ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ, നബാർഡ്, ആർ.ബി.ഐ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതന, പെൻഷൻ പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

प्रविष्टि तिथि: 23 JAN 2026 10:44AM by PIB Thiruvananthpuram

സാമ്പത്തിക മേഖലയിലെ പെൻഷൻകാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി സ്വീകരിച്ച നിരവധി നടപടികളുടെ ഭാഗമായി, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ (PSGIC), നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (NABARD) എന്നിവയിലെ ജീവനക്കാരുടെ ദീർഘകാലമായി മുടങ്ങിക്കിടന്ന വേതനപരിഷ്കരണത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.


പെൻഷൻകാരുടെ സുദീർഘവും സമർപ്പിതവുമായ പ്രൊഫഷണൽ സേവനത്തെ അംഗീകരിക്കുന്നതോടൊപ്പം, അവരുടെ സാമൂഹിക സുരക്ഷയും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സർക്കാരിൻ്റെ നിരന്തര പ്രതിബദ്ധതയും ഊന്നലും ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു.

പരിഷ്കരണത്തിൻ്റെ പ്രധാന സവിശേഷതകൾ ചുവടെ വിശദീകരിക്കുന്നു:

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ (PSGICs):
 
വേതന പരിഷ്കരണം: പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരുടെ വേതനപരിഷ്‌കരണത്തിന് 01.08.2022 മുതൽ പ്രാബല്യമുണ്ടാകും. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തയിലും 14 ശതമാനം വർദ്ധനവ് അനുവദിക്കുന്നതോടെ, മൊത്തത്തിൽ 12.41 ശതമാനത്തിൻ്റെ വർദ്ധനവാണ് ഉണ്ടാവുക. ആകെ 43,247 ജീവനക്കാർക്ക് ഈ പരിഷ്‌കരണത്തിൻ്റെ പ്രയോജനം ലഭിക്കും. കൂടാതെ, 01.04.2010 ന് ശേഷം സേവനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി, ദേശീയ പെൻഷൻ പദ്ധതി പ്രകാരമുള്ള സർക്കാർ സംഭാവന 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തുന്നതും പരിഷ്‌കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുടുംബ പെൻഷൻ പരിഷ്കരണം: ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ശതമാനം ഏകീകൃത നിരക്കിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കും. നിലവിലുള്ള 15,582 കുടുംബ പെൻഷൻകാരിൽ 14,615 പേർക്ക് ഈ പരിഷ്കരണത്തിൻ്റെ പ്രയോജനം ലഭിക്കും. സ്ഥാപനത്തിൻ്റെ പുരോഗതിക്ക് അവർ നൽകിയ അമൂല്യമായ സംഭാവനകൾക്കുള്ള അംഗീകാരവും നന്ദിയും പ്രകാശിപ്പിക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

സാമ്പത്തിക ബാധ്യത: ഈ പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള മൊത്തം ചെലവ് 8,170.30 കോടി രൂപയായിരിക്കും. ഇതിൽ വേതന പരിഷ്‌കരണ കുടിശ്ശികയായി 5,822.68 കോടി രൂപയും, ദേശീയ പെൻഷൻ പദ്ധതി സംഭാവനയായ 250.15 കോടി രൂപയും, കുടുംബ പെൻഷൻ പരിഷ്‌കരണത്തിനായി നീക്കിവെച്ച 2,097.47 കോടി രൂപയും ഉൾപ്പെടുന്നു.

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL), ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (NIACL), ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (OICL), യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIICL), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (GIC), അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (AICIL) എന്നിവ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഉൾപ്പെടുന്നു.

നബാർഡ്

ശമ്പള പരിഷ്കരണം: 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെയുള്ള ഈ ശമ്പള വർദ്ധനവ് മുഖേന നബാർഡിലെ ഗ്രൂപ്പ് 'എ', 'ബി', 'സി' ജീവനക്കാർക്ക് ഏകദേശം 20 ശതമാനമാണ് നേട്ടം. നിലവിൽ സേവനമനുഷ്ഠിക്കുന്നവരും മുൻ ജീവനക്കാരും ഉൾപ്പെടെ ഏകദേശം 3,800 പേർക്ക് ഈ പരിഷ്‌കരണത്തിൻ്റെ പ്രയോജനം ലഭിക്കും.

പെൻഷൻ പരിഷ്കരണം: 2017 നവംബർ 1 ന് മുമ്പ് നബാർഡിൽ നേരിട്ട് നിയമിതരായി സേവനത്തിൽ പ്രവേശിച്ച് വിരമിച്ച നബാർഡ് പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും അടിസ്ഥാന പെൻഷൻ/കുടുംബ പെൻഷൻ, മുൻ ആർബിഐ–നബാർഡ് പെൻഷൻകാരുടെ പെൻഷനുമായി ഏകീകരിച്ചിട്ടുണ്ട്.

 സാമ്പത്തിക ബാധ്യത: ശമ്പള പരിഷ്കരണം മൂലം ഏകദേശം 170 കോടി രൂപയുടെ അധിക വാർഷിക ബാധ്യത വരും. മൊത്തം കുടിശ്ശികയിനത്തിൽ ഏകദേശം 510 കോടി രൂപ നൽകും. അതേസമയം, പെൻഷൻ പരിഷ്കരണം മൂലം നബാർഡിലെ 269 പെൻഷൻകാർക്കും 457 കുടുംബ പെൻഷൻകാർക്കും 50.82 കോടി രൂപയുടെ ഒറ്റത്തവണ കുടിശ്ശികയും പ്രതിമാസം 3.55 കോടി രൂപയുടെ പെൻഷൻ അധിക ബാധ്യതയും ഉണ്ടാകും.

 ആർബിഐ

പെൻഷൻ പരിഷ്കരണം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷനും കുടുംബ പെൻഷനും പരിഷ്കരിക്കാൻ സർക്കാർ അംഗീകാരം നൽകി. മുതിർന്ന പൗരന്മാർക്കും അവരുടെ ആശ്രിതർക്കും ന്യായമായ, മതിയായ, സുസ്ഥിരമായ വിരമിക്കൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാരിൻ്റെ ദൃഢമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്.

അംഗീകരിക്കപ്പെട്ട പരിഷ്കരണപ്രകാരം, 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, അടിസ്ഥാന പെൻഷനും ക്ഷാമബത്തയും ചേർത്ത്, പെൻഷനും കുടുംബ പെൻഷനും 10 ശതമാനം വർദ്ധിപ്പിക്കും. ഈ പരിഷ്കരണം എല്ലാ വിരമിച്ച ജീവനക്കാർക്കും അടിസ്ഥാന പെൻഷനിൽ 1.43 മടങ്ങ് വർദ്ധനവുണ്ടാക്കുന്നു, അതിലൂടെ പ്രതിമാസ പെൻഷനിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. 22,580 പെൻഷൻകാരും 8,189 കുടുംബ പെൻഷൻകാരും ഉൾപ്പെടെ മൊത്തം 30,769 ഗുണഭോക്താക്കൾക്ക് പരിഷ്കരണത്തിൻ്റെ ഗുണം ലഭിക്കും.

സാമ്പത്തിക ബാധ്യത: മൊത്തം സാമ്പത്തിക ബാധ്യത 2,696.82 കോടിയായി കണക്കാക്കപ്പെടുന്നു, ഇതിൽ കുടിശ്ശിക ഇനത്തിൽ 2,485.02 കോടിയുടെ ഒറ്റത്തവണ ചെലവും 211.80 കോടിയുടെ ആവർത്തിച്ചുള്ള വാർഷിക ചെലവും ഉൾപ്പെടുന്നു.

ഉപസംഹാരം:

മേൽപ്പറഞ്ഞ നടപടികളിലൂടെ ഏകദേശം 46,322 ജീവനക്കാർക്കും, 23,570 പെൻഷൻകാർക്കും, 23,260 കുടുംബ പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. വിരമിക്കലിനുശേഷം മാന്യമായ ജീവിത നിലവാരവും സാമൂഹിക പദവിയും നിലനിർത്തിക്കൊണ്ട് ജീവിതച്ചെലവിലുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം സുസ്ഥിരമായ വരുമാനം ലഭ്യമാക്കുന്നതിലൂടെ, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെയും നബാർഡിലെയും ജീവനക്കാർക്കും, ആർബിഐയിലെയും നബാർഡിലെയും പെൻഷൻകാർക്കും/കുടുംബ പെൻഷൻകാർക്കും ഈ നടപടി വലിയ ആശ്വാസം പകരും.

രാജ്യത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നടപടികൾ തെളിയിക്കുന്നു.

 

***


(रिलीज़ आईडी: 2217651) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada