രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റിപ്പബ്ലിക് ദിനാഘോഷം 2026: വീർ ഗാഥ 5.0 - ൽ 1.92 കോടി വിദ്യാർത്ഥികളുടെ റെക്കോർഡ് പങ്കാളിത്തം.

18 വിദേശരാജ്യങ്ങളിലെ 91 സിബിഎസ്ഇ- അഫിലിയേറ്റഡ് സ്കൂളുകളിൽ നിന്നുള്ള 28,000-ത്തിലധികം വിദ്യാർത്ഥികൾ ആദ്യമായി പങ്കെടുക്കുന്നു.

प्रविष्टि तिथि: 08 JAN 2026 3:51PM by PIB Thiruvananthpuram

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച പ്രോജക്ട് വീർ ഗാഥ 5.0 - യ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം, ഏകദേശം 1.90 ലക്ഷം സ്കൂളുകളിൽ നിന്നായി ഏകദേശം 1.92 കോടി വിദ്യാർത്ഥികൾ ഈ സംരംഭത്തിൽ പങ്കെടുത്തു.  2021-ൽ പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പങ്കാളിത്തമാണിത്.  പ്രിപ്പറേറ്ററി ഘട്ടത്തിൽ നിന്ന് 25 പേർ (ഗ്രേഡുകൾ 3-5), മിഡിൽ ഘട്ടത്തിൽ നിന്ന് 25 പേർ (ഗ്രേഡുകൾ 6-8), സെക്കൻഡറി ഘട്ടത്തിൽ നിന്ന് 50 പേർ (9-10, 11-12 ഗ്രേഡുകളിൽ നിന്ന് തുല്യ പ്രാതിനിധ്യം) എന്നിങ്ങനെ ദേശീയ തലത്തിൽ നൂറ് വിജയികളെ തിരഞ്ഞെടുത്തു. സൂപ്പർ-100 വിജയികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:


(വീർ ഗാഥ 5.0 - സൂപ്പർ-100 വിജയികൾ)
 

2025 സെപ്റ്റംബർ എട്ടിന് ആരംഭിച്ച വീർ ഗാഥ 5.0 വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി നൂതനമായ സവിശേഷതകൾ അവതരിപ്പിച്ചു. ഈ സംരംഭത്തിൽ ആദ്യമായി, വീഡിയോഗ്രഫി, ആങ്കറിംഗ്, റിപ്പോർട്ടിംഗ്, കഥപറച്ചിൽ തുടങ്ങിയ ഹ്രസ്വ-വീഡിയോ ഫോർമാറ്റുകൾ ഉൾപ്പെടുത്തി. ഇന്ത്യയുടെ സമ്പന്നമായ സൈനിക പാരമ്പര്യങ്ങൾ, തന്ത്രങ്ങൾ, പ്രചാരണങ്ങൾ, ധീരമായ പാരമ്പര്യങ്ങൾ എന്നിവയെ  ആസ്പദമാക്കി ഉള്ളടക്കം നിർമ്മിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

കലിംഗ രാജാവ് ഖരവേല, പൃഥ്വിരാജ് ചൗഹാൻ, ഛത്രപതി ശിവാജി മഹാരാജ്, 1857 ലെ യോദ്ധാക്കൾ, ഗോത്രവർഗ്ഗ കലാപങ്ങളുടെ നേതാക്കൾ തുടങ്ങി ഇന്ത്യയിലെ പ്രഗത്ഭരായ യോദ്ധാക്കളുടെ അജയ്യമായ വീര്യത്തേയും യുദ്ധതന്ത്രങ്ങളേയും കുറിച്ച് പര്യവേക്ഷണം ചെയ്യാൻ ഇത് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കി. വൈവിധ്യമാർന്ന ഈ വിഷയങ്ങൾ എൻട്രികളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ പാരമ്പര്യത്തെക്കുറിച്ചുള്ള പങ്കാളികളുടെ അറിവ് ആഴത്തിലാക്കാനും സഹായിച്ചു.

മറ്റൊരു ശ്രദ്ധേയമായ വികാസമെന്ന നിലയിൽ, വിദേശത്തുള്ള സിബിഎസ്ഇ - അഫിലിയേറ്റഡ് സ്കൂളുകളും ആദ്യമായി ഈ സംരംഭത്തിൽ പങ്കുചേർന്നു. 18 രാജ്യങ്ങളിലെ 91 സ്കൂളുകളിൽ നിന്നായി 28,005 വിദ്യാർത്ഥികൾ അവരുടെ എൻട്രികൾ സമർപ്പിച്ചു. ഇന്ത്യയുടെ വീരഗാഥകളും ദേശീയ അഭിമാനവും ആഗോള തലത്തിലേക്ക് എത്തിക്കുന്നതിലും ഈ പദ്ധതിയുടെ അന്താരാഷ്ട്ര വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന നാഴികക്കല്ലായി മാറി.

പ്രാദേശിക തലത്തിൽ സ്‌കൂളുകൾ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ, ധീരതയ്ക്കുള്ള അവാർഡ് ജേതാക്കൾ നേരിട്ടും ഓൺലൈനായും നടത്തിയ രാജ്യവ്യാപകമായ ആശയവിനിമയ പരിപാടികൾ, MyGov പോർട്ടൽ വഴിയുള്ള എൻട്രികളുടെ സമർപ്പണം എന്നിവ പ്രോജക്റ്റിൻ്റെ ഭാഗമായിരുന്നു. സ്‌കൂൾ തലത്തിലുള്ള മത്സരങ്ങൾ 2025 നവംബർ 10-ന് അവസാനിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളിലെ മൂല്യനിർണ്ണയത്തിന് ശേഷം, ദേശീയതലത്തിലുള്ള മൂല്യനിർണ്ണയത്തിനായി ഏകദേശം 4,020 എൻട്രികൾ സമർപ്പിക്കപ്പെട്ടു. ഇതിൽ നിന്നാണ് മികച്ച 100 എൻട്രികളെ സൂപ്പർ-100 വിജയികളായി തിരഞ്ഞെടുത്തത്. ഈ വിജയികളെ പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ന്യൂഡൽഹിയിൽ വെച്ച് അനുമോദിക്കും. ഓരോ വിജയിക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും കർത്തവ്യ പഥിൽ നടക്കുന്ന 2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥികളായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

ദേശീയ തലത്തിലുള്ള നൂറ് വിജയികൾക്ക് പുറമേ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലത്തിൽ എട്ട് വിജയികളേയും (ഓരോ വിഭാഗത്തിൽ നിന്നും രണ്ട് പേർ) ജില്ലാ തലത്തിൽ നാല് വിജയികളേയും (ഓരോ വിഭാഗത്തിൽ നിന്നും ഒരാൾ) സംസ്ഥാന/കേന്ദ്രഭരണ പ്രദേശ/ജില്ലാ അധികാരികൾ തിരഞ്ഞെടുത്ത് ആദരിക്കും.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ  ഭാഗമായി 2021-ലാണ് പ്രോജക്ട് വീർ ഗാഥ ആരംഭിച്ചത്. ധീരതയ്ക്കുള്ള അവാർഡ് ജേതാക്കളുടെ ധീരതയെ അവരുടെ വീരകൃത്യങ്ങളും ജീവിത യാത്രകളും പ്രദർശിപ്പിച്ചുകൊണ്ട് ആഘോഷിക്കുക, അതോടൊപ്പം വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും പൗരബോധവും വളർത്തുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ  ലക്ഷ്യം. ആദ്യ പതിപ്പിൽ നിന്ന് അഞ്ചാം പതിപ്പ് വരെ എത്തുമ്പോൾ, ഈ പ്രോജക്ട് രാജ്യത്തുടനീളവും  വിദേശത്തുള്ള ഇന്ത്യൻ സ്‌കൂളുകളിലേക്കും പടർന്നു പന്തലിച്ച പ്രചോദനാത്മകമായ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു.

പ്രോജക്ട് വീർ ഗാഥ അതിൻ്റെ തുടക്കം മുതൽ ശ്രദ്ധേയമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് പതിപ്പുകളിലും 25 വീതം ദേശീയ വിജയികളെയാണ് തിരഞ്ഞെടുത്തത്. ഒന്നാം പതിപ്പിൽ ഏകദേശം എട്ട്  ലക്ഷം വിദ്യാർത്ഥികളും രണ്ടാം പതിപ്പിൽ ഏകദേശം 19 ലക്ഷം വിദ്യാർത്ഥികളും പങ്കെടുത്തു. മൂന്നാം പതിപ്പിൽ 100 ദേശീയ വിജയികളെ തിരഞ്ഞെടുക്കുകയും 1.36 കോടി വിദ്യാർത്ഥികൾ പങ്കുചേരുകയും ചെയ്തത് വലിയൊരു നേട്ടമായി അടയാളപ്പെടുത്തി. വീർ ഗാഥ 4.0-ൽ ഈ പങ്കാളിത്തം 1.76 കോടിയായി ഉയർന്നു.

 

***


(रिलीज़ आईडी: 2212767) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Punjabi , Tamil , Telugu