യുവജനകാര്യ, കായിക മന്ത്രാലയം
ആരോഗ്യമുള്ള ശരീരമാണ് ശക്തമായ നേതൃത്വത്തിന്റെ അടിത്തറ : ന്യൂഡൽഹിയിൽ നടന്ന 56-ാമത് ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ പരിപാടിയിൽ ഡോ. മൻസുഖ് മാണ്ഡവ്യ
प्रविष्टि तिथि:
11 JAN 2026 4:31PM by PIB Thiruvananthpuram
ഫിറ്റ് ഇന്ത്യ സംരംഭത്തിന്റെ ബഹുജന ഫിറ്റ്‌നസ് പ്രസ്ഥാനമായ സൺഡേയ്‌സ് ഓൺ സൈക്കിൾ ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. രാവിലെ 7 മണിക്ക് 6 ഡിഗ്രി തണുപ്പ് അവഗണിച്ചു കൊണ്ട് 500 യുവ നേതാക്കൾ ഉൾപ്പെടെ 1000-ത്തിലധികം പേർ ഫിറ്റ്‌നസ് പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് സൈക്ലിംഗ് റാലിക്ക് നേതൃത്വം നൽകിയത്. ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്, ബാഡ്മിന്റൺ ഇതിഹാസം പുല്ലേല ഗോപിചന്ദ്, വളർന്നുവരുന്ന അന്താരാഷ്ട്ര ഗുസ്തി താരം ശിവാനി പവാർ എന്നിവരും റാലിയിൽ പങ്കെടുത്തു

പൊതുജീവിതത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന യുവാക്കളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള, നാല് ദിവസത്തെ ദേശീയ പരിപാടിയായ വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026-ൽ പങ്കെടുക്കാൻ എത്തിയ രാജ്യത്തുടനീളമുള്ള യുവ നേതാക്കൾ ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിളിന്റെ 56-ാമത് പതിപ്പിൽ പ്രത്യേക ക്ഷണിതാക്കളായി. 15,000 സ്ഥലങ്ങളിലായി നടന്ന ഈ പതിപ്പിന്റെ ഭാഗമായി ഭോപ്പാലിൽ മെഗാ പരിപാടി നടന്നു. മധ്യപ്രദേശ് യുവജനകാര്യ-കായിക മന്ത്രി ശ്രീ വിശ്വാസ് കൈലാഷ് സാരംഗ്, നടി പായൽ റോഹത്ഗി, ഒളിമ്പ്യൻ ജൂഡോ താരം ഗരിമ ചൗധരി, ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചേർന്ന് സൈക്ലിംഗ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

"ആരോഗ്യമുള്ള ശരീരമാണ് ശക്തമായ നേതൃത്വത്തിന്റെ അടിത്തറ. സൈക്ലിംഗ് നമ്മെ ശക്തമായ നേതൃ പാഠങ്ങൾ പഠിപ്പിക്കുന്നു - എപ്പോൾ വേഗത്തിൽ ചവിട്ടണം, എപ്പോൾ വേഗത കുറയ്ക്കണം, ഏറ്റവും പ്രധാനമായി, ജീവിതത്തിൽ മുന്നോട്ട് പോകാൻ എങ്ങനെ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് അത് നമ്മോട് പറയുന്നു." ഡൽഹിയിൽ നടന്ന പരിപാടിയിൽ ഡോ. മാണ്ഡവ്യ പറഞ്ഞു.

സൺഡേയ്‌സ് ഓൺ സൈക്കിൾ സംരംഭം ആരംഭിക്കാനുള്ള കേന്ദ്രമന്ത്രിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ട്, " ഫിറ്റ്‌നസ് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ആശയങ്ങൾ നൽകുന്നതിന് പുറമേ, ആ പ്രസ്ഥാനത്തെയാകെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു മന്ത്രിയെ കാണുന്നത് പ്രചോദനം നൽകുന്നു. ഒരാഴ്ചത്തെ കഠിനാധ്വാനത്തിനുശേഷം ഞായറാഴ്ച രാവിലെ അദ്ദേഹം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നു എന്നത് ഫിറ്റ് ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നു. ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ വിനോദങ്ങൾ ആസ്വദിക്കാൻ കഴിയും. അതിനാൽ പ്രകൃതിയെ ആസ്വദിക്കാനും, പുറം ലോകത്തിന്റെ ഭാഗമാകാനും നാം മറന്നുപോയി.അതിനാൽ ഇന്ന് ഇവിടെ എത്തിയവരെ ഞാൻ അഭിനന്ദിക്കുന്നു". ശ്രീ ഗോപിചന്ദ് പറഞ്ഞു.

ഫിറ്റ് ഇന്ത്യ പോലുള്ള സാമൂഹ്യ ഫിറ്റ്‌നസ് കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ലിയാൻഡർ പേസ് പറഞ്ഞതിങ്ങനെ: "ആർക്കും ഒറ്റയ്ക്ക് ഫിറ്റ്‌നസ് നേടാൻ കഴിയില്ല, നിങ്ങൾ പരസ്പരം പ്രചോദിപ്പിക്കുകയും സമൂഹത്തിന്റെ ഭാഗമാകുകയും വേണം. കാരണം ഫിറ്റ്‌നസ് എന്നാൽ ശക്തമായ ഒരു ശരീരം മാത്രമല്ല, ആരോഗ്യകരമായഒരു മനസ്സും കൂടിയാണ്. അത്, ഇത്തരം സമൂഹ പരിപാടികളിൽ പങ്കെടുക്കുമ്പോൾ നമുക്ക് നേടാനാകും. വളരെ സവിശേഷമായ ഈ പരിപാടി ആസൂത്രണം ചെയ്തതിന് കേന്ദ്ര കായിക മന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു, ഇത് രാജ്യമെമ്പാടും സമാന്തരമായി നടക്കുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്."

പരിപാടിയുടെ ആവേശത്തിന് മാറ്റുകൂട്ടിക്കൊണ്ട്, രാവിലെ സുംബ സെഷൻ, ശാന്തമായ യോഗാഭ്യാസം, അത്‌ലറ്റുകളുടെ ആകർഷകമായ ഇലക്ട്രിക് മല്ലകാംബ്, റോപ്പ്-സ്‌കിപ്പിംഗ് പ്രകടനങ്ങൾ എന്നിവ നടന്നു. കാണികൾ കരഘോഷത്തോടെയാണ് ഈ പരിപാടികളെ സ്വീകരിച്ചത്. ഫിറ്റ് ഇന്ത്യ അംബാസഡർമാരായ ടിംസി ബെക്ടറും ദിവ്യ അഹൂജയും ഈ വിനോദത്തിൽ പങ്കുചേർന്നുകൊണ്ട് ശൈത്യകാലത്ത് തുടരേണ്ട പ്രധാന ഫിറ്റ്‌നസ് നുറുങ്ങുകൾ പങ്കുവെച്ചു. പ്രായമായവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും പോലും തുടർച്ചയായ വ്യായാമങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ എടുത്തുപറഞ്ഞു.

ഭോപ്പാലിൽ, കായിക മന്ത്രി ശ്രീ. വിശ്വാസ് കൈലാഷ് സാരംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ട് വെച്ച 'ഫിറ്റ് ഇന്ത്യ, ഹിറ്റ് ഇന്ത്യ' എന്ന മന്ത്രം ആവർത്തിച്ചു. "ഈ സൈക്ലിംഗ് പരിപാടിയിലൂടെ രാജ്യവ്യാപകമായി ഫിറ്റ്‌നസിന്റെ സന്ദേശം മുന്നോട്ട് വെച്ചതിന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തെയും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെയും ഞാൻ അഭിനന്ദിക്കുന്നു."അദ്ദേഹം പറഞ്ഞു.

ഭോപ്പാൽ പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ നടി പായൽ റോഹത്ഗി, ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ പോലുള്ള പരിപാടി ഫിറ്റ്‌നസിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. "നമ്മുടെ ജനങ്ങൾ ഈ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ കായികതാരങ്ങളെയും ഒളിമ്പ്യൻമാരെയും നമുക്ക് ലഭിക്കും. നമ്മുടെ കേന്ദ്ര കായിക മന്ത്രി ഒരു ഉത്സാഹിയായ സൈക്ലിസ്റ്റാണെന്നും സൺഡേസ് ഓൺ സൈക്കിൾ പരിപാടിയിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടെന്നും അത്ഭുതകരമായ വസ്തുതയാണ്," റോഹത്ഗി പറഞ്ഞു.
ക്രിക്കറ്റ് താരം അനികേത് ഉമാശങ്കർ വർമ്മ, ജൂനിയർ ഹോക്കി ഇന്റർനാഷണൽ താരം അബ്ദുൾ അഹാദ്, ഫുട്ബോൾ താരം വിശാൽ ജൂൺ, കനോ സ്പ്രിന്റ് അത്‌ലറ്റ് ജസ്പ്രീത് സിംഗ്, ജൂഡോ താരങ്ങളായ ശ്രദ്ധ കടുബാൽ ചോപാഡെ, യാഷ് ഗംഗാസ്, യുവ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ അവാർഡ് ജേതാവ് യോഗിത മാണ്ഡവി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.അവരുടെ സാന്നിധ്യം, ജനകീയ പ്രസ്ഥാനമായി മാറിയ ഈ പരിപാടിക്ക് കൂടുതൽ പ്രചോദനം നൽകി.
പൗരന്മാർ, കായികതാരങ്ങൾ, ഫിറ്റ്‌നസ് പ്രേമികൾ എന്നിവർക്കൊപ്പം യുവ നേതാക്കൾക്കായാണ് 56-ാമത് പതിപ്പ് സമർപ്പിച്ചിരിക്കുന്നത്. രാഷ്ട്രനിർമ്മാണത്തിനും നേതൃമികവിനും ശാരീരികക്ഷമത അവിഭാജ്യമാണെന്നും ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ പരിപാടി വികസിത് ഭാരത് യാത്രയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള സന്ദേശം ഇത് ശക്തിപ്പെടുത്തുന്നു. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, യോഗാസന ഭാരത്, മൈ ഭാരത്, ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ക്ലബ്ബുകൾ എന്നിവ സ്ഥിരം പങ്കാളികളായി ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ പരിപാടിക്ക് വേണ്ട പിന്തുണ നൽകുന്നു.
***
(रिलीज़ आईडी: 2213679)
आगंतुक पटल : 6