ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയില്‍ ലോണി ബുദ്‌റൂക്ക് ഗ്രാമസഭയില്‍ പങ്കെടുത്ത് ഗ്രാമീണര്‍, തൊഴിലാളികള്‍, ജോലിക്കാര്‍ എന്നിവരുമായി സംവദിച്ച് കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ

प्रविष्टि तिथि: 01 JAN 2026 8:56PM by PIB Thiruvananthpuram
കേന്ദ്ര ഗ്രാമവികസന കൃഷി-കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ ഇന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ലോണി ബുദ്‌റൂക്ക് ഗ്രാമത്തിൽ സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭയിൽ പങ്കെടുത്തു. പഞ്ചായത്ത് മേധാവികളുടെയും  അംഗങ്ങളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി  പുതിയ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍ - വിബി ജി റാം ജി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ വിവരിച്ചു.


പരിപാടി രാജ്യവ്യാപകമായി ഓൺലൈനിൽ തത്സമയം ലഭ്യമാക്കിയിരുന്നു.  സാധാരണക്കാരും സ്വയംസഹായ സംഘാംഗങ്ങളും കർഷകരുമടക്കം  60 ലക്ഷത്തിലധികം പേര്‍‍ രാജ്യത്തുടനീളം ഒരു ലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ നിന്ന് പരിപാടി വീക്ഷിച്ചു.
 
125 ദിവസത്തെ ജോലി ഉറപ്പുനൽകുന്ന പുതിയ ചട്ടക്കൂട്  തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതായി അഭിസംബോധനയില്‍ കേന്ദ്രമന്ത്രി ശ്രീ ചൗഹാൻ വിശദീകരിച്ചു. മെച്ചപ്പെട്ട നിരീക്ഷണവും ഉത്തരവാദിത്ത സംവിധാനങ്ങളും അവതരിപ്പിക്കുന്നതിലൂടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥകളെ കൂടുതൽ ശക്തവും ഫലപ്രദവും സുതാര്യവുമാക്കാൻ പുതിയ നിയമനിർമാണം സഹായിക്കുമെന്ന് പദ്ധതിയുടെ അധിക ആനുകൂല്യങ്ങൾക്ക് ഊന്നൽ നൽകിയ കേന്ദ്രമന്ത്രി  പ്രസ്താവിച്ചു.


2025-ലെ വികസിത് ഭാരത് - ജി റാം ജി നിയമത്തിലൂടെ  100 ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിലിന് നിയമപരമായ ഉറപ്പ് നൽകുന്നുവെന്നും ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിന് മെച്ചപ്പെട്ട വ്യവസ്ഥകൾ നിയമത്തിലുണ്ടെന്നും ശ്രീ ശിവരാജ് സിങ് ചൗഹാൻ എടുത്തുപറഞ്ഞു. ഈ നിയമപ്രകാരം ഇനി ഒരാഴ്ചയ്ക്കകം വേതനം വിതരണം ചെയ്യണം. കൂടാതെ 15 ദിവസത്തിനകം പണം നല്‍കാത്ത സാഹചര്യത്തില്‍   കുടിശ്ശികയുടെ 0.05 ശതമാനം അധിക പലിശയായി തൊഴിലാളികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേരത്തെ വേതനം നല്‍കുന്നതിലെ കാലതാമസത്തിന് ശിക്ഷാ നടപടികൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇനി മുതൽ വീഴ്ച വരുത്തുന്നവർ അതിന് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

‘വികസിത് ഭാരത്: ജി റാം ജി നിയമപ്രകാരം ഗ്രാമവുമായി ബന്ധപ്പെട്ട ഏതൊരു പ്രവൃത്തിയും ഏറ്റെടുക്കുന്നതിലെ തീരുമാനം ഇനി ഗ്രാമസഭയിൽ മാത്രം നിക്ഷിപ്തമായിരിക്കുമെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാൻ വിശദീകരിച്ചു. ഗ്രാമത്തിന്റെ യഥാർത്ഥ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവൃത്തികളായിരിക്കും ഏറ്റെടുക്കുക. ഇതാണ്  പദ്ധതിയുടെ യഥാർത്ഥ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.   പുതിയ നിയമം നടപ്പാക്കുന്നതോടെ ജലസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ ലഘൂകരിക്കുന്ന നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രാമങ്ങൾക്ക് സാധിക്കും.  

ഇന്ത്യ ഇന്നും അതിന്റെ ഗ്രാമീണ ഹൃദയഭൂമികളിലാണ് വസിക്കുന്നത്. അതുകൊണ്ട് ഗ്രാമങ്ങൾ പുരോഗമിക്കുമ്പോൾ മാത്രമേ രാഷ്ട്രം പുരോഗമിക്കൂവെന്ന് കേന്ദ്രമന്ത്രി  വ്യക്തമാക്കി.  “ഗ്രാമങ്ങള്‍ ഇന്ത്യയുടെ ആത്മാവാണ്; ദേശീയ അഭിവൃദ്ധിയിലേക്കുള്ള പാത  കടന്നുപോകുന്നത് രാജ്യത്തെ വയല്‍വരമ്പുകളിലൂടെയാണ്” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.

തൊഴിലിന്റെ 33 ശതമാനം സ്ത്രീകൾക്ക് നിർബന്ധമാക്കുന്നത് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന്  ഉറപ്പാക്കുമെന്നും കൂലിപ്പണിയിൽ മാത്രമല്ല മറ്റ് വിവിധ ജോലികളിലും മതിയായ അവസരങ്ങൾ അവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പ്രധാന കാര്‍ഷിക സീസണുകൾ കണക്കിലെടുത്ത് വിത്തുവിതയ്ക്കൽ, വിളവെടുപ്പ് സമയങ്ങളിൽ കർഷകർക്ക് തൊഴിലാളിക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പരമാവധി 60 ദിവസത്തേക്ക് കാർഷിക പ്രവർത്തനങ്ങളില്‍ തൊഴിലാളികളെ വിന്യസിക്കാന്‍ സംസ്ഥാന സർക്കാരുകൾക്ക്  അധികാരമുണ്ടെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

ഭരണപരമായ ചെലവ് 6 ശതമാനത്തിൽ നിന്ന് 9 ശതമാനമായി വർധിപ്പിച്ചത് തൊഴിലുറപ്പ് പദ്ധതിയിലെ സഹായികളുടെ വേതന വിതരണത്തില്‍ തടസങ്ങളോ കാലതാമസമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു. നടപടികള്‍ സുഗമമാക്കുന്നതിന് സംസ്ഥാനങ്ങളുമായി ഏകോപനത്തോടെ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
 
 
SKY
 
******

(रिलीज़ आईडी: 2210694) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati