ആഭ്യന്തരകാര്യ മന്ത്രാലയം
ആൻഡമാൻ& നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയപുരത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
प्रविष्टि तिथि:
03 JAN 2026 6:59PM by PIB Thiruvananthpuram
ആൻഡമാൻ& നിക്കോബാർ ദ്വീപുകളിലെ ശ്രീ വിജയപുരത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ), ദേശീയ ഫോറൻസിക് സയൻസസ് സർവ്വകലാശാല (എൻഎഫ്എസ് യു) എന്നിവയായിരുന്നു യോഗത്തിന്റെ വിഷയം. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ റായ്, ശ്രീ ബന്ധി സഞ്ജയ് കുമാർ , പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എൻഎഫ്എസ് യു വൈസ് ചാൻസലർ, ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ബിപിആർ & ഡി) ഡയറക്ടർ ജനറൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2019 മുതൽ ഇതുവരെ ആഭ്യന്തര മന്ത്രാലയം 12 പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അവ മികച്ച ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കിക്കഴിയുന്നതോടെ യഥാസമയത്ത് നീതി ലഭ്യമാക്കുക എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനമെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌ഐആർ മുതൽ സുപ്രീം കോടതി വിധി വരെയുള്ള മുഴുവൻ നീതിന്യായ പ്രക്രിയയും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ഒരു സംവിധാനം 2029 ൽ സൃഷ്ടിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. 2022 മുതൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഈ ദിശയിലുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എഫ്‌ഐആർ മുതൽ സുപ്രീം കോടതിയുടെ വിധിന്യായം വരെയുള്ള മുഴുവൻ പ്രക്രിയയും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന്, ആഭ്യന്തര മന്ത്രാലയം ഈ ശ്രമങ്ങളെ സമഗ്രമായി നിരീക്ഷിച്ച് വരികയാണെന്നും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നീതി ലഭ്യമാക്കുന്നതിന്, ഫോറൻസിക് ശേഷി വർദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 2020 മുതൽ തന്നെ ഇന്ത്യാ ഗവൺമെന്റ് ഫോറൻസിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലൈ മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും 2020 മുതൽ ഫോറൻസിക് വീക്ഷണകോണിൽ നിന്ന് അവ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗവൺമെന്റ് ആരംഭിച്ചിരുന്നതായും അത് ഇപ്പോൾ മികച്ച ഫലങ്ങൾ നൽകുന്നതായും കാണുന്നു.
പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതിനുശേഷം അന്വേഷണങ്ങളുടെ വേഗതയിലും ശിക്ഷാ നിരക്കിലും വർദ്ധനയുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് വെറും 62 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സിവാൻ ജില്ലയിൽ നടന്ന, മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വെറും 50 ദിവസത്തിനുള്ളിൽ ശിക്ഷ വിധിച്ചു. നമുക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഈ കേസുകൾ തെളിയിക്കുന്നുണ്ടെങ്കിലും, സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.
ഫോറൻസിക് അന്വേഷണങ്ങളിലെ സാങ്കേതിക വിടവ്, തെളിവ്/ വിവരസമാഹരണത്തിലെ പ്രശ്നങ്ങൾ മൂലം തെളിവുകളുടെ ഗുണനിലവാരം കുറയൽ, കോടതികളിൽ പോലീസ് ഫോറൻസിക് അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാത്ത സാഹചര്യങ്ങൾ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും ഫോറൻസിക് ലബോറട്ടറികളുടെയും പരിമിതി, ദേശീയതലത്തിൽ മാനദണ്ഡങ്ങളുടെ അഭാവം എന്നിവ ഉൾപ്പെടെ അഞ്ച് വെല്ലുവിളികൾ മുൻപ് നാം നേരിട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പുതിയ നിയമങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച്, ഫോറൻസിക് ലബോറട്ടറികൾ ഇപ്പോൾ അവരുടെ റിപ്പോർട്ടുകൾ നേരിട്ട് കോടതിക്ക് അയയ്ക്കുകയും പോലീസിന് ഒരു പകർപ്പ് നൽകുകയും ചെയ്യും. രാജ്യത്തുടനീളം ഫോറൻസിക് ലബോറട്ടറികളുടെ ഒരു ശൃംഖല നിർമ്മിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. ഇതോടൊപ്പം, ദേശീയതലത്തിലെ ഏകീകൃത മാനദണ്ഡങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഒരു ശാസ്ത്രീയ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. മികച്ച രീതികളും പോരായ്മകളും പങ്കുവെച്ചുകൊണ്ട്, രാജ്യവ്യാപകമായ ഒരു മാനദണ്ഡം രൂപപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രീയ പരിഷ്കാരങ്ങൾ, സുരക്ഷിത ഡാറ്റാബേസുകളുടെ വികസനം, സാങ്കേതികവിദ്യ, മാനവ വിഭവശേഷി വർദ്ധിപ്പിക്കൽ, സ്ഥാപനങ്ങളുടെ ശാക്തീകരണം, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയ്ക്കായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ-സമൻസ്, ഇ-സാക്ഷ്യ തുടങ്ങിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പോലീസ്, കോടതികൾ, ജയിലുകൾ, ഫോറൻസിക്സ്, പ്രോസിക്യൂഷൻ എന്നീ അഞ്ച് സ്തംഭങ്ങളെ പൂർണ്ണമായും നവീകരിച്ചുകൊണ്ട്, ഡാറ്റ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കുന്നതിനും, ഈ സ്തംഭങ്ങൾക്കിടയിൽ ഡാറ്റയുടെ പരസ്പര കൈമാറ്റം പ്രാപ്തമാക്കുന്നതിനും, നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കി തുടർച്ചയായ വിശകലനം നടത്തുന്നതിനും കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന എല്ലാ ക്രിമിനൽ കേസുകളിലും ഫോറൻസിക് പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.
സർക്കുലറുകളിലൂടെ മാത്രമല്ല, ജുഡീഷ്യൽ വീക്ഷണകോണിൽ നിന്നും വിവര ശേഖരണം (ചെയിൻ ഓഫ് കസ്റ്റഡി )ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പോലീസിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാതിരിക്കാൻ പിടിച്ചെടുക്കുന്നവയുടെ വീഡിയോഗ്രാഫി നിർബന്ധമാക്കിയിട്ടുണ്ട്. ഡിജിറ്റൽ, ഇലക്ട്രോണിക് തെളിവുകൾ ഇപ്പോൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾക്ക് നിർണായക, നിയമപരമായ അടിത്തറ നൽകുന്നതിലൂടെ, അത് സ്വീകാര്യമായ തെളിവായി മാറ്റി. സൈബർ കുറ്റകൃത്യം, സംഘടിത കുറ്റകൃത്യം, ഭീകരവാദം, ഡിജിറ്റൽ തട്ടിപ്പ് എന്നിവ നേരത്തെ വ്യക്തമായി നിർവചിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അവയെ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും അതുവഴി കോടതികൾക്ക് നിയമത്തിലെ അവ്യക്തതാ പ്രശ്നങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ അസാന്നിധ്യത്തിലും വാദം നടത്തുന്നത്, പ്രതികൾ രാജ്യം വിടുന്ന പ്രവണത തടയും. പുതിയ ക്രിമിനൽ നിയമങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ദരിദ്രർക്കും സ്ത്രീകൾക്കും ഇ-എഫ്‌ഐആറും സീറോ എഫ്‌ഐആറും ഒരു വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
2025 നവംബറോടെ രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റം (സിസിടിഎൻഎസ്) വഴി ഓൺലൈനാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് എല്ലാ എഫ്‌ഐആറുകളും കേന്ദ്ര സെർവറിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ, കുറ്റകൃത്യങ്ങളുടെ രീതികൾ രേഖപ്പെടുത്തുന്നതിനായി ഒരു മോഡസ് ഓപ്പറേറ്റി ബ്യൂറോയും സ്ഥാപിക്കും. ഏകദേശം 36 കോടി പഴയ ഡാറ്റയും 7 ലക്ഷം എഫ്‌ഐആറുകളുടെ ഡാറ്റയും ഓൺലൈനിൽ ലഭ്യമാണ്. 22,000 കോടതികൾ ഇ-കോടതികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇ- പ്രിസൺ സംവിധാനത്തിലെ കേന്ദ്ര സെർവറിൽ രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്നുള്ള 2 കോടി 20 ലക്ഷം തടവുകാരുടെ ഡാറ്റ ലഭ്യമാണ്. ഇ-പ്രൊസിക്യൂഷനിൽ, ഏകദേശം 2 കോടി പ്രോസിക്യൂഷൻ കേസുകളുടെ ഡാറ്റ ലഭ്യമാണ്. പുതിയ പ്രോസിക്യൂഷൻ നടപടിയിൽ, എല്ലാ കേസുകളുടെയും വിവരങ്ങൾ ഇപ്പോൾ ഇ-പ്രോസിക്യൂഷൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു. പോലീസിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 30,54,000 കേസുകളുടെ ഡാറ്റ ഇ-ഫോറൻസിക്സിൽ ലഭ്യമാണ്. നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (NAFIS) ഒരു കോടി 21 ലക്ഷം വിരലടയാളങ്ങൾ ലഭ്യമാണ്. ഇത് കേസന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നു. 9,44,000 ലഹരി കുറ്റവാളികളുടെ ഡാറ്റയും ഓൺലൈനിൽ ലഭ്യമാണ്. മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന 3,65,000 കുറ്റവാളികളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഭീകരവാദ കേസുകളുടെയും ഡാറ്റ NIA ഡാറ്റാബേസിൽ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ 7 കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറികൾ ഉണ്ടെന്നും, എട്ടെണ്ണം പുതുതായി സ്ഥാപിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. എൻഎഫ്‌എസ്‌യു അല്ലെങ്കിൽ സിഎഫ്‌എസ്‌എൽ ഇല്ലാത്ത ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ എഫ്‌എസ്‌എല്ലുകളും ഫോറൻസിക് വാനുകളും പ്രാദേശിക ലബോറട്ടറികളും ശക്തിപ്പെടുത്തുന്നതിന് ഏകദേശം 1,000 കോടി രൂപയുടെ ഗ്രാന്റ് ഗവൺമെന്റ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫോറൻസിക് സയൻസ് വകുപ്പുകളുടെ ഏകീകരണത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഇ-ഫോറൻസിക്‌സിനായുള്ള ഐടി സംവിധാനം ആരംഭിച്ചു. സിഎഫ്‌എസ്‌എൽ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 143 ലബോറട്ടറികൾ ഇതിനകം, ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2029 ആകുമ്പോഴേക്കും എൻഎഫ്‌എസ്‌യുവിൽ 35,000 വിദ്യാർത്ഥികൾ ഫോറൻസിക് ശാസ്ത്ര വിഷയങ്ങൾ പഠിക്കുമെന്നും, മൂന്നോ നാലോ വർഷത്തിനുള്ളിൽ മാനവ വിഭവശേഷിയിൽ ആവശ്യകത പൂർത്തിയാക്കാനാകുമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. എൻഎഫ്‌എസ്‌യുവിന് 100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ എൻഎഫ്‌എസ്‌യുവിന്റെ 14 കാമ്പസുകൾ സ്ഥാപിതമായിട്ടുണ്ടെന്നും ഈ സർവകലാശാല നിലവിൽ 100 ലധികം പരിശീലന പരിപാടികൾ നടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 16,000 ത്തിലധികം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അടുത്ത 4 വർഷത്തിനുള്ളിൽ ഇത് മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഎഫ്‌എസ്‌യു ഇതുവരെ 46 പേറ്റന്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 30 എണ്ണം 2024 ലാണ് രജിസ്റ്റർ ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 96 രാജ്യങ്ങൾ എൻഎഫ്‌എസ്‌യുവുമായി 103 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ 117 സ്ഥാപനങ്ങളും എൻഎഫ്‌എസ്‌യുവുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ, ഒരു സംയോജിത ഫോറൻസിക് സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിൽ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വരും കാലങ്ങളിൽ, ഫോറൻസിക് ഇന്റലിജൻസിലും മികച്ച പ്രവർത്തനമുണ്ടാകും. ഇതോടൊപ്പം, ഫോറൻസിക് ഫലങ്ങളുടെ എ ഐ അടിസ്ഥാനമാക്കിയുള്ള വിശകലനവും സോഫ്റ്റ്‌വെയറിന്റെ നിരന്തര പരിഷ്കരണവും നടപ്പിലാക്കും.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കിയതിനുശേഷം, സത്വര ഫലങ്ങൾ നൽകാനുള്ള പ്രവർത്തനങ്ങളിൽ നിന്ന് മികച്ച പ്രാരംഭ ഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
*****
(रिलीज़ आईडी: 2211191)
आगंतुक पटल : 27