ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി ഉപരാഷ്ട്രപതി; ബെംഗളൂരുവിലെ സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

प्रविष्टि तिथि: 21 JAN 2026 6:13PM by PIB Thiruvananthpuram

ബെംഗളൂരുവിലെ സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (സിഎംആർഐടി) രജതജൂബിലി ആഘോഷങ്ങളിൽ ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ വിശിഷ്ട സേവനം പൂർത്തിയാക്കിയ ഈ സ്ഥാപനത്തെ അദ്ദേഹം അഭിനന്ദിച്ചു. 

രജതജൂബിലിയെന്നത് കാലത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല, ദർശനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും ആഘോഷമാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ നൈപുണ്യമുള്ള പ്രൊഫഷണലുകളെ മാത്രമല്ല, ഉത്തരവാദിത്വമുള്ള പൗരന്മാരെയും ധാർമ്മികതയുള്ള നേതാക്കളെയും സൃഷ്ടിക്കണമെന്ന സ്ഥാപക ലക്ഷ്യത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുന്നതിന് സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ അദ്ദേഹം അഭിനന്ദിച്ചു. നാക് നൽകുന്ന ഏറ്റവും ഉയർന്ന എ++ ഗ്രേഡ് അംഗീകാരം ഈ സ്ഥാപനത്തിന് ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇൻകുബേഷൻ സെൻ്ററും ഓഡിറ്റോറിയവും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

 

ഗവർണർ എന്ന നിലയിലുള്ള തൻ്റെ സ്വന്തം അനുഭവം അനുസ്മരിച്ചുകൊണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിംഗും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് താൻ നിരന്തരം ഊന്നൽ നൽകിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്ഥാപനങ്ങളുടെ മോശം ഗ്രേഡിംഗുകൾക്ക് പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകളാണ് കാരണമെന്നും അധ്യാപകരുടെ ശേഷി ശക്തിപ്പെടുത്തുന്നത് അക്കാദമിക് നിലവാരം, വിശ്വാസ്യത, പൊതുജനവിശ്വാസം എന്നിവ പ്രത്യക്ഷത്തിൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും സ്വന്തം വേഗതയിൽ അവയിലേക്ക് നീങ്ങാനും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഉപദേശിച്ചു. ഭാഗ്യം എപ്പോഴും എല്ലാവർക്കും അനുകൂലമായിരിക്കില്ലെങ്കിലും, കഠിനാധ്വാനവും ആത്മാർത്ഥതയും വിജയം ഉറപ്പാക്കുമെന്നും അത് ഉടനടി അല്ലെങ്കിലും, തീർച്ചയായും യഥാസമയം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 നൂതനാശയത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് പരാമർശിക്കവേ, രാജ്യം ഇപ്പോൾ കേവലം സാങ്കേതികവിദ്യ സ്വീകരിക്കുന്ന രാജ്യമല്ല, മറിച്ച് സാങ്കേതികവിദ്യയുടെ സ്രഷ്ടാവായി വളർന്നുവരുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് വ്യക്തമായ ആഹ്വാനം നൽകിയപ്പോൾ, രാജ്യം വെല്ലുവിളിയെ നേരിടുകയും വാക്സിനുകൾ സ്വന്തമായി വികസിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് ഇന്ത്യയുടെ ശാസ്ത്രീയ ശേഷിയും സ്വയം പര്യാപ്തതയും പ്രകടമാക്കി. ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം ഊർജ്ജസ്വലവും പ്രതിരോധശേഷിയുള്ളതുമായ ഒരു സംരംഭക ആവാസവ്യവസ്ഥയ്ക്ക് സംഭാവന നൽകിക്കൊണ്ട്, ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെൻ്ററിലൂടെ 50-ലധികം സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിച്ചതിന് സിഎംആർഐടിയെ അദ്ദേഹം അഭിനന്ദിച്ചു.

***

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുവാക്കൾക്ക് വഴികാട്ടിയാണെന്നും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവ വിലമതിക്കാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശക്തവും കരുത്തുറ്റതുമായ ഒരു രാഷ്ട്രം എന്നതാണ് 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം. മറ്റ് രാജ്യങ്ങൾക്ക് നിബന്ധനകൾ നിർദ്ദേശിക്കുകയല്ല, മറിച്ച് ആരും ഒരിക്കലും ഭാരത മാതാവിനോട്‌ നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തത, അറിവ്, നൂതനാശയങ്ങൾ, ധാർമ്മിക ആത്മവിശ്വാസം എന്നിവയിലായിരിക്കണം ദേശീയ ശക്തി എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഇന്ത്യയിലെ യുവാക്കൾക്ക് ഭാവിയിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള സമഗ്രമായ ഒരു മാർഗരേഖയാണ് ബഹുമുഖ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയമെന്ന് അത് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ധാർമ്മികതയിലും ഇത് ആഴത്തിൽ വേരൂന്നിയിരിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.

 

എല്ലാത്തരം ആസക്തികൾക്കും എതിരെ ഉപരാഷ്ട്രപതി വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ലഹരി ഉപയോഗത്തിൻ്റെ അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. "ലഹരി വേണ്ട" എന്ന് പറയാനും സമപ്രായക്കാരെ അതിനായി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

 

രജത ജൂബിലിയെ ഒരു നാഴികക്കല്ലായ നേട്ടമായി വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, നേട്ടങ്ങൾ ആഘോഷിക്കാൻ മാത്രമല്ല, സമൂഹത്തെ മികച്ച രീതിയിൽ സേവിക്കുന്നതിനും, ഉത്തരവാദിത്വത്തോടെ നവീകരിക്കുന്നതിനും, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ പ്രാധാന്യത്തോടെ തുടരുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പുതുക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു. ശക്തമായ അടിത്തറ, ദീർഘവീക്ഷണമുള്ള നേതൃത്വo, യുവശക്തി എന്നിവയുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ അർത്ഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

കർണാടക ഗവർണർ ശ്രീ തവർചന്ദ് ഗെലോട്ട്; സിഎംആർ ജ്ഞാനധാര ട്രസ്റ്റ് പ്രസിഡൻ്റും സിഎംആർ സർവകലാശാല ചാൻസലറുമായ ഡോ. സബിത രാമമൂർത്തി, സിഎംആർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. കെ.സി. രാമമൂർത്തി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

***


(रिलीज़ आईडी: 2217125) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Kannada