ഉപരാഷ്ട്രപതിയുടെ കാര്യാലയം
ലാളിത്യം, സേവനം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് ന്യൂഡൽഹി ഹരിജൻ സേവക് സംഘിൽ ഉപരാഷ്ട്രപതി അടിവരയിട്ടു.
प्रविष्टि तिथि:
20 JAN 2026 2:45PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി ആശ്രമത്തിലുള്ള ഹരിജൻ സേവക് സംഘ് സന്ദർശിക്കുകയും അവിടെ അദ്ദേഹം മഹാദേവ് ദേശായി ലൈബ്രറിയുടെ വിപുലീകരിച്ച വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
1930-കളിലും 1940-കളിലും ഡൽഹി സന്ദർശന വേളയിൽ മഹാത്മാഗാന്ധിയും കസ്തൂർബാ ഗാന്ധിയും താമസിച്ചിരുന്ന ആശ്രമത്തിനുള്ളിലെ കസ്തൂർബ മ്യൂസിയവും ഉപരാഷ്ട്രപതി സന്ദർശിച്ചു. ഈ സന്ദർശനം തികച്ചും വൈകാരികമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കസ്തൂർബാ ബാ ഉപയോഗിച്ചിരുന്ന ലളിതമായ വീടും അടുക്കളയും ഉൾപ്പെടുന്ന ആശ്രമത്തിലൂടെയുള്ള നടത്തം ലാളിത്യം, ത്യാഗം, അചഞ്ചലമായ ദൃഢനിശ്ചയം എന്നിവയാൽ അടയാളപ്പെടുത്തിയ ഇന്ത്യയുടെ നേതാക്കൾ നയിച്ച ലളിത ജീവിതത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തൽ നല്കിയെന്ന് പറഞ്ഞു.
മഹാദേവ് ദേശായി ലൈബ്രറിയുടെ വിപുലീകരിച്ച വിഭാഗത്തിൻ്റെ ഉദ്ഘാടനം കേവലമൊരു ഭൗതിക ഇടത്തിൻ്റെ വികാസമല്ലെന്നും, മറിച്ച് അറിവാണ് സാമൂഹിക പരിവർത്തനത്തിനുള്ള ഏറ്റവും ശാശ്വതമായ ഉപകരണമെന്ന വിശ്വാസത്തിൻ്റെ പുനഃസ്ഥാപനമാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ വ്യക്തിപരമായ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, പാശ്ചാത്യ വസ്ത്രധാരണം ഉപേക്ഷിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം മധുര റെയിൽവേ സ്റ്റേഷനിലടക്കം ഇന്ത്യൻ കർഷകരുടെ ദാരിദ്ര്യം നേരിട്ട് കണ്ടതിലൂടെ രൂപപ്പെട്ടതാണെന്ന് അനുസ്മരിച്ചു. അവിടെ വെച്ചാണ് ലുങ്കിയോ മുണ്ടോ മാത്രം ധരിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഈ പരിവർത്തനം ജനങ്ങളുമായി താദാത്മ്യം പ്രാപിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുമുള്ള ഗാന്ധിജിയുടെ ആജീവനാന്ത പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പരുത്തി മാഞ്ചസ്റ്ററിൽ സംസ്കരിച്ച് ഇന്ത്യക്കാർക്ക് തന്നെ തിരികെ വിൽക്കുന്നതിനെ ഗാന്ധിജി എതിർത്തതും, അതിനുപകരം സ്വദേശി പ്രസ്ഥാനത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചതും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഹരിജൻ സേവക് സംഘിനെ മഹാത്മാഗാന്ധി നട്ടുപിടിപ്പിച്ച ഒരു വിത്തായി വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസം, അവബോധം, സേവനം എന്നിവയിലൂടെ തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളെ മറികടക്കാൻ രാജ്യത്തെ സഹായിച്ചുകൊണ്ട് ഈ പ്രസ്ഥാനം ശാശ്വതമായ ഫലങ്ങൾ നല്കിയിട്ടുണ്ടെന്ന് പറഞ്ഞു. ഒരാൾ ജനനം കൊണ്ടല്ല നല്ലവനോ ചീത്തയോ ആകുന്നത് എന്നും, മറിച്ച് സ്വഭാവമാണ് ഒരു വ്യക്തിയെ നിർവ്വചിക്കുന്നത് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിലും വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ഹരിജൻ സേവക് സംഘ് നിർണ്ണായക പങ്ക് വഹിച്ചതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുന്നോട്ടും, ഇതുപോലുള്ള നിരവധി മാതൃകാ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുന്നത് സംഘം തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമൂഹത്തോടുള്ള ആത്മാർത്ഥമായ സേവനം സ്വഭാവഗുണവും ധാർമ്മികബോധവുമുള്ള വ്യക്തികളെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിക്കും സമൂഹത്തിനും ഇടയിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, വ്യക്തികൾ പലപ്പോഴും അവരെ രൂപപ്പെടുത്തുന്നതിൽ സമൂഹം വഹിക്കുന്ന പങ്ക് വിസ്മരിക്കാറുണ്ടെങ്കിലും, ഓരോ വ്യക്തിക്കും സമൂഹത്തിന് തിരികെ നൽകേണ്ട കടമയുണ്ടെന്ന് പറഞ്ഞു. സമൂഹത്തോടുള്ള സേവനം ഒരു ധാർമ്മിക ഉത്തരവാദിത്തവും രാഷ്ട്രനിർമ്മാണത്തിലേക്കുള്ള പാതയുമാണെന്ന് അദ്ദേഹം അടിവരയിട്ടു.
രാഷ്ട്രത്തിന് ഗുജറാത്ത് നല്കിയ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി മഹാത്മാഗാന്ധി, ദേശീയ ഐക്യത്തിനായി സർദാർ വല്ലഭായ് പട്ടേൽ, രാജ്യത്തിൻ്റെ വികസനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്നിങ്ങനെ ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് ഉന്നത വ്യക്തിത്വങ്ങളെ നല്കിയതിൽ നന്ദിയും രേഖപ്പെടുത്തി.
ഗാന്ധിയൻ സമൂഹത്തിനുവേണ്ടി പ്രൊഫ. ഡോ. ശങ്കർ കുമാർ സന്യാൽ രചിച്ച "ഏജ് ഓഫ് എൻലൈറ്റൻമെൻ്റ് :
മഹാത്മാഗാന്ധീസ് വിഷൻ” എന്ന പുസ്തകം ചടങ്ങിൽ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. മഹാത്മാഗാന്ധി, താകർ ബപ്പ, വിനോബ ഭാവെ എന്നിവരുടെ പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
ഹരിജൻ സേവക് സംഘ് പ്രസിഡൻ്റ് പ്രൊഫ. ഡോ. ശങ്കർ കുമാർ സന്യാൽ, മുൻ പാർലമെൻ്റ് അംഗവും ഹരിജൻ സേവക് സംഘ് വൈസ് പ്രസിഡൻ്റുമായ ശ്രീ നരേഷ് യാദവ്, കെ.വി.ഐ.സി മുൻ ചെയർമാനും ഹരിജൻ സേവക് സംഘ് വൈസ് പ്രസിഡൻ്റുമായ ശ്രീ ലക്ഷ്മി ദാസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2216474)
आगंतुक पटल : 7