|
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ: 50,000 NQAS സര്‍ട്ടിഫിക്കേഷനുകളുമായി പൊതുജനാരോഗ്യ ഗുണനിലവാരത്തില്‍ വിപ്ലവകരമായ കുതിച്ചുചാട്ടം
प्रविष्टि तिथि:
07 JAN 2026 4:03PM by PIB Thiruvananthpuram
പൊതുജനാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിലേക്കുള്ള പ്രയാണത്തില്‍ ഭാരത സര്‍ക്കാര്‍ ഒരു നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) രൂപകല്‍പ്പന ചെയ്ത് നടപ്പാക്കിയ സമഗ്ര ഗുണനിലവാര ചട്ടക്കൂടായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (NQAS) പ്രകാരം 2025 ഡിസംബര്‍ 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 50,373 പൊതുജനാരോഗ്യ സൗകര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഗുണനിലവാരം, സുരക്ഷ, രോഗീകേന്ദ്രീകൃത പരിചരണം എന്നിവയോടുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധത ശക്തമായി പ്രതിഫലിപ്പിക്കുന്നതായാണ് 50,000 NQAS സര്‍ട്ടിഫിക്കേഷനുകളെന്ന ചരിത്ര നേട്ടം. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന് ഇത് അഭിമാനകരമായ നിമിഷമാണ്. എല്ലാ പൗരന്മാര്‍ക്കും, വിശിഷ്യാ ദരിദ്രര്‍, ദുര്‍ബലര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യപരിചരണത്തിലേക്കുള്ള സമത്വപൂര്‍ണ്ണവും അന്തസ്സുറ്റതുമായ പ്രവേശനം ഉറപ്പാക്കുന്നതിലേക്കുള്ള നിര്‍ണായകമായ മുന്നേറ്റമാണ് ഈ നേട്ടം.
2015ല്‍ വെറും 10 സര്‍ട്ടിഫൈഡ് ആരോഗ്യപരിചരണ സൗകര്യങ്ങളുമായി ആരംഭിച്ച NQAS, തുടക്കത്തില്‍ സുരക്ഷിതവും രോഗി കേന്ദ്രീകൃതവും ഗുണനിലവാരവുമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ജില്ലാ ആശുപത്രികളിലാണ് കേന്ദ്രീകരിച്ചിരുന്നത്. കാലക്രമേണ, ഈ ചട്ടക്കൂട് ഉപജില്ലാ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍–പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍–UPHC കള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍–സബ് ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയിലേക്കായി ഘട്ടംഘട്ടമായി വിപുലീകരിക്കപ്പെട്ടു. ഇതു മുഖേന പൊതുജനാരോഗ്യ സംവിധാനത്തിന്റെ സമസ്ത തലങ്ങളിലും ഗുണനിലവാരം ഉറപ്പാക്കി. NQAS സര്‍ട്ടിഫിക്കേഷനില്‍ വെര്‍ച്വല്‍ അസസ്‌മെന്റുകളുടെ നടപ്പാക്കല്‍ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിലുടനീളം ഗുണനിലവാത്തിന്റെ അതിവേഗ വ്യാപനത്തിന് വഴിയൊരുക്കി. ഇതിന്റെ ഫലമായി, സര്‍ട്ടിഫൈഡ് സൗകര്യങ്ങളുടെ എണ്ണം 2023 ഡിസംബറില്‍ 6,506 ആയിരുന്നത് 2024 ഡിസംബറില്‍ 22,786 ആയി ഉയര്‍ന്നു, 2025 ഡിസംബറില്‍ 50,373 എന്ന ചരിത്ര നേട്ടത്തിലെത്തി. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഗണ്യമായ വര്‍ധനവാണ് സാധ്യമായിരിക്കുന്നത്. ഇതില്‍ 48,663 ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ (SHC, PHC, UPHC) 1,710 ദ്വിതീയ പരിചരണ സൗകര്യങ്ങള്‍ (CHC, SDH, DH) എന്നിവ ഉള്‍പ്പെടുന്നു. പൊതുജനാരോഗ്യ പരിചരണത്തിന്റെ സമസ്ത തലങ്ങളിലും ഗുണനിലവാരം സ്ഥാപനവത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നു.
2017 ലെ ദേശീയ ആരോഗ്യ നയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ഗുണനിലവാരമുള്ളതും എല്ലാവര്‍ക്കും താങ്ങാനാവുന്നതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ (Universal Health Coverage-UHC) ലക്ഷ്യം. ഈ വീക്ഷണം സാക്ഷാത്കരിക്കുന്നതിനായി സ്വീകരിച്ച ബഹുമുഖവും ത്വരിതവുമായ തന്ത്രങ്ങളെയാണ് NQAS ന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച പ്രതിഫലിപ്പിക്കുന്നത്. തുടര്‍ച്ചയായ ശേഷിവികസനം, ഡിജിറ്റല്‍ നൂതനാശയങ്ങളുടെ പ്രയോജനപ്പെടുത്തല്‍, വിലയിരുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കല്‍, ഗുണനിലവാരം നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള സ്ഥാപനവത്കരിച്ച സംവിധാനങ്ങള്‍ എന്നിവയാണ് ഈ മുന്നേറ്റത്തിന് ആധാരം.
50,000 NQAS സര്‍ട്ടിഫിക്കേഷനുകള്‍ പിന്നിട്ടത്, പ്രതിരോധശേഷിയുള്ളതും സ്വാശ്രയവും ഉന്നത നിലവാരമുള്ളതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തമായ സാക്ഷ്യമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ആത്മാവിനെയും 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന ദര്‍ശനത്തെയും പ്രതിഫലിപ്പിക്കുന്ന ഈ നേട്ടം, ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ഇന്ത്യയുടെ സമഗ്ര വികസനത്തിന് കേന്ദ്രബിന്ദുവാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു.
രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സേവനങ്ങളില്‍ അന്തര്‍ലീനവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഘടകമായി ഗുണനിലവാരം മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, NQAS സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തുകയും കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യുന്നതില്‍ ഭാരത സര്‍ക്കാര്‍ അചഞ്ചല പ്രതിബദ്ധത പ്രകടമാക്കുന്നു. ഈ ദിശയില്‍, 2026 മാര്‍ച്ചോടെ രാജ്യത്തെ കുറഞ്ഞത് 50 ശതമാനം പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ NQAS സര്‍ട്ടിഫിക്കേഷന്‍ കൈവരിക്കുക എന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഗുണനിലവാരം, സുരക്ഷ, രോഗി കേന്ദ്രീകൃത പരിചരണം എന്നിവയെ വ്യാപകമായി സ്ഥാപനവത്കരിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നു.

***
(रिलीज़ आईडी: 2212237)
|