ജലപാതകൾ ഹരിത വളർച്ചയുടേയും, ഡിജിറ്റൽ പരിവർത്തനത്തിൻ്റേയും, വിനോദസഞ്ചാര അധിഷ്ഠിത വികസനത്തിൻ്റേയും ശക്തമായ ഒരു ചാലകശക്തിയായി ഉയർന്നുവരികയാണ്. ചരക്ക് നീക്കം, പാസഞ്ചർ സർവീസുകൾ, ക്രൂയിസ് ടൂറിസം എന്നിവയിലെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിലൂടെ, നമ്മുടെ നദികൾ സുസ്ഥിരമായ സഞ്ചാരത്തിൻ്റേയും സാമ്പത്തിക അവസരങ്ങളുടേയും എഞ്ചിനുകളായി മാറുകയാണ്. ശുദ്ധ ഊർജ്ജ കപ്പലുകൾ, സ്മാർട്ട് നാവിഗേഷൻ സംവിധാനങ്ങൾ, ലോകോത്തര പാസഞ്ചർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ചരക്കുനീക്ക ചെലവും കാർബൺ ഉദ്വമനവും കുറയ്ക്കാനും പുതിയ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനുമുള്ള ജലപാതകളുടെ പൂർണ്ണമായ സാധ്യതകൾ ഞങ്ങൾ തുറക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പോലുള്ള സംരംഭങ്ങളുടെ വിജയം, നദികൾക്ക് എങ്ങനെ നഗര ഗതാഗതത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് കാണിച്ചുതരുന്നു. വികസിത ഭാരതത്തിലേക്കുള്ള പാതയിൽ ഇന്ത്യയുടെ ജലപാതകൾ എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് കരുത്തേകുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ഗുവാഹത്തി, വാരാണസി, പട്ന, തേജ്പൂർ, ദിബ്രുഗഡ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലുടനീളം ഈ മാതൃക ആവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ശ്രീ സോനോവാൾ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നല്കിയിട്ടുണ്ട്. അവിടെ ജലപാതാ പദ്ധതികൾ കണക്റ്റിവിറ്റി, വ്യാപാരം, വിനോദസഞ്ചാരം, നദീതട സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗം എന്നിവയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500 കോടി രൂപയിലധികം നിക്ഷേപത്തോടെ വടക്കുകിഴക്കൻ മേഖലയിലുടനീളം 85 ജെട്ടികൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു, ഇത് പ്രാദേശിക ലോജിസ്റ്റിക്സ് സംയോജനത്തെ ശക്തിപ്പെടുത്തും.
“ഇന്ത്യയുടെ ഉൾനാടൻ ജലപാതാ കാഴ്ചപ്പാടിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളത്. വിശാലമായ നദീശൃംഖലയുള്ള ഈ പ്രദേശത്തിന് സുസ്ഥിരമായ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ പ്രധാന കേന്ദ്രമായി ഉയർന്നു വരാനുള്ള ശേഷിയുണ്ട്. 500 കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ 85 ജെട്ടികൾ വികസിപ്പിക്കുന്നത് കണക്റ്റിവിറ്റിയെ ഗണ്യമായി ശക്തിപ്പെടുത്തുകയും, പ്രാദേശിക ലോജിസ്റ്റിക്സിനെ സംയോജിപ്പിക്കുകയും, നദീതട സമൂഹങ്ങൾക്ക് പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഉൾനാടൻ ജലപാതകൾ വടക്കുകിഴക്കൻ മേഖലയെ ദേശീയ വിപണികളിലേക്ക് അടുപ്പിക്കുക മാത്രമല്ല, വളർച്ചയുടേയും ഐശ്വര്യത്തിൻ്റേയും പ്രാദേശിക സംയോജനത്തിൻ്റേയും പ്രവേശന കവാടമെന്ന നിലയിലുള്ള അതിൻ്റെ പങ്ക് തുറന്നുകൊടുക്കുകയും ചെയ്യും,” സർബാനന്ദ സോനോവാൾ പറഞ്ഞു.
“അസമിനെ സംബന്ധിച്ചിടത്തോളം, ഗുവാഹത്തിയിലെ ഉസാൻ ബസാർ ഘട്ടിൽ 70 കോടി രൂപയുടെ ക്രൂയിസ് ടെർമിനലിനും ദിബ്രുഗഡിലെ ബോഗിബീൽ നദീതട തുറമുഖത്തേക്കുള്ള 144 കോടി രൂപയുടെ അപ്രോച്ച് റോഡ് കണക്റ്റിവിറ്റി പ്രോജക്റ്റിനും കൗൺസിൽ അംഗീകാരം നല്കിയിട്ടുണ്ട്. ഈ പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഉൾനാടൻ ജലപാത അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുകയും, റിവർ ക്രൂയിസ് ടൂറിസത്തിന് ഉത്തേജനം നല്കുകയും, അവസാന കിലോമീറ്റർ വരെയുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. വടക്കുകിഴക്കൻ മേഖലയെ വളർച്ചയുടെ അഷ്ടലക്ഷ്മി എഞ്ചിനായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ഈ സംരംഭങ്ങൾ ബ്രഹ്മപുത്ര നദിയിലുടനീളം വ്യാപാരം, തൊഴിൽ, സുസ്ഥിര വികസനം എന്നിവയ്ക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കും.” (അസമിന് വേണ്ടി)
കഴിഞ്ഞ ദശകത്തിൽ ഈ മേഖല കൈവരിച്ച ദ്രുതഗതിയിലുള്ള വിപുലീകരണം യോഗം വിലയിരുത്തി. ദേശീയ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം 2013-14 ലെ 18 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 145.84 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. അതേസമയം പ്രവർത്തനക്ഷമമായ ദേശീയ ജലപാതകളുടെ എണ്ണം മൂന്നിൽ നിന്ന് 32 ആയി പത്തിരട്ടിയായി വർദ്ധിച്ചു. ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ എണ്ണം അഞ്ചിൽ നിന്ന് 25 ആയി വർദ്ധിച്ചു. ഇത് വ്യവസായം, നിക്ഷേപകർ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെ എടുത്തുകാണിക്കുന്നു. പ്രവർത്തനക്ഷമമായ ടെർമിനലുകളുടെ എണ്ണം 15-ൽ നിന്ന് 25 ആയും, ഫ്ലോട്ടിംഗ് ജെട്ടികൾ 30-ൽ നിന്ന് 100 ആയും ഉയർന്നു. ഹരിത, ഹൈബ്രിഡ് കപ്പലുകളുടെ വിന്യാസം, ഡിജിറ്റൽ നാവിഗേഷൻ, ട്രാഫിക് മാനേജ്‌മെൻ്റ് സംവിധാനങ്ങളുടെ വിപുലീകരണം, ആധുനിക ഉൾനാടൻ ടെർമിനലുകളുടെ വികസനം, കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, മാരിടൈം നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെ സർക്കാരിൻ്റെ മുന്നോട്ടുള്ള മുൻഗണനകൾ കൗൺസിൽ വീണ്ടും ഉറപ്പിച്ചു.
പ്രതിരോധശേഷിയുള്ള നഗര ജലഗതാഗത സംവിധാനങ്ങൾ നിർമ്മിക്കുക, ചരക്ക് ഗതാഗതത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, യാത്രക്കാരുടെ സഞ്ചാരത്തിനായി ഹരിത-ഹൈബ്രിഡ് കപ്പലുകൾ പ്രോത്സാഹിപ്പിക്കുക, റിവർ ക്രൂയിസ് ടൂറിസം വിപുലീകരിക്കുക, ഡിജിറ്റൽ-സുസ്ഥിര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. നിലവിലുള്ളതും നിർദ്ദിഷ്ടവുമായ ഉൾനാടൻ ജലഗതാഗത പദ്ധതികളെക്കുറിച്ച് സംസ്ഥാനങ്ങൾ ഉന്നയിച്ച നിയന്ത്രണപരമായ പ്രശ്നങ്ങളും ആശങ്കകളും അവലോകനം ചെയ്യുകയും ഏകോപിത ശ്രമങ്ങളിലൂടെ നിർവ്വഹണം വേഗത്തിലാക്കാൻ ഊന്നൽ നല്കുകയും ചെയ്തു. 2024-ലെ IWDC 1.0, 2025-ലെ IWDC 2.0 എന്നിവയിൽ സ്ഥാപിച്ച അടിത്തറയിലാണ് IWDC 3.0 കെട്ടിപ്പടുത്തിരിക്കുന്നത്. സുസ്ഥിരത, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ, വേഗത്തിലുള്ള പദ്ധതി നടപ്പാക്കൽ എന്നിവയിലാണ് ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
IWDC 1.0, 2.0 എന്നിവയ്ക്ക് ശേഷം കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും ഉൾനാടൻ ജലപാതകളുടെ അടുത്ത ഘട്ട വളർച്ച ആസൂത്രണം ചെയ്യുന്നതിനുമായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയ സെക്രട്ടറി വിജയ് കുമാർ, IWAI ചെയർപേഴ്സൺ സുനിൽ പാലിവാൾ, IWAI വൈസ് ചെയർമാൻ സുനിൽ കുമാർ സിംഗ് എന്നിവരും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. ഏകദിന യോഗം ഈ മേഖലയിലെ നേട്ടങ്ങൾ അവലോകനം ചെയ്യുകയും പ്രധാന നിക്ഷേപങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ഉൾനാടൻ ജലപാതകളുടെ വികസനത്തിനായി ഭാവി കാഴ്ചപ്പാടോടെയുള്ള ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
ഉൾനാടൻ ജലഗതാഗതം വിപുലീകരിക്കുന്നതിനും, പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, നദികളെ സാമ്പത്തിക വളർച്ചയുടെ എഞ്ചിനുകളായി മാറ്റുന്നതിനുമുള്ള കേന്ദ്രത്തിൻ്റേയും സംസ്ഥാനങ്ങളുടേയും പൊതു പ്രതിബദ്ധതയോടെ IWDC 3.0 സമാപിച്ചു. ചരക്കുകൾക്കും യാത്രക്കാർക്കും ഒരുപോലെ അനുയോജ്യമായതും ഭാവിയിലേക്ക് സജ്ജമായതുമായ ഒരു ഗതാഗത മാർഗ്ഗമാണ് ഉൾനാടൻ ജലപാതകളെന്ന് യോഗം വീണ്ടും ഉറപ്പിച്ചു. ഇത് ശുദ്ധമായ ഗതാഗതത്തിനും സ്മാർട്ട് ലോജിസ്റ്റിക്സിനും കരുത്തുറ്റ ഇന്ത്യയ്ക്കും സംഭാവന നല്കുന്നു.
ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നതിലൂടെ റോഡ്, റെയിൽ ശൃംഖലകളിലെ തിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ ഉൾനാടൻ ജലപാതകൾ നിർണ്ണായക പങ്ക് വഹിക്കുന്നത് തുടരുന്നു. 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 111 ദേശീയ ജലപാതകൾ റോ-റോ വാഹന നീക്കം, ക്രൂയിസ് ടൂറിസം തുടങ്ങിയ സംരംഭങ്ങളെ വലിയ തോതിൽ പിന്തുണയ്ക്കുന്നു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള IWAI ആണ് ദേശീയ ജലപാതകളുടെ വികസനം, പരിപാലനം, നിയന്ത്രണം എന്നിവയുടെ ഉത്തരവാദിത്തമുള്ള നോഡൽ ഏജൻസി.


***
(रिलीज़ आईडी: 2217915)
आगंतुक पटल : 17