പ്രധാനമന്ത്രിയുടെ ഓഫീസ്
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ ഇന്ത്യയിലെ യുവത്വത്തിന്റെ ചൈതന്യത്തെ പ്രകീർത്തിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
16 JAN 2026 9:28AM by PIB Thiruvananthpuram
ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ സ്റ്റാർട്ടപ്പ് ലോകവുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്ന വേളയിൽ ഈ വർഷത്തെ ആഘോഷത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
ആഗോള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തുപകർന്ന ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ, ധൈര്യത്തെയും നൂതനാശയ മനോഭാവത്തെയും സംരംഭകത്വ ആവേശത്തെയും ആഘോഷിക്കാനുള്ളതാണ് ഈ ദിനമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സ്റ്റാർട്ടപ്പുകളുടെ പരിവർത്തനാത്മക പങ്കിനെ ഉയർത്തിക്കാട്ടി ശ്രീ നരേന്ദ്ര മോദി പറഞ്ഞു: "നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന മാറ്റത്തിന്റെ എഞ്ചിനുകളാണ് സ്റ്റാർട്ടപ്പുകൾ. നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും അതേസമയം ജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവർ അസാമാന്യ പ്രവർത്തനമാണ് നടത്തുന്നത്. വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുകയും പരമ്പരാഗത രീതികളെ വെല്ലുവിളിക്കുകയും റിസ്ക് ഏറ്റെടുക്കുകയും തങ്ങളുടെ സ്റ്റാർട്ടപ്പുകളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഓരോ വ്യക്തിയിലും ഞാൻ അഭിമാനിക്കുന്നു."
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ ആരംഭിച്ച 'റീഫോം എക്സ്പ്രസ്' ബഹിരാകാശം, പ്രതിരോധം തുടങ്ങി മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത മേഖലകളിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് കടന്നുചെല്ലാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം അടിവരയിട്ടു. 'ആത്മനിർഭർ ഭാരതം' കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സ്റ്റാർട്ടപ്പുകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും റിസ്ക് ഏറ്റെടുക്കാനും പ്രശ്നപരിഹാരകരാകാനും ആഗ്രഹിക്കുന്ന യുവാക്കളെ പിന്തുണയ്ക്കുന്നതിനായുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന മെന്റർമാർ, ഇൻകുബേറ്ററുകൾ, നിക്ഷേപകർ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരടങ്ങുന്ന വിശാല സംവിധാനത്തെയും ശ്രീ മോദി അംഗീകരിച്ചു. അവരുടെ മാർഗനിർദ്ദേശങ്ങളും ഉൾക്കാഴ്ചകളും യുവ നവീനാശയക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ സംഭാവന നൽകുന്നതിനും ഏറെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതനാശയം, പ്രതിരോധശേഷി, ദേശീയ പുരോഗതി എന്നിവയുടെ ചാലകശക്തികളെന്ന നിലയിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിലുള്ള വിശ്വാസം പ്രധാനമന്ത്രി ആവർത്തിച്ചു.
ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ശ്രീ മോദി ഇന്ത്യയിലെ യുവ സംരംഭകരുടെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു, അവരുടെ അശ്രാന്ത പരിശ്രമം സ്റ്റാർട്ടപ്പ് ലോകത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ഊർജ്ജവും അഭിനിവേശവും 'വികസിത ഭാരതം' എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തിയായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
എക്സിലെ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:
"ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ സ്റ്റാർട്ടപ്പ് ലോകവുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകൾ. സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ഇന്നത്തെ ദിവസം സവിശേഷമാണ്. ആഗോള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തുപകർന്ന നമ്മുടെ ജനങ്ങളുടെ, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെ, ധൈര്യത്തെയും നൂതനാശയ മനോഭാവത്തെയും സംരംഭകത്വ ആവേശത്തെയും ആഘോഷിക്കുന്നതിനുള്ളതാണ് ഈ ദിനം. #10YearsOfStartupIndia"
"നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന മാറ്റത്തിന്റെ എഞ്ചിനുകളാണ് സ്റ്റാർട്ടപ്പുകൾ. നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും അതേസമയം ജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവർ അസാധാരണമായ പ്രവർത്തനമാണ് നടത്തുന്നത്. വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുകയും പരമ്പരാഗത രീതികളെ വെല്ലുവിളിക്കുകയും റിസ്ക് ഏറ്റെടുക്കുകയും തങ്ങളുടെ സ്റ്റാർട്ടപ്പുകളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഓരോ വ്യക്തിയിലും ഞാൻ അഭിമാനിക്കുന്നു. #10YearsOfStartupIndia"
"ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഇന്ത്യ ആരംഭിച്ച റീഫോം എക്സ്പ്രസ് ബഹിരാകാശം, പ്രതിരോധം തുടങ്ങി മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത മേഖലകളിലേക്ക് കടക്കാൻ സ്റ്റാർട്ടപ്പുകൾക്ക് വളരെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. നമ്മുടെ സ്റ്റാർട്ടപ്പുകൾ ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. റിസ്ക് ഏറ്റെടുക്കാനും പ്രശ്നപരിഹാരകരാകാനും ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. #10YearsOfStartupIndia"
"സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന മെന്റർമാർ, ഇൻകുബേറ്ററുകൾ, നിക്ഷേപകർ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരടങ്ങുന്ന സംവിധാനത്തെ അംഗീകരിക്കാനുള്ള ദിവസം കൂടിയാണിത്. നമ്മുടെ യുവാക്കൾ പുതിയ കാര്യങ്ങൾ കണ്ടെത്തുകയും വളർച്ചയിൽ സംഭാവന നൽകുകയും ചെയ്യുമ്പോൾ അവരുടെ പിന്തുണയും ഉൾക്കാഴ്ചകളും ഏറെ സഹായകമാകുന്നു. #10YearsOfStartupIndia"
“अपने दृढ़ संकल्प और समर्पण से हमारे युवा साथी स्टार्टअप की दुनिया में नित-नए रिकॉर्ड बना रहे हैं। इनका जोश और जुनून विकसित भारत के सपने को साकार करने में सबसे बड़ी शक्ति बनने वाला है।
दुर्लभान्यपि कार्याणि सिद्ध्यन्ति प्रोद्यमेन हि।
शिलाऽपि तनुतां याति प्रपातेनार्णसो मुहुः॥”
***
NK
(रिलीज़ आईडी: 2215190)
आगंतुक पटल : 10