റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ലഗേജ് സൂക്ഷിക്കാന്‍ വിശാലമായ സ്ഥലം; മികച്ച രീതിയില്‍ രൂപകല്പന ചെയ്ത ബെര്‍ത്തുകള്‍; വിസ്തൃതമായ അത്യാധുനിക ശുചിമുറികള്‍; ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉടന്‍

प्रविष्टि तिथि: 14 JAN 2026 7:36PM by PIB Thiruvananthpuram

ആധുനികവത്കരണത്തില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൈവരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ പതിപ്പ് അവതരിപ്പിക്കുന്നതോടെ കൂടുതല്‍ വേഗം കൈവരിക്കുന്ന രാജ്യത്തെ ദീര്‍ഘദൂര ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക്  ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായി മാറും. സമകാലിക യാത്രികരുടെ മാറുന്ന പ്രതീക്ഷകള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രികാല യാത്രകളെ കേവലം ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാമാര്‍ഗമെന്നതിലുപരി സുഖകരമായ യാത്രാനുഭവമാക്കി മാറ്റുന്നു. ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍, യാത്രിക-സൗഹൃദ സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് മിതമായ നിരക്കില്‍ നിലവാരമേറിയ സൗകര്യങ്ങള്‍ നല്‍കാനാണ് ഈ ട്രെയിനുകളിലൂടെ ഉദ്ദേശിക്കുന്നത്.

 



 

രാജ്യത്തെ ദീര്‍ഘദൂര രാത്രികാല റെയില്‍ യാത്രയില്‍ വലിയ മാറ്റം അടയാളപ്പെടുത്തി ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയില്‍ സര്‍വീസ് ആരംഭിക്കും. ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങളും പരിശോധനകളും സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട  മുഴുവന്‍ നടപടികളും വിജയകരമായി പൂര്‍ത്തിയായി.  ജനുവരിയില്‍ തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ പാതയില്‍  ഫ്‌ലാഗ് ഓഫ് ചെയ്യാനൊരുങ്ങുകയാണ് റെയില്‍വേ. കിഴക്കന്‍ ഇന്ത്യയെയും വടക്കുകിഴക്കന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന ഈ സുപ്രധാന പാതയിലൂടെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും വ്യാപാരികളും കുടുംബങ്ങളുമടക്കം  ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. പുതിയ സര്‍വീസ്  രണ്ട് മേഖലകള്‍ക്കിടയിലെ യാത്രാസൗകര്യം  ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ജനങ്ങളുടെ രാത്രികാല റെയില്‍ യാത്രാനുഭവം പരിവര്‍ത്തനം ചെയ്യുമെന്നും  പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന വേഗവും ആധുനിക രൂപകല്പനയുമായി പാതകളിലെത്തുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം സുഗമവും സുഖകരവുമായ യാത്രയും ഉറപ്പാക്കുന്നു.  ദീര്‍ഘദൂര യാത്രികര്‍ക്ക്  മെച്ചപ്പെട്ട വിശ്രമവും മികച്ച സുരക്ഷയും  വിശ്വസനീയ യാത്രാമാര്‍ഗവും സമ്മാനിക്കുന്നു.  


 

യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ആധുനിക സേവനങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ തുടര്‍ച്ചയായി ശ്രദ്ധ പതിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ പാതയില്‍ അവതരിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍.  റെയില്‍ യാത്രയില്‍ വേഗവും സൗകര്യവും സുരക്ഷയും  ഒരുമിക്കുന്ന  ഭാവിയിലേക്ക് നടത്തുന്ന ഈ ചുവടുവെയ്പ്പ്  രാജ്യത്തെ ദീര്‍ഘദൂര യാത്രകള്‍ക്ക് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സുപ്രധാന യാത്രാമാര്‍ഗമായി ഇന്ത്യന്‍ റെയില്‍വേയെ പരിവര്‍ത്തനം ചെയ്യുന്നു.  

സുഖകരമായ യാത്രയും ലോകോത്തര സൗകര്യങ്ങളും

ദീര്‍ഘദൂര യാത്രകള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ യാത്രക്കാരുടെ സൗകര്യത്തിനാണ് പ്രധാന പരിഗണന നല്‍കുന്നത്.  16 ആധുനിക കോച്ചുകളിലായി ആകെ 823 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന   ട്രെയിന്‍ വേഗത്തിന്റെയും  വിസ്തൃതിയുടെയും സൗകര്യങ്ങളുടെയും  മികച്ച സംയോജനം ഉറപ്പാക്കുന്നു.  


 


ട്രെയിനിന്റെ വിപുലമായ എയറോഡൈനാമിക് രൂപകല്പന വായു പ്രതിരോധം കുറച്ച്  ഉയര്‍ന്ന വേഗത്തില്‍ പോലും സുസ്ഥിരവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു.  മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന  ഈ ട്രെയിന്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ശാന്തവും മികച്ചതുമായ യാത്രാനുഭവം നല്‍കുന്നു.  ശരീരത്തിന് മികച്ച പിന്തുണ നല്‍കുന്ന രീതിയില്‍ ശാസ്ത്രീയമായി രൂപകല്പന ചെയ്ത സ്ലീപ്പിങ് ബെര്‍ത്തുകള്‍ രാത്രികാല യാത്രകളില്‍ മികച്ച വിശ്രമം ഉറപ്പാക്കുന്നു. കോച്ചുകള്‍ക്കിടയില്‍ വെസ്റ്റിബ്യൂളുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ച ഓട്ടോമാറ്റിക് വാതിലുകള്‍ ട്രെയിനിനകത്ത് സുരക്ഷിതവും സൗകര്യപ്രദവുമായ സഞ്ചാരം ഉറപ്പാക്കുന്നു. ആധുനിക സസ്‌പെന്‍ഷന്‍ സംവിധാനം കുലുക്കങ്ങളും പ്രകമ്പനങ്ങളും കുറച്ച് യാത്രാ നിലവാരം മെച്ചപ്പെടുത്തുകയും ക്ഷീണമില്ലാത്ത യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു.

 

 


 

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ലഗേജ് സൂക്ഷിക്കാന്‍ വിശാലമായ ഇടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.  മേലെ സജ്ജീകരിച്ച റേക്കുകളും ബെര്‍ത്തുകള്‍ക്ക് താഴെ നല്‍കിയ സ്ഥലവും  ചെറിയ ബാഗുകള്‍ സൂക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം. വലിയ സ്യൂട്ട്‌കേസുകള്‍ക്ക് കോച്ചിന്റെ  കവാടങ്ങള്‍ക്ക് സമീപം പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ഇത് കോച്ചിനകത്ത് തിരക്ക് ഒഴിവാക്കാനും സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താനും സഹായിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്പന ചെയ്ത  ട്രെയിനില്‍ യുഎസ്ബി ചാര്‍ജിങ്  പോര്‍ട്ടുകളും വിപുലമായ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദിവ്യാംഗ-സൗഹൃദ ഇടങ്ങള്‍, പാചകത്തിനായി സജ്ജീകരിച്ച പ്രത്യേക കോച്ചുകള്‍,  അത്യാധുനിക അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുകയും സുരക്ഷിതവും കാര്യക്ഷമവുമായ രാത്രികാല യാത്രാനുഭവം നല്‍കുകയും ചെയ്യുന്നു.

 

 

വൃത്തിയും ശുചിത്വവും ഉറപ്പാക്കി ആരോഗ്യ സൗഹൃദ യാത്ര

വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രയില്‍ ഉന്നതനിലവാരത്തില്‍  ശുചിത്വവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ആധുനിക ശുചിമുറികളും അത്യാധുനിക അണുനശീകരണ സാങ്കേതികവിദ്യയും ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് യാത്രയിലുടനീളം മികച്ച ശുചിത്വ നിലവാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദീര്‍ഘദൂര രാത്രി യാത്രകളില്‍ അത്യന്താപേക്ഷിതമായ ശുചിത്വപൂര്‍ണവും സുരക്ഷിതവും ആരോഗ്യ സൗഹൃദവുമായ അന്തരീക്ഷം ഇത് ഉറപ്പാക്കുന്നു.

 


 

ഹൗറ-ഗുവാഹത്തി:  സുപ്രധാന റെയില്‍ പാത

രാജ്യത്തെ ഏറ്റവും പ്രധാന റെയില്‍പാതകളിലൊന്നാണ് ഹൗറ-ഗുവാഹത്തി പാത. ലക്ഷക്കണക്കിന് യാത്രക്കാരുടെ ദൈനംദിന യാത്രകളെ ഇത് പിന്തുണയ്ക്കുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പശ്ചിമ ബംഗാളിലെയും അസമിലെയും യാത്രക്കാര്‍ക്ക് വേഗമേറിയതും  ആധുനികവും വിശ്വസനീയവുമായ യാത്രാ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു.

 



പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി, മാല്‍ഡ, മുര്‍ഷിദാബാദ്, പൂര്‍ബ ബര്‍ധമാന്‍, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകള്‍ക്കും അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍, ബോംഗൈഗാവ് എന്നീ ജില്ലകള്‍ക്കും  നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കും. സാധാരണ യാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, കുടിയേറ്റ തൊഴിലാളികള്‍, വ്യാപാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് ഈ സേവനം പ്രത്യേകം ഗുണംചെയ്യും.  കാളിഘട്ട് ക്ഷേത്രം, കാമാഖ്യ ദേവി ക്ഷേത്രം തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവും സൗകര്യപ്രദവുമാകും.

നിലവില്‍ ഈ പാതയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ സാരാഘട്ട് എക്‌സ്പ്രസിനെ അപേക്ഷിച്ച് (12345/12346) യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ ഹൗറ-ഗുവാഹത്തി പാതയിലെ പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് സാധിക്കും.  ഹൗറയ്ക്കും ഗുവാഹത്തി/കാംരൂപിനും ഇടയിലെ ഏകദേശം 966 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാരാഘട്ട് എക്‌സ്പ്രസ് ഏകദേശം 17 മണിക്കൂറെടുക്കുന്നു.  എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ ദൂരം ഏകദേശം 14 മണിക്കൂറില്‍ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.   ഏകദേശം 3 മണിക്കൂര്‍ ലാഭിക്കാന്‍ ഇത് സഹായിക്കും. പ്രാദേശിക വ്യാപാരത്തിനും വിനോദസഞ്ചാര മേഖലയ്ക്കും തൊഴില്‍രംഗത്തിനും  സാമൂഹ്യ ബന്ധങ്ങള്‍ക്കും  ഉണര്‍വ് പകരാന്‍  സഹായിക്കുന്ന  യാത്രാ സമയത്തിലെ ഈ കുറവ് സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തും.  

കുറഞ്ഞ നിരക്കില്‍ നിലവാരമേറിയ യാത്ര

വിമാനയാത്രയെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ  പ്രധാന സവിശേഷതകളിലൊന്ന് യാത്രാനിരക്കിലെ കുറവാണ്. വിമാനക്കമ്പനികളെക്കാള്‍ തീരെ കുറഞ്ഞ നിരക്കില്‍ നിലവാരമേറിയ  സൗകര്യങ്ങള്‍ നല്‍കുന്ന തരത്തിലാണ്  ടിക്കറ്റ്  നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

തേഡ് എസിയ്ക്ക് ഏകദേശം 2300 രൂപയും സെക്കന്റ് എസിയ്ക്ക് 3000 രൂപയും ഫസ്റ്റ് എസിയ്ക്ക് 3600 രൂപയുമാണ് ഈ സര്‍വീസിന്റെ നിര്‍ദിഷ്ട നിരക്കുകള്‍. മിതമായ നിരക്കില്‍ നിലവാരമേറിയ സൗകര്യങ്ങളും സേവനങ്ങളും  നല്‍കുന്നതിലൂടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ യാത്രാമാര്‍ഗമായി മാറുന്നു.

യാത്രയ്ക്കിടയില്‍  പ്രാദേശിക വിഭവങ്ങള്‍

യാത്രക്കാര്‍ക്ക് ട്രെയിനില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യവിതരണ സേവനങ്ങളും ആസ്വദിക്കാം. ഇത് ദീര്‍ഘദൂര രാത്രി യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് പ്രാദേശിക  വിഭവങ്ങളാണ് നല്‍കുന്നത്.  ഗുവാഹത്തിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ അസമീസ് വിഭവങ്ങളും കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ പരമ്പരാഗത ബംഗാളി വിഭവങ്ങളും ലഭ്യമാക്കും. ഇത് യാത്രക്കാര്‍ക്ക് സാംസ്‌കാരികവും വൈവിധ്യപൂര്‍ണവുമായ മികച്ച ഭക്ഷ്യാനുഭവം ഉറപ്പാക്കുന്നു.

ജീവനക്കാര്‍ക്ക് പിന്തുണയും സുഗമമായ പ്രവര്‍ത്തനവും

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ റെയില്‍വേ ജീവനക്കാര്‍ക്കും കാര്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്.  ലോക്കോ പൈലറ്റുമാര്‍ക്കായി  ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഡ്രൈവര്‍ ക്യാബിനുകള്‍  ദീര്‍ഘസമയത്തെ ജോലി സമ്മര്‍ദവും ക്ഷീണവും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ  ഇവര്‍ക്കായി പ്രത്യേക ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്.  

 



 

ടിടിഇമാരും പാചക ജീവനക്കാരുമടക്കം  ട്രെയിനിലെ ജീവനക്കാര്‍ക്ക് പ്രത്യേക ക്യാബിനുകളും കമ്പാര്‍ട്ടുമെന്റുകളും നല്‍കിയിട്ടുണ്ട്. ജോലിക്കിടയില്‍  വിശ്രമിക്കാന്‍ മികച്ച ബെര്‍ത്തുകളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് ജീവനക്കാരുടെ കാര്യക്ഷമതയും ജാഗ്രതയും സേവന നിലവാരവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.  

തദ്ദേശീയ സാങ്കേതികവിദ്യയിലൂന്നിയ സുരക്ഷ

സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാനും സുരക്ഷിതമായ  ട്രെയിന്‍ ഗതാഗതം ഉറപ്പാക്കാനും തദ്ദേശീയമായി വികസിപ്പിച്ച 'കവച്'  ഓട്ടോമാറ്റിക് ട്രെയിന്‍ സുരക്ഷാ സംവിധാനം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 



 

ഓട്ടോമാറ്റിക് വാതിലുകള്‍, മികച്ച അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍, അണുനശീകരണ സാങ്കേതികവിദ്യ, എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകള്‍  എന്നിവയും ട്രെയിനിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന 'അടിയന്തര ടോക്ക്-ബാക്ക്' സംവിധാനവും ലഭ്യമാണ്. ഈ സംവിധാനങ്ങള്‍ ഒരുമിച്ച് റെയില്‍ സുരക്ഷയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും യാത്രക്കാര്‍ക്ക് പൂര്‍ണ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്നു.

 

 

കൃത്യനിഷ്ഠയും വിശ്വസനീയതയും

ഉയര്‍ന്ന വേഗം, അത്യാധുനിക ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങള്‍, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവ ഉയര്‍ന്ന കൃത്യനിഷ്ഠയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ട്രെയിനിന്റെ വേഗം പെട്ടെന്ന് വര്‍ധിപ്പിക്കാനും കുറയ്ക്കാനും കഴിയുന്നതിനാല്‍ സ്റ്റേഷനുകളില്‍ സമയം ലാഭിക്കാനും കൃത്യമായ സമയക്രമം പാലിക്കാനും സാധിക്കുന്നു. ഇത് ദീര്‍ഘദൂര രാത്രി യാത്രകളില്‍  സമയക്രമം ഉറപ്പാക്കാന്‍ സഹായിക്കുകയും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസിനെ വിശ്വസനീയ യാത്രാമാര്‍ഗമാക്കി മാറ്റുകയും ചെയ്യുന്നു.  

റെയില്‍ യാത്രയുടെ ഭാവി

ആധുനികവും യാത്രക്കാര്‍ക്ക്  പ്രാധാന്യം നല്‍കുന്നതുമായ രൂപകല്പനയിലൂടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രികാല റെയില്‍ യാത്രയെ പുനര്‍നിര്‍വചിക്കുന്നു. ശാസ്ത്രീയമായി രൂപകല്പന ചെയ്ത സീറ്റുകളും ബെര്‍ത്തുകളും ദീര്‍ഘദൂര യാത്രകളില്‍ മികച്ച സൗകര്യം ഉറപ്പാക്കുന്നു. ലഗേജ് സൂക്ഷിക്കാനായി തയ്യാറാക്കിയ പ്രത്യേക സൗകര്യങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍, ജീവനക്കാര്‍ക്കും ലോക്കോ പൈലറ്റുമാര്‍ക്കും  വേണ്ടി സജ്ജീകരിച്ച മികച്ച  സൗകര്യങ്ങള്‍ എന്നിവ യാത്രയിലെ ക്ഷീണം കുറയ്ക്കാനും തടസരഹിത സേവനം ഉറപ്പാക്കാനും വഴിയൊരുക്കുന്നു. ആധുനിക സാങ്കേതികവിദ്യയും പ്രവര്‍ത്തനക്ഷമതയും ഒത്തുചേരുന്ന ഭാവി റെയില്‍ യാത്രാ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഈ സവിശേഷതകള്‍.

 

***


(रिलीज़ आईडी: 2214835) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Kannada