ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ആദ്യത്തെ കടൽ മത്സ്യ വളർത്തൽ പദ്ധതിക്ക് ആൻഡമാൻ കടലിലെ നോർത്ത് ബേയിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തുടക്കം കുറിച്ചു

ആൻഡമാൻ, നിക്കോബാർ കേന്ദ്രഭരണ പ്രദേശ സർക്കാരുമായി ഭൗമശാസ്ത്ര മന്ത്രാലയം സഹകരിക്കും

प्रविष्टि तिथि: 18 JAN 2026 2:49PM by PIB Thiruvananthpuram

ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതുപരാതി പരിഹാര, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യയിലെ ആദ്യത്തെ തുറന്ന കടലിലെ മറൈൻ മത്സ്യ വളർത്തൽ പദ്ധതിക്ക് ആൻഡമാൻ കടലിൽ ഇന്ന് തുടക്കം കുറിച്ചു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുകയും ആവർത്തിച്ച് ഊന്നിപ്പറയുകയും ചെയ്തതുപോലെ, ഇന്ത്യയുടെ വിശാലമായ സമുദ്രവിഭവങ്ങളിലൂടെ സമുദ്ര സമ്പദ്‌വ്യവസ്ഥ സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യത്തെ പ്രധാന ചുവടുവെയ്പ്പുകളിൽ ഒന്നാണിതെന്ന് മന്ത്രി ഈ സംരംഭത്തെ വിശേഷിപ്പിച്ചു. ആൻഡമാൻ കടലിലേക്കുള്ള മന്ത്രിയുടെ സന്ദർശന വേളയിൽ ശ്രീ വിജയപുരത്തെ നോർത്ത് ബേയിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

 

ഇന്ത്യയിലെ സമുദ്രങ്ങളുടെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായ നടപടികളിലൊന്നാണ് ഈ സംരംഭമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയുടെ ഹിമാലയൻ, വൻകര വിഭവങ്ങൾ പോലെ തന്നെ സമുദ്രങ്ങൾക്കും വിപുലവും വൈവിധ്യപൂർണ്ണവുമായ സാമ്പത്തിക സാധ്യതകളുണ്ടെന്നും എന്നാൽ പതിറ്റാണ്ടുകളായി അവയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സ്വാതന്ത്ര്യാനന്തരം ഏകദേശം എഴുപത് വർഷക്കാലം ഇന്ത്യയുടെ സമുദ്ര വിഭവങ്ങൾ വലിയതോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 2014 മുതൽ, ദേശീയ ചിന്താഗതിയിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യയുടെ സമുദ്ര മേഖലയ്ക്ക് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ തുല്യമായ സമ്പത്തും അവസരങ്ങളും ഉണ്ടെന്ന് അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ത്യയുടെ സമുദ്രങ്ങളുടെ സവിശേഷവും വൈവിധ്യപൂർണ്ണവുമായ സ്വഭാവത്തെകുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് തീരപ്രദേശങ്ങൾക്ക് ഓരോന്നിനും തനതായ സവിശേഷതകളും രാജ്യത്തിൻ്റെ വികസനത്തിൽ അതുല്യമായ സംഭാവനകൾ നല്കാനുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം, അതിൻ്റെ സാങ്കേതിക വിഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്തമായ സമുദ്ര സാഹചര്യങ്ങളിൽ  മത്സ്യങ്ങളുടേയും കടൽപ്പായലുകളുടേയും തുറന്ന കടലിലെ കൃഷിയിലാണ് ഈ പ്രാരംഭ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതുമായി സംയോജിപ്പിക്കുന്നു.

 

നിലവിലെ പദ്ധതികൾ സർക്കാർ നേതൃത്വത്തിലുള്ള സഹകരണത്തിലൂടെയാണ് നടപ്പിലാക്കുന്നതെങ്കിലും, ഇതിൽ നിന്നുള്ള അനുഭവങ്ങളും പ്രായോഗിക പഠനങ്ങളും ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകളിലൂടെ ഇത്തരം സംരംഭങ്ങൾ കൂടുതൽ വിപുലമാക്കാൻ സഹായിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ സമീപനം പദ്ധതികളുടെ വിന്യാസം വേഗത്തിലാക്കാനും, ഉപജീവന അവസരങ്ങൾ വർദ്ധിപ്പിക്കാനും, ഇന്ത്യയുടെ സമുദ്ര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

****


(रिलीज़ आईडी: 2215893) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil