ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള നിശ്ചിത പേഔട്ടുകൾക്കായി ചട്ടക്കൂട് രൂപീകരിക്കാൻ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ച് PFRDA

प्रविष्टि तिथि: 13 JAN 2026 1:40PM by PIB Thiruvananthpuram

ദേശീയ പെൻഷൻ പദ്ധതിക്ക് (NPS) കീഴിൽ നിശ്ചിത പേഔട്ടുകൾ നല്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ്  അതോറിറ്റി (PFRDA) ഒരു ഉന്നതതല സമിതി രൂപീകരിച്ചു. PFRDA നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായ ഈ നീക്കം, വരിക്കാരുടെ വിരമിക്കൽ കാലത്തെ വരുമാന സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഓരോ പൗരനും അവരുടെ വിശ്രമകാലത്ത് യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യവും അന്തസ്സും കൈവരിക്കുന്ന 'വികസിത ഭാരതം 2047' എന്ന വിശാലമായ ദർശനത്തിലേക്കുള്ള PFRDA- യുടെ സുപ്രധാന ചുവടുവെയ്പ്പാണ് ഈ സമിതിയുടെ രൂപീകരണം.

സമിതിയുടെ നേതൃത്വവും ഘടനയും

റെഗുലേറ്ററി ചേമ്പേഴ്‌സിൻ്റെ സ്ഥാപകനും ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി ബോർഡ് ഓഫ് ഇന്ത്യയുടെ (IBBI) മുൻ ചെയർപേഴ്‌സണുമായ ഡോ. എം. എസ്. സാഹൂ ആയിരിക്കും സമിതിയുടെ അധ്യക്ഷൻ. നിയമം, ആക്ച്വറിയൽ, ധനകാര്യം, ഇൻഷുറൻസ്, മൂലധന വിപണി, അക്കാദമിക്  തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് ഈ 15 അംഗ സമിതി. കൂടാതെ, സമഗ്രമായ ചർച്ചകൾ ഉറപ്പാക്കുന്നതിനായി, അഭിപ്രായങ്ങൾക്കും കൂടിയാലോചനകൾക്കുമായി പുറത്തുനിന്നുള്ള വിദഗ്ധരേയോ ഇടനിലക്കാരേയോ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ സമിതിക്ക് അധികാരം നല്കിയിട്ടുണ്ട്.

പ്രധാന ലക്ഷ്യങ്ങളും ചുമതലകളും

ഘടനാപരമായ പെൻഷൻ പേഔട്ടുകളെക്കുറിച്ചുള്ള ഒരു സ്ഥിരം ഉപദേശക സമിതിയായാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. സമിതിയുടെ പ്രധാന ചുമതലകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ചട്ടക്കൂട് വികസനം: 2025 സെപ്റ്റംബർ 30-ലെ PFRDA കൺസൾട്ടേഷൻ പേപ്പറിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പെൻഷൻ പദ്ധതികളെക്കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെ, നിശ്ചിത പേഔട്ടുകൾക്കായി ചട്ടങ്ങൾ നിർമ്മിക്കുക.
  • തടസ്സമില്ലാത്ത പരിവർത്തനം: വരിക്കാർ തങ്ങളുടെ നിക്ഷേപ കാലയളവിൽ നിന്നും പെൻഷൻ ലഭിക്കുന്ന കാലയളവിലേക്ക് മാറുന്ന പ്രക്രിയ സുഗമമാണെന്ന് ഉറപ്പാക്കുക.
  • വിപണി അധിഷ്ഠിത ഉറപ്പ്: നിശ്ചിത വരുമാന ഗ്യാരണ്ടികൾ നിയമപരമായി നടപ്പിലാക്കാവുന്നതും വിപണി അധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കുന്നതിന് നോവേഷൻ, സെറ്റിൽമെൻ്റ്  എന്നീ ആശയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുക.
  • പ്രവർത്തന രൂപകൽപ്പന: സേവനദാതാക്കൾക്കായി ലോക്ക്-ഇൻ കാലയളവുകൾ, പണം പിൻവലിക്കാനുള്ള പരിധികൾ, വിലനിർണ്ണയ സംവിധാനങ്ങൾ, ഫീസ് ഘടനകൾ  എന്നിവ നിശ്ചയിക്കുക.
  • റിസ്‌ക്കും നിയമപരമായ മേൽനോട്ടവും: ശക്തമായ റിസ്ക് മാനേജ്മെൻ്റ്  (മൂലധനവും സോൾവൻസി ആവശ്യകതകളും) സ്ഥാപിക്കുക. കൂടാതെ, NPS ഘടനയിൽ നിന്ന് പുറത്തുകടക്കാതെ തന്നെ വരിക്കാർക്ക് ലഭിക്കുന്ന പേഔട്ടുകളുടെ നികുതി സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുക.
  • ഉപഭോക്തൃ സംരക്ഷണം: പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ച് നല്കി വിൽക്കുന്നത് തടയുന്നതിനും, ഉറപ്പായ വരുമാനത്തിൻ്റേയും വിപണി അധിഷ്ഠിത ഗ്യാരണ്ടിയുടേയും സ്വഭാവത്തെക്കുറിച്ച് വരിക്കാർക്കുള്ള പ്രതീക്ഷകൾ കൃത്യമായി നിയന്ത്രിക്കുന്നതിനും വേണ്ടി മാനദണ്ഡങ്ങളോട് കൂടിയ വെളിപ്പെടുത്തൽ ചട്ടക്കൂടുകൾ വികസിപ്പിക്കുക.
****

(रिलीज़ आईडी: 2214137) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil