ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
റസ്റ്റോറൻ്റുകൾ നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്തൃ നിയമത്തിൻ്റെ ലംഘനം: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
प्रविष्टि तिथि:
10 JAN 2026 4:05PM by PIB Thiruvananthpuram
ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുകയും അന്യായ വ്യാപാര രീതികൾ സ്വീകരിക്കുകയും ചെയ്ത രാജ്യമെമ്പാടുമുള്ള 27 റെസ്റ്റോറൻ്റുകൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം, 2019 വകുപ്പ് 2(47) പ്രകാരം, നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ കേസെടുത്തു.
സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹി ഹൈക്കോടതി 2025 മാർച്ച് 28-ന് ശരിവെച്ചതിനെ തുടർന്നാണ് നടപടി. കോടതി വിധിയിൽ, റസ്റ്റോറൻ്റുകൾ നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. കൂടാതെ, എല്ലാ റസ്റ്റോറൻ്റ് സ്ഥാപനങ്ങളും അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, നിയമപ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പൂർണ്ണ അധികാരം അതോറിറ്റിക്ക് ഉണ്ടായിരിക്കുമെന്നതും കോടതി ഉറപ്പിച്ചുപറഞ്ഞു.
ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അന്യായമായ വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനും ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 2022 ജൂലൈ 4 ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇനിപ്പറയുന്ന വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു:
- ഭക്ഷണ ബില്ലിൽ സ്വയമേവയോ സ്ഥിരമായോ സർവീസ് ചാർജ് ഹോട്ടലുകളും റസ്റ്റോറൻ്റുകളും ചേർക്കരുത്.
- സർവീസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കുന്നത് അനുവദനീയമല്ല.
- ഉപഭോക്താക്കളെ സർവീസ് ചാർജ് അടയ്ക്കാൻ നിർബന്ധിക്കരുത്; അതു ഉപഭോക്താക്കൾക്ക് തീരുമാനിക്കാവുന്നതാണെന്നും നിർബന്ധിതമല്ലെന്നും വ്യക്തമായി അറിയിക്കണം.
- സർവീസ് ചാർജ് അടക്കാൻ വിസമ്മതിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിനോ സേവനങ്ങൾ ലഭിക്കുന്നതിനോ യാതൊരു വിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തരുത്.
- സർവീസ് ചാർജ് ബില്ലിൽ ചേർക്കാനും ജിഎസ്ടി ഈടാക്കാനും പാടില്ല.
പട്നയിലെ കഫേ ബ്ലൂ ബോട്ട്ൽ, മുംബൈയിലെ ചൈന ഗേറ്റ് റെസ്റ്റോറൻ്റ് പ്രൈവറ്റ് ലിമിറ്റഡ് (ബോറ ബോറ) എന്നിവ ഉൾപ്പെടെ നിരവധി റെസ്റ്റോറൻ്റുകൾ സ്വയമേവ 10% സർവീസ് ചാർജ് ഈടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെയും അതോറിട്ടി മാർഗ്ഗനിർദ്ദേശങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത നിയമവും മാർഗ്ഗനിർദ്ദേശങ്ങളും ഡൽഹി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. സർവീസ് ചാർജ് കൂട്ടിച്ചേർത്ത ഇൻവോയിസുകൾ ഇതിന് തെളിവായി സമർപ്പിക്കപ്പെട്ടു. വിശദമായ അന്വേഷണത്തിൽ, ഇത്തരം പ്രവൃത്തികൾ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(47) പ്രകാരം അന്യായമായ വ്യാപാര നടപടികളുടെ ഭാഗമാണെന്ന് കണ്ടെത്തി.
പട്നയിലെ കഫേ ബ്ലൂ ബോട്ടിലിൻ്റെ കാര്യത്തിൽ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റസ്റ്റോറൻ്റിന് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ നൽകി:
- ഉപഭോക്താവിന് മുഴുവൻ സർവീസ് ചാർജും തിരികെ നൽകുക
- സർവീസ് ചാർജ് ഈടാക്കുന്ന രീതി ഉടനടി നിർത്തലാക്കുക
മുംബൈയിലെ ചൈന ഗേറ്റ് റെസ്റ്റോറൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (ബോറ ബോറ) കേസിൽ, വാദം കേൾക്കുന്നതിനിടയിൽ സർവീസ് ചാർജ് തിരികെ നൽകാൻ റെസ്റ്റോറൻ്റ് തയ്യാറായി. റെസ്റ്റോറൻ്റിനോട് ഇനിപ്പറയുന്ന കാര്യങ്ങൾ കൂടി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദ്ദേശിച്ചു:
- സർവീസ് ചാർജ് അല്ലെങ്കിൽ അതിനുപകരമായ ഏതെങ്കിലും ചാർജ് സ്വയമേവ ബില്ലിൽ ചേർക്കപ്പെടാതിരിക്കാൻ സോഫ്‌റ്റ്‌വെയർ-ബില്ലിംഗ് സിസ്റ്റത്തിൽ മാറ്റം വരുത്തുക
- ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനത്തിനും അന്യായ വ്യാപാര രീതിക്കും ₹50,000 പിഴ അടയ്ക്കുക
- നിയമം നിർദേശിക്കുന്നതുപോലെ, ഉപഭോക്തൃ പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി പൊതു പ്ലാറ്റ്‌ഫോമുകളിൽ ഇ-മെയിൽ ഐഡി എല്ലാ സമയത്തും പ്രവർത്തനക്ഷമവും സജീവവുമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക.
സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിക്കുന്ന പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതും അന്യായമായ വ്യാപാര രീതികൾ തടയുന്നതും ലക്ഷ്യമിട്ട് നിയമം പാലിക്കാത്ത റെസ്റ്റോറൻ്റുകൾക്കെതിരെ ശക്തവും കർശനവുമായ നടപടി തുടരുമെന്ന് CCPA വ്യക്തമാക്കി.
***
(रिलीज़ आईडी: 2213286)
आगंतुक पटल : 16