കൃഷി മന്ത്രാലയം
azadi ka amrit mahotsav

സ്വയംപര്യാപ്ത ഗ്രാമങ്ങൾക്ക് വികസിത ഭാരതം - ജി റാം ജി നിയമം അടിത്തറ പാകുന്നു: ഈറോഡിൽ കർഷകരുമായും തൊഴിലാളികളുമായും നടത്തിയ ആശയവിനിമയത്തിനിടെ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

प्रविष्टि तिथि: 05 JAN 2026 7:04PM by PIB Thiruvananthpuram

സ്വയംപര്യാപ്ത (ആത്മനിർഭർ) ഗ്രാമങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ്‌ 'വികസിത ഭാരതം - ജി റാം ജി' നിയമമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ തിങ്കളാഴ്ച തമിഴ്‌നാട്ടിലെ ഈറോഡിൽ പറഞ്ഞു. ഈറോഡിലെ തൊഴിലാളികളേയും കർഷകരേയും അഭിസംബോധന ചെയ്തുകൊണ്ട്, കേന്ദ്ര മന്ത്രി ഈ അഭിലാഷ സംരംഭത്തിൻ്റെ വിവിധ വ്യവസ്ഥകളെക്കുറിച്ച് വിശദീകരിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഗ്രാമങ്ങളിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മൂർത്തമായ ശ്രമമാണ് ഈ നിയമമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ വികസിതവും സമൃദ്ധവുമായ ഗ്രാമങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനാകൂ എന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുൻപത്തെ സംവിധാനത്തിന് കീഴിൽ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (MGNREGA) 100 ദിവസത്തെ തൊഴിൽ ഉറപ്പ് നല്കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും കൃത്യസമയത്ത് ജോലി ലഭ്യമായിരുന്നില്ലെന്നും വേതനം നല്കുന്നതിൽ കാലതാമസം നേരിട്ടിരുന്നുവെന്നും കേന്ദ്രമന്ത്രി ശ്രീ ചൗഹാൻ പറഞ്ഞു. ഇതൊരു ഗൗരവകരമായ ആശങ്കയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത്തരം പോരായ്മകൾ പരിഹരിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായാണ് 'വികസിത ഭാരതം - ജി റാം ജി' നിയമത്തിലൂടെ കേന്ദ്ര സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് വ്യക്തമാക്കി.

പുതിയ നിയമപ്രകാരം, തൊഴിലുറപ്പ് കാലാവധി 100 ദിവസത്തിൽ നിന്ന് 125 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചിത കാലയളവിനുള്ളിൽ ജോലി നല്കാൻ സാധിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതുപോലെ, വേതനം നല്കുന്നതിൽ 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിട്ടാൽ കുടിശ്ശികയോടൊപ്പം പലിശയും നല്കും. ഫീൽഡ് തലത്തിലുള്ള ജീവനക്കാർക്ക്  യഥാസമയം ശമ്പളം നല്കുന്നത് ഉറപ്പാക്കുന്നതിനും സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഭരണപരമായ ചെലവ് ആറ് ശതമാനത്തിൽ നിന്ന് ഒൻപത് ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും  ശ്രീ ചൗഹാൻ പറഞ്ഞു.

പുതിയ നിയമപ്രകാരം ഗ്രാമസഭകൾക്ക് കൂടുതൽ അധികാരം നല്കിയിട്ടുണ്ടെന്നും, തങ്ങളുടെ ഗ്രാമങ്ങളിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഇനി മുതൽ ഗ്രാമസഭകൾ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇനി ചെന്നൈയിലോ ഡൽഹിയിലോ  ഇരുന്നല്ല എടുക്കുകയെന്നും, മറിച്ച് ഗ്രാമതലത്തിൽ തന്നെയായിരിക്കുമെന്നും ശ്രീ ചൗഹാൻ വ്യക്തമാക്കി.

ഈ പദ്ധതി സംബന്ധിച്ച്  ചിലർ മനഃപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. തൊഴിലാളികൾക്കും ജീവനക്കാർക്കുമുള്ള പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും അഴിമതിക്ക് യാതൊരു പഴുതും നല്കാതിരിക്കാനുമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ പദ്ധതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈറോഡിലെ മഞ്ഞൾ നഗരത്തിനായുള്ള പരിശോധനാ ലബോറട്ടറിയുടെ പ്രഖ്യാപനം

കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഈറോഡിലെ പ്രശസ്തമായ മഞ്ഞൾ മാർക്കറ്റ് സന്ദർശിക്കുകയും മഞ്ഞൾ ഉത്പാദിപ്പിക്കുന്ന കർഷകരുമായും വ്യാപാരികളുമായും സംവദിക്കുകയും ചെയ്തു. സന്ദർശന വേളയിൽ, ഈറോഡിലെ 'മഞ്ഞൾ നഗര' ത്തിൽ ഒരു പരിശോധനാ ലബോറട്ടറി സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ICAR) ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. ഗുണനിലവാര പരിശോധന, സർട്ടിഫിക്കേഷൻ, മഞ്ഞളിൻ്റെ മികച്ച വിപണനം എന്നിവയിലൂടെ ഈ സൗകര്യം കർഷകരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈറോഡിൽ മഞ്ഞൾ ബോർഡിൻ്റെ ഒരു പ്രാദേശിക ഓഫീസ് സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്കി. ഈ വിഷയം വാണിജ്യ മന്ത്രാലയത്തിന് കീഴിലാണെങ്കിലും, കൃഷിമന്ത്രി എന്ന നിലയിൽ, ഇക്കാര്യത്തിൽ താൻ വ്യക്തിപരമായി മുൻകൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മഞ്ഞൾ കർഷകർക്ക് നയപരമായ പിന്തുണയും, മെച്ചപ്പെട്ട വിപണി പ്രവേശനവും, പുതിയ കയറ്റുമതി അവസരങ്ങളും നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ കർഷകരുമായി സംവദിച്ചു

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ കാർഷിക മേഖലയിൽ നടക്കുന്ന നൂതന പ്രവർത്തനങ്ങൾ  അവലോകനം ചെയ്തു. കാർഷിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച നൂറിലധികം സ്റ്റാളുകൾ അദ്ദേഹം സന്ദർശിക്കുകയും ഉൽപ്പന്നങ്ങൾ, അവയുടെ ഗുണനിലവാരം, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് കർഷകരുമായും സംരംഭകരുമായും സംവദിക്കുകയും ചെയ്തു. ആയിരത്തിലധികം വരുന്ന വനിതാ കർഷകരുമായി ശ്രീ ചൗഹാൻ ചർച്ചകൾ നടത്തി. കൂടാതെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായും പുരോഗമന കർഷകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കുചേർന്നു.

****

 


(रिलीज़ आईडी: 2211626) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada