പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു
ബാഗുരുംബ ദോഹോ നമ്മുടെ മഹത്തായ ബോഡോ പാരമ്പര്യങ്ങളെ ആദരിക്കുന്നു: പ്രധാനമന്ത്രി
2020-ലെ ബോഡോ സമാധാനക്കരാർ വർഷങ്ങളായുള്ള സംഘർഷങ്ങൾക്ക് അറുതിവരുത്തി; ഇതിനുശേഷം, വിശ്വാസം തിരിച്ചുവരികയും ആയിരക്കണക്കിനു യുവാക്കൾ അക്രമം വെടിഞ്ഞു മുഖ്യധാരയിലേക്കു മടങ്ങിവരികയും ചെയ്തു: പ്രധാനമന്ത്രി
പ്രതിഭാധനരായ ബോഡോ യുവാക്കൾ ഇന്ന് അസമിന്റെ സാംസ്കാരിക അംബാസഡർമാരായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി
അസമിന്റെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിനും കരുത്തിനും പുരോഗതിക്കുമൊപ്പം ഇന്ത്യയുടെ വളർച്ചാഗാഥയും വേഗത്തിലാകുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
17 JAN 2026 8:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
ബാഗുരുംബ ദോഹോ കേവലം ഉത്സവമല്ലെന്നും, മഹത്തായ ബോഡോ പാരമ്പര്യത്തെ ആദരിക്കുന്നതിനും ബോഡോ സമൂഹത്തിലെ പ്രമുഖ വ്യക്തികളെ അനുസ്മരിക്കുന്നതിനുമുള്ള മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യപരിഷ്കരണം, സാംസ്കാരിക നവോത്ഥാനം, രാഷ്ട്രീയ ഉണർവ് എന്നിവയിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ ബോഡോഫ ഉപേന്ദ്ര നാഥ് ബ്രഹ്മ, ഗുരുദേവ് കാളിചരൺ ബ്രഹ്മ, രൂപനാഥ് ബ്രഹ്മ, സതീഷ് ചന്ദ്ര ബസുമതാരി, മൊറാദം ബ്രഹ്മ, കനകേശ്വർ നർസാരി തുടങ്ങിയ മഹദ്‌വ്യക്തികളുടെ പേരുകൾ അദ്ദേഹം അനുസ്മരിച്ചു. ബോഡോ സമൂഹത്തിലെ ഇത്തരം ഉന്നതരായ വ്യക്തിത്വങ്ങൾക്കും പ്രധാനമന്ത്രി ആദരമർപ്പിച്ചു. അസമിന്റെ സംസ്കാരം രാജ്യത്തിന്റെ മുഴുവൻ അഭിമാനമായാണു തങ്ങളുടെ പാർട്ടി കണക്കാക്കുന്നതെന്നും, അസമിന്റെ ചരിത്രവും പാരമ്പര്യവും കൂടാതെ ഇന്ത്യയുടെ ചരിത്രം അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗവണ്മെന്റിനു കീഴിൽ ബാഗുരുംബ ദോഹോ പോലുള്ള വലിയ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ബിഹുവിനു ദേശീയ അംഗീകാരം നൽകിയെന്നും, ചരായ്ദേവ് മൊയ്ദം യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. അസമീസ് ഭാഷയ്ക്കു ശ്രേഷ്ഠപദവി നൽകിയതും ബോഡോ ഭാഷയെ അസമിലെ അസോസിയേറ്റ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ബോഡോ ഭാഷയിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക ഡയറക്ടറേറ്റും സ്ഥാപിച്ചു. ഈ പ്രതിജ്ഞാബദ്ധത കൊണ്ടാണു ബത്തൗ ധർമത്തിനു പൂർണബഹുമാനവും അംഗീകാരവും ലഭിച്ചിരിക്കുന്നതെന്നും ബത്തൗ പൂജ സംസ്ഥാന അവധിദിനമായി പ്രഖ്യാപതെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരയോദ്ധാവ് ലാചിത് ബോർഫൂകന്റെ വലിയ പ്രതിമ സ്ഥാപിച്ചതും ബോഡോഫ ഉപേന്ദ്ര നാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്തതും ഈ ഗവണ്മെന്റിന്റെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീമന്ത ശങ്കരദേവന്റെ ഭക്തിയും സാമൂഹ്യ ഐക്യവും, ജ്യോതി പ്രസാദ് അഗർവാലയുടെ കലയും ബോധവും അസമിന്റെ പൈതൃകത്തിന്റെ ഭാഗമായി ആദരിക്കപ്പെടുന്നു. ജ്യോതി പ്രസാദ് അഗർവാലയുടെ ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
അസം സന്ദർശനവേളയിൽ തന്റെ വികാരങ്ങൾ പങ്കുവച്ചു ശ്രീ മോദി പറഞ്ഞത്, സംസ്ഥാനം കൈവരിച്ച പുരോഗതി കാണുമ്പോൾ താൻ അങ്ങേയറ്റം വികാരാധീനനാകുന്നുവെന്നാണ്. ഒരുകാലത്ത് അസമിൽ രക്തച്ചൊരിച്ചിലുകൾ പതിവായിരുന്നു. എന്നാൽ ഇന്ന് അവിടെ സംസ്കാരത്തിന്റെ വർണങ്ങൾ തിളങ്ങുന്നു; വെടിയൊച്ചകൾ മുഴങ്ങിയിരുന്ന സ്ഥാനത്ത് ഇന്നു ഖാമിന്റെയും സിഫുങ്ങിന്റെയും മധുരമായ സംഗീതം നിറയുന്നു; കർഫ്യൂ നിശബ്ദത പടർത്തിയിരുന്നിടത്ത് ഇപ്പോൾ സംഗീതം അലയടിക്കുന്നു; അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും കാലം മാറി ഇന്നു ബാഗുരുംബയുടെ മനോഹരമായ പ്രകടനങ്ങൾ നടക്കുന്നു – അദ്ദേഹം പറഞ്ഞു. ഇത്തരം മഹത്തായ ആഘോഷം അസമിന്റെ മാത്രം നേട്ടമല്ലെന്നും ഇത് ഇന്ത്യയുടെ ആകെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമിന്റെ ഈ മാറ്റത്തിൽ രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ ജനങ്ങളും തന്റെ ബോഡോ സഹോദരങ്ങളും തന്നിലർപ്പിച്ച വിശ്വാസത്തിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ സമാധാനത്തിന്റെയും വികസനത്തിന്റെയും ഉത്തരവാദിത്വമാണു ജനങ്ങൾ ഏൽപ്പിച്ചതെന്നും, അവരുടെ അനുഗ്രഹത്താൽ ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2020-ലെ ബോഡോ സമാധാനക്കരാർ പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങൾക്ക് അറുതിവരുത്തിയെന്നും, ജനങ്ങളിൽ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. ഈ കരാറിലൂടെ ആയിരക്കണക്കിനു യുവാക്കൾ അക്രമം വെടിഞ്ഞു മുഖ്യധാരയിലേക്കു മടങ്ങിവരാൻ പ്രാപ്തരായി. കരാറിനുശേഷം ബോഡോ മേഖലയിൽ വിദ്യാഭ്യാസ-വികസന രംഗങ്ങളിൽ പുതിയ അവസരങ്ങൾ ഉയർന്നുവന്നതായും, സമാധാനം ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം കുറിച്ചു. ഇതിൽ ജനങ്ങളുടെ പരിശ്രമങ്ങളാണ് ഏറ്റവും വലിയ പങ്കുവഹിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അസമിന്റെ സമാധാനവും വികസനവും അഭിമാനവും സമാധാനത്തിന്റെ പാത തെരഞ്ഞെടുത്ത അവിടത്തെ യുവാക്കളെ കേന്ദ്രീകരിച്ചാണെന്നു ശ്രീ മോദി പറഞ്ഞു. ഇതിനെ ഉജ്വലമായ ഭാവിയിലേക്കു മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനക്കരാറിനുശേഷം ബോഡോലാൻഡിന്റെ വികസനത്തിനായി ഗവണ്മെന്റ് നിരന്തരം പ്രവർത്തിച്ചുവരികയാണെന്നും, പുനരധിവാസപ്രക്രിയ വേഗത്തിലാക്കിയെന്നും, ആയിരക്കണക്കിനു യുവാക്കൾക്കു പുതിയ ജീവിതം ആരംഭിക്കുന്നതിനായി കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റിന്റെ പരിശ്രമഫലങ്ങൾ ഇന്ന് ദൃശ്യമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിവുറ്റ ബോഡോ യുവാക്കൾ അസമിലെ സാംസ്കാരിക അംബാസഡർമാരായി മാറുന്നുവെന്നും കായികരംഗത്ത് മികവ് പുലർത്തുന്നുവെന്നും പുതിയ ആത്മവിശ്വാസത്തോടെ സ്വപ്നം കാണുകയും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്ത് അസമിന്റെ പുരോഗതിക്ക് കരുത്തേകുന്നുവെന്നും അഭിപ്രായപ്പെട്ടു.
അസമിന്റെ കല, സംസ്കാരം, സ്വത്വം എന്നിവ ആദരിക്കപ്പെടുമ്പോഴെല്ലാം ചിലർ അസ്വസ്ഥരാകുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അസമിന്റെ ബഹുമതിയെ ആരാണ് അംഗീകരിക്കാത്തതെന്ന് ചോദിച്ച അദ്ദേഹം, ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്നം നൽകുന്നതിനെ എതിർത്തത് പ്രതിപക്ഷ പാർട്ടിയാണെന്നും അസമിലെ സെമികണ്ടക്ടർ യൂണിറ്റിനെ എതിർത്തത് അവരാണെന്നും ചൂണ്ടിക്കാട്ടി. ഇന്നും താൻ അസമിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും ധരിക്കുമ്പോൾ, അതിനെ പ്രതിപക്ഷം പരിഹസിക്കുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രതിപക്ഷം കാരണമാണ് ദശാബ്ദങ്ങളായി അസമും ബോഡോലാൻഡും മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയതെന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർ അസമിൽ അസ്ഥിരത സൃഷ്ടിക്കുകയും സംസ്ഥാനത്തെ അക്രമത്തിന്റെ തീച്ചൂളയിലേയ്ക്ക് തള്ളിയിടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം അസം വെല്ലുവിളികൾ നേരിട്ടുവെങ്കിലും പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം അന്നത്തെ ഭരണകൂടം ആ പ്രശ്നങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസ്യത ആവശ്യമുള്ളപ്പോൾ അവർ ഭിന്നത വിതയ്ക്കുകയും ചർച്ചകൾ വേണ്ടപ്പോൾ അവഗണന കാട്ടുകയും സംഭാഷണത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുകയും ചെയ്തു. ബോഡോലാൻഡിന്റെ ശബ്ദം ഒരിക്കലും ശരിയായി കേൾക്കാൻ കഴിഞ്ഞില്ല. അസമിന് സാന്ത്വനവും സേവനവും ആവശ്യമായിരുന്നപ്പോൾ അവർ നുഴഞ്ഞുകയറ്റക്കാർക്കായി വാതിലുകൾ തുറന്നുകൊടുക്കുകയും അവരെ സ്വാഗതം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് മോദി വിമർശിച്ചു.
പ്രതിപക്ഷ പാർട്ടി അസമിലെ ജനങ്ങളെ സ്വന്തം ജനതയായി കാണുന്നില്ലെന്നും വോട്ട് ബാങ്കായി മാറുന്ന വിദേശ നുഴഞ്ഞുകയറ്റക്കാരെയാണ് അവർ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഭരണത്തിൻ കീഴിൽ, നുഴഞ്ഞുകയറ്റക്കാർ വന്നുകൊണ്ടേയിരുന്നുവെന്നും, ലക്ഷക്കണക്കിന് ബിഘ ഭൂമി കൈവശപ്പെടുത്തിയിരുന്നുവെന്നും, ഗവൺമെന്റുകൾ അവരെ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ന് ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ലക്ഷക്കണക്കിന് ബിഘ ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കുകയും അസമിലെ അർഹരായ ജനങ്ങൾക്ക് അത് തിരിച്ചുനൽകുകയും ചെയ്യുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രതിപക്ഷം എപ്പോഴും അസമിനെയും വടക്കുകിഴക്കൻ മേഖലയെയും അവഗണനയോടെയാണ് നോക്കിക്കണ്ടതെന്നും വികസനത്തിന് പ്രാധാന്യം നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ചെയ്ത പാപങ്ങൾ ഇപ്പോൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കഴുകിക്കളയുകയാണെന്നും ഇന്നത്തെ വികസനത്തിന്റെ വേഗത അതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബോഡോ-കചാരി വെൽഫെയർ ഓട്ടോണമസ് കൗൺസിൽ രൂപീകരണം, ബോഡോലാൻഡിനായി 1500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജ്, കോക്രജാറിൽ മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കൽ, തമുൽപൂരിലെ മെഡിക്കൽ കോളേജ് നിർമ്മാണം വേഗത്തിലാക്കൽ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. നഴ്‌സിംഗ് കോളേജുകളും പാരാമെഡിക്കൽ സ്ഥാപനങ്ങളും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഗോബർധന, പർബത്ജോറ, ഹൊറിസിംഗ എന്നിവിടങ്ങളിൽ പോളിടെക്‌നിക്, പരിശീലന സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക വെൽഫെയർ ഡിപ്പാർട്ട്‌മെന്റും ബോഡോലാൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജും സ്ഥാപിച്ച് ബോഡോ വിഭാഗത്തിന്റെ ക്ഷേമത്തിനായി മികച്ച നയരൂപീകരണം സാധ്യമാക്കിയിട്ടുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെ വ്യക്തികൾ തമ്മിലും അസമും ഡൽഹിയും തമ്മിലുമുള്ള അകലം ഗവണ്മെന്റ് കുറച്ചു. ഒരുകാലത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്ന പ്രദേശങ്ങളിൽ ഇന്ന് ഹൈവേകളുണ്ട്, പുതിയ റോഡുകൾ വികസനത്തിന്റെ പുതിയ അവസരങ്ങൾ തുറക്കുകയാണ്. കോക്രജാറിനെ ഭൂട്ടാൻ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന, കോടിക്കണക്കിന് രൂപ അനുവദിച്ച ബിഷ്മുരി-സരൽപ്പാറ റോഡ് പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ, 'ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതും 'പ്രത്യേക റെയിൽവേ പദ്ധതി'യായി അംഗീകരിച്ചതുമായ കോക്രജാർ-ഗെലെഫു റെയിൽ പദ്ധതി വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സമൂഹം അതിന്റെ തായ് വേരുകളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴും സംഭാഷണങ്ങളും വിശ്വാസവും ശക്തമാകുമ്പോഴും എല്ലാ വിഭാഗങ്ങൾക്കും തുല്യ അവസരങ്ങൾ ലഭിക്കുമ്പോഴും നല്ല മാറ്റം ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമും ബോഡോലാൻഡും ഈ ദിശയിൽ പുരോഗമിക്കുകയാണെന്നും, അസമിന്റെ ആത്മവിശ്വാസവും ശേഷിയും പുരോഗതിയും ഇന്ത്യയുടെ വളർച്ചാഗാഥയ്ക്ക് പുതിയ കരുത്ത് പകരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ അസം ഇടംപിടിക്കുകയാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കുതിപ്പിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഈ പരിവർത്തനത്തിൽ ബോഡോലാൻഡും അവിടുത്തെ ജനങ്ങളും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മഹത്തായ ആഘോഷത്തിന് അദ്ദേഹം ഒരിക്കൽ കൂടി എല്ലാവർക്കും ആശംസകൾ നേർന്നു
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ പബിത്ര മാർഗരിറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ വിഭാഗത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ഐതിഹാസിക സാംസ്കാരിക പരിപാടിയായ “ബഗുരുംബ ദോഹോ 2026”-ൽ പ്രധാനമന്ത്രി പങ്കെടുത്തു.
തദവസരത്തിൽ, ബോഡോ വിഭാഗത്തിൽ നിന്നുള്ള 10,000-ത്തിലധികം കലാകാരന്മാർ ഒത്തുചേർന്ന് ബഗുരുംബ നൃത്തം അവതരിപ്പിച്ചു. സംസ്ഥാനത്തെ 23 ജില്ലകളിലെ 81 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
പ്രകൃതിയിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ട ബോഡോ വിഭാഗത്തിന്റെ നാടോടി നൃത്തങ്ങളിൽ ഒന്നാണ് ബഗുരുംബ. ഈ നൃത്തം വിടരുന്ന പൂക്കളെ പ്രതീകപ്പെടുത്തുകയും മനുഷ്യജീവിതവും പ്രകൃതിയും തമ്മിലുള്ള ഐക്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി ബോഡോ യുവതികൾ അവതരിപ്പിക്കുന്ന ഈ നൃത്തത്തിൽ പുരുഷന്മാർ സംഗീതജ്ഞരായി ഒപ്പമുണ്ടാകും. ശലഭങ്ങൾ, പക്ഷികൾ, ഇലകൾ, പൂക്കൾ എന്നിവയെ അനുകരിക്കുന്ന മൃദുവും വശ്യവുമായ ചലനങ്ങളാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. സാധാരണയായി ഗ്രൂപ്പുകളായി അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം, വൃത്തങ്ങളോ വരികളോ രൂപീകരിച്ചാണ് അതിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നത്.
ബോഡോ ജനതയെ സംബന്ധിച്ചിടത്തോളം ബഗുരുംബ നൃത്തത്തിന് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. ഇത് സമാധാനം, ഐശ്വര്യം, സന്തോഷം, ഐക്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ബോഡോ പുതുവർഷമായ ബ്വിസാഗു, ദൊമാസി തുടങ്ങിയ ആഘോഷങ്ങളുമായി ഈ നൃത്തത്തിന് അഭേദ്യമായ ബന്ധമുണ്ട്.
*****
(रिलीज़ आईडी: 2215753)
आगंतुक पटल : 5