ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് 2026-ൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുത്തു.

2026 ലെ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിൽ രാഷ്ട്രനിർമ്മാണത്തിലെ എൻസിസിയുടെ പങ്കിനെ ഉപരാഷ്ട്രപതി പ്രശംസിച്ചു.

प्रविष्टि तिथि: 05 JAN 2026 2:28PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഡി‌ജി‌എൻ‌സി‌സി ക്യാമ്പിൽ നടന്ന  2026-ലെ നാഷണൽ കേഡറ്റ് കോർപ്സ് (എൻ‌സി‌സി) റിപ്പബ്ലിക് ദിന ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. രാഷ്ട്രനിർമ്മാണത്തിനും യുവജനങ്ങളുടെ വികസനത്തിനും എൻ‌സിസി നല്കുന്ന സുസ്ഥിരമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

കേഡറ്റുകൾക്ക് പുതുവത്സരാശംസകൾ നേർന്ന ഉപരാഷ്ട്രപതി, എൻസിസി അതിൻ്റെ  78-ാം വർഷത്തിൽ, അച്ചടക്കവും ഉത്തരവാദിത്തവും ദേശസ്‌നേഹവുമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുന്ന, യൂണിഫോം ധരിച്ച ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായി വളർന്നുവെന്ന് ചൂണ്ടിക്കാട്ടി. യുവാക്കളിലുള്ള ഇന്ത്യയുടെ വിശ്വാസത്തിൻ്റേയും ശക്തവും ഐക്യമുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയുടേയും കരുത്തുറ്റ പ്രതീകമായാണ് റിപ്പബ്ലിക് ദിന ക്യാമ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

"ഐക്യവും അച്ചടക്കവും" എന്ന എൻ‌സി‌സി മുദ്രാവാക്യം ഉയർത്തിക്കാട്ടിക്കൊണ്ട്, 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നട്ടെല്ലായി വർത്തിക്കുന്ന ആത്മവിശ്വാസവും മൂല്യബോധവുമുള്ള യുവജനങ്ങളെ രൂപപ്പെടുത്തുന്നതിൽ സംഘടന വഹിക്കുന്ന പങ്ക് ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെക്കുറിച്ച്  പരാമർശിച്ചുകൊണ്ട്, വികസിത ഇന്ത്യയിലേക്കുള്ള യാത്ര നൈപുണ്യവും, അച്ചടക്കവും, സേവനസന്നദ്ധതയുമുള്ള യുവജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു ആത്മനിർഭർ ഭാരതം സൃഷ്ടിക്കുന്നതിൽ അധിഷ്ഠിതമാണെന്നും അതിൽ എൻസിസി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിനിടെ എൻ‌സി‌സി കേഡറ്റുകൾ നല്കിയ മാതൃകാപരമായ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട്, ഏകദേശം 72,000 കേഡറ്റുകൾ സിവിൽ ഡിഫൻസ് ചുമതലകൾക്കായി സ്വമേധയാ മുന്നോട്ടുവന്നതായും, രാജ്യത്തിന് ആവശ്യമുള്ള ഘട്ടങ്ങളിൽ സേവനം അനുഷ്ഠിക്കാനുള്ള അവരുടെ പ്രതിബദ്ധതയും, ധൈര്യവും, സന്നദ്ധതയുമാണ് ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കേഡറ്റുകൾ ഒന്നിച്ച് താമസിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നതിലൂടെ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ദേശീയ ഐക്യത്തിൻ്റെ ചൈതന്യം ഉൾക്കൊള്ളുന്നുണ്ടെന്നും പറഞ്ഞു.
സാഹസിക പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര യുവജന വിനിമയ പരിപാടികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തിയ എൻ‌സി‌സി കേഡറ്റുകളെ അദ്ദേഹം പ്രശംസിച്ചു. കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ സമയത്ത് കേഡറ്റുകൾ കാഴ്ചവെച്ച മാതൃകാപരമായ സേവനത്തെക്കുറിച്ചും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

സൈബർ, ഡ്രോൺ പരിശീലനങ്ങൾ ഉൾപ്പെടുത്തിയതും റിമോട്ട് പൈലറ്റ് ട്രെയിനിംഗ് അക്കാദമി സ്ഥാപിച്ചതും ഉൾപ്പെടെയുള്ള എൻസിസി പരിശീലന രംഗത്തെ ആധുനികവൽക്കരണത്തെ ഉപരാഷ്ട്രപതി സ്വാഗതം ചെയ്തു. ഇത്തരം സംരംഭങ്ങൾ ഉയർന്നുവരുന്ന സാങ്കേതിക, സുരക്ഷാ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിലും രാജ്യത്തിൻ്റെ  സ്വഭാവം ശക്തിപ്പെടുത്തുന്നതിലും എൻസിസി ഓഫീസർമാരും ഇൻസ്ട്രക്ടർമാരും ജീവനക്കാരും  കാഴ്ചവെക്കുന്ന സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു.

2026- ലെ എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും ഉപരാഷ്ട്രപതി ആശംസകൾ നേർന്നു. സേവനം, അച്ചടക്കം, ദേശസ്‌നേഹം എന്നിവയുടെ ഉന്നതമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.

ക്യാമ്പിലെത്തിയ ഉപരാഷ്ട്രപതിക്ക് എൻസിസി കേഡറ്റുകൾ നല്കിയ ഗാർഡ് ഓഫ് ഓണർ അദ്ദേഹം പരിശോധിച്ചു. കൂടാതെ, അദ്ദേഹം ഹാൾ ഓഫ് ഫെയിം സന്ദർശിക്കുകയും എൻസിസിയുടെ ചരിത്രം, നേട്ടങ്ങൾ, വളർച്ച എന്നിവ സംബന്ധിച്ച വിശദീകരണം കേൾക്കുകയും ചെയ്തു. യുവ ആപദ മിത്ര പദ്ധതി, ഡ്രോൺ പരിശീലനം തുടങ്ങിയ സംരംഭങ്ങൾ എടുത്തുകാണിക്കുന്ന പ്രദർശന സ്റ്റാളുകളും ഉപരാഷ്ട്രപതി സന്ദർശിച്ചു. ദുരന്ത നിവാരണ സന്നദ്ധതയിലും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും എൻസിസി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ വീക്ഷിച്ച അദ്ദേഹം, അവരുമായി സംവദിക്കുകയും അവരുടെ അച്ചടക്കത്തേയും ആവേശത്തേയും ദേശസ്നേഹത്തേയും പ്രശംസിക്കുകയും ചെയ്തു.

എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ്  ജനറൽ വീരേന്ദ്ര വാട്സ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ഇൻസ്ട്രക്ടർമാർ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
***

(रिलीज़ आईडी: 2211564) आगंतुक पटल : 49
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati