രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

യുവാക്കളാണ് വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയിലെ പ്രധാന ചാലകശക്തി: രാജ്യരക്ഷാ മന്ത്രി

प्रविष्टि तिथि: 10 JAN 2026 8:11PM by PIB Thiruvananthpuram

യുവജനങ്ങളാണ് വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയിലെ പ്രധാന ചാലകശക്തിയെന്ന് രാജ്യരക്ഷാ മന്ത്രി  രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്നലെ (2026 ജനുവരി 10) ഡൽഹി കാൻ്റിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശിൽ നിന്നുള്ള 78 യുവ പ്രതിഭകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2026'-ൽ പങ്കെടുക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള  സംഘമാണ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച യുവ നേതാക്കളെ അഭിനന്ദിച്ച മന്ത്രി, യുവാക്കളുടെ ഊർജവും അഭിലാഷങ്ങളും നൂതനമായ കഴിവുകളും വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ നയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ യുവാക്കൾ വിവിധ വിഷയങ്ങളിലുള്ള പഠനം (Multidisciplinary learning) ശീലമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 "പഠനപ്രക്രിയ ഒരിക്കലും അവസാനിക്കുന്നില്ല. പുതിയ രീതികളിൽ നിന്നും സ്വന്തം തെറ്റുകളിൽ നിന്നും അതിലുപരി മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നിങ്ങൾ പഠിക്കണം. വലിയ സ്വപ്നങ്ങൾ കാണുക, എന്നാൽ അത് ഒരിക്കലും ഒരു ഭാരമാകാൻ അനുവദിക്കരുത്," അദ്ദേഹം പറഞ്ഞു.
 "വെല്ലുവിളികൾ ജീവിതത്തിൻ്റെ ഭാഗമാണെന്നും പ്രതിസന്ധിഘട്ടങ്ങളാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതെ"ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയങ്ങളെ ഭയപ്പെടാതെ ധൈര്യത്തോടും വിവേകത്തോടും ആത്മവിശ്വാസത്തോടും കൂടി നേരിടണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"വെല്ലുവിളികളെ വ്യക്തിത്വം ശക്തിപ്പെടുത്താനുള്ള അവസരങ്ങളായി കാണണം. ആത്മവിശ്വാസം വരുന്നത് അഹങ്കാരത്തിൽ നിന്നല്ല, മറിച്ച് കഠിനാധ്വാനത്തിൽ നിന്നും സത്യസന്ധതയിൽ നിന്നുമാണ്. തൻ്റെ നേട്ടങ്ങൾ സ്വന്തം അധ്വാനം മാത്രമല്ലെന്നും അതിൽ കുടുംബത്തിൻ്റെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പങ്കുണ്ടെന്നുമുള്ള വിനയം എപ്പോഴും ഉണ്ടായിരിക്കണ"മെന്നും അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, പ്രതിരോധ സെക്രട്ടറി  രാജേഷ് കുമാർ സിംഗ്,സെക്രട്ടറി(പ്രതിരോധ ഉല്പാദനം)ശ്രീ സഞ്ജീവ്കുമാർ,സെക്രട്ടറി(വിമുക്തഭട ക്ഷേമം)ശ്രീമതി സുകൃതി ലിഖി ,മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

***

 


(रिलीज़ आईडी: 2213369) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR