ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം, ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
09 JAN 2026 4:49PM by PIB Thiruvananthpuram
ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം, ഇന്ന് ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈശ്വിക് ഹിന്ദി പരിവാർ, അന്താരാഷ്ട്രീയ സഹയോഗ് പരിഷത്ത്, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ്, ഡൽഹി സർവകലാശാലയിലെ ഭാരതീയ ഭാഷാ വകുപ്പ് എന്നിവ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
പണ്ഡിതർ, ഭാഷാശാസ്ത്രജ്ഞർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ഭാഷയെ നാഗരികതയുടെ മനസ്സാക്ഷിയായി വിശേഷിപ്പിച്ചു. അത് സ്മരണകൾ, വിജ്ഞാന സംവിധാനങ്ങൾ, മൂല്യങ്ങൾ എന്നിവയെ തലമുറകളിലേക്ക് കൈമാറുന്നു. പുരാതന ശിലാലിഖിതങ്ങളും താളിയോല കൈയെഴുത്തുരേഖകളും മുതൽ ഇന്നത്തെ ഡിജിറ്റൽ ലിപികൾ വരെ, മാനവികതയെ നിർവചിക്കുന്ന തത്ത്വചിന്തകൾ, ശാസ്ത്രം, കവിത, ധാർമ്മിക പാരമ്പര്യം എന്നിവയെ ഭാഷകൾ സംരക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ അടുത്തിടെ നടന്ന സിദ്ധ ദിനാഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ, ഇന്ത്യയുടെ വിശാലവും ബഹുഭാഷാപരവുമായ വൈജ്ഞാനിക പാരമ്പര്യങ്ങളുടെ നിതാന്ത സാക്ഷ്യമായി നിലകൊള്ളുന്ന നിരവധി താളിയോല കൈയെഴുത്തുപ്രതികൾ കാണാൻ സാധിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു. തത്ത്വചിന്ത, വൈദ്യശാസ്ത്രം, ശാസ്ത്രം, ഭരണം, ആത്മീയത എന്നിവയ്ക്ക് ഓരോ ഇന്ത്യൻ ഭാഷയും ആഴത്തിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യയിലെ അനേകം ഭാഷകൾ ഒരിക്കലും രാഷ്ട്രത്തെ വിഭജിച്ചിട്ടില്ലെന്നും പകരം, അവ ഒരു പൊതു നാഗരിക ധാർമ്മികതയും ധർമ്മവും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
രാജ്യസഭാ അധ്യക്ഷനെന്ന നിലയിൽ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ നിന്നുള്ള അനുഭവം പങ്കുവെച്ച ഉപരാഷ്ട്രപതി, പാർലമെന്റിൽ മാതൃഭാഷയിൽ സംസാരിക്കുന്ന അംഗങ്ങളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയുടെ വിവർത്തനത്തിന്റെ പകർപ്പ് അടുത്തിടെ സന്താലി ഭാഷയിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രകാശനം ചെയ്ത കാര്യം അദ്ദേഹം പരാമർശിച്ചു. ഭാഷാപരമായ ഉൾപ്പെടുത്തലിനും എല്ലാ ഭാഷാ സമൂഹങ്ങളോടും ജനാധിപത്യപരമായ ബഹുമാനത്തിനും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയും അതിന്റെ എട്ടാം ഷെഡ്യൂളും, ഭാഷാ വൈവിധ്യത്തെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ദേശീയ ഐക്യം സമാനതയിലല്ല, പരസ്പര ബഹുമാനത്തിലാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം വ്യകതമാക്കി. ഓരോ പൗരനും അവരുടെ സ്വന്തം ഭാഷയിൽ സ്വയം പ്രകടിപ്പിക്കാൻ കഴിയുമ്പോഴാണ് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമകാലിക വെല്ലുവിളികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് , ലോകമെമ്പാടുമുള്ള നിരവധി തദ്ദേശീയ ഭാഷകൾ വംശനാശ ഭീഷണിയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗവേഷണം, അന്താരാഷ്ട്ര അക്കാദമിക സഹകരണം, പുരാതന ലിപികളുടെയും കൈയെഴുത്തുപ്രതികളുടെയും, പ്രത്യേകിച്ച് വംശനാശ ഭീഷണി നേരിടുന്ന ഭാഷകളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ ഭാഷാ സമ്മേളനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന സംരംഭങ്ങളെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. അറിവ് പവിത്രമാണെന്നും അത് പങ്ക് വെയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള ഇന്ത്യയുടെ വിശ്വാസം ആവർത്തിച്ചു സ്ഥിരീകരിച്ചു കൊണ്ട്, ഇന്ത്യൻ ഭാഷകളുടെ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ജ്ഞാനഭാരതം മിഷനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
ഭാഷാ സംരക്ഷണത്തിൽ സാങ്കേതികവിദ്യ ഒരു പ്രധാന ഘടകമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷകൾ വർത്തമാനകാലത്ത് അഭിവൃദ്ധി പ്രാപിക്കുകയും ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ ആർക്കൈവുകൾ, എഐ അധിഷ്ഠിത വിവർത്തന സംവിധാനങ്ങൾ, ബഹുഭാഷാ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭാഷകൾ സംരക്ഷിക്കുന്നതിലൂടെ ഇന്ത്യ അതിന്റെ നാഗരികതകളെ സംരക്ഷിക്കുന്നു. ഭാഷാ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. എല്ലാ ഭാഷകളെയും ആഘോഷിക്കുന്നതിലൂടെ ഇന്ത്യ മാനവികതയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ നിശാങ്ക്, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ് ചെയർമാൻ ശ്രീ റാം ബഹാദൂർ റായ്; കൗൺസിൽ ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ശ്രീ ശ്യാം പരന്ദേ; ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതർ, അക്കാദമിക വിദഗ്ധർ, ഭാഷാശാസ്ത്രജ്ഞർ, ഗവേഷകർ, പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****
(रिलीज़ आईडी: 2213050)
आगंतुक पटल : 10