രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി #SkillTheNation എഐ ചലഞ്ചിനു തുടക്കംകുറിച്ചു; ഒഡിഷയിലെ റായ്‌രംഗ്‌പുരിൽ ഇഗ്നോ പ്രാദേശിക കേന്ദ്രവും നൈപുണ്യകേന്ദ്രവും വിർച്വലായി ഉദ്ഘാടനം ചെയ്തു
ഇന്ത്യയെപ്പോലുള്ള യുവരാഷ്ട്രത്തിന്, എഐ വെറും സാങ്കേതികവിദ്യയല്ല; മറിച്ച്, ആശാവഹമായ മാറ്റങ്ങൾക്കുള്ള മികച്ച അവസരമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു
प्रविष्टि तिथि:
01 JAN 2026 2:28PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജനുവരി 1) #SkilltheNation ചലഞ്ചിനു തുടക്കംകുറിച്ചു. രാഷ്ട്രപതിഭവൻ സാംസ്കാരികകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ, ഒഡിഷയിലെ റായ്‌രംഗ്‌പുരിലെ ഇഗ്നോ പ്രാദേശിക കേന്ദ്രവും നൈപുണ്യകേന്ദ്രവും രാഷ്ട്രപതി വിർച്വലായി ഉദ്ഘാടനം ചെയ്തു.
“നിർമിതബുദ്ധി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും പുനർനിർമിക്കുകയാണ്. നാം എങ്ങനെ പഠിക്കുന്നു, എങ്ങനെ ജോലി ചെയ്യുന്നു, ആധുനിക സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു, മനുഷ്യരാശി അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിനെയെല്ലാം ഇതു മാറ്റിമറിക്കുന്നു. ഇന്ത്യയെപ്പോലുള്ള യുവരാഷ്ട്രത്തിന്, എഐ എന്നതു വെറും സാങ്കേതികവിദ്യയല്ല; മറിച്ച്, ആശാവഹമായ മാറ്റത്തിനുള്ള വലിയ അവസരമാണ്.” - സമ്മേളനത്തെ അഭിസംബോധനചെയ്ത് രാഷ്ട്രപതി പറഞ്ഞു.
സാങ്കേതികവിദ്യ ജനങ്ങളെ ശാക്തീകരിക്കുകയും ഏവരെയും ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഏവർക്കും അവസരങ്ങൾ വർധിപ്പിക്കുകയും വേണം എന്നതാണ് ഇന്ത്യയുടെ എപ്പോഴത്തെയും സമീപനം എന്നും രാഷ്ട്രപതി പറഞ്ഞു. എഐയുടെ ഉപയോഗം സാമൂഹ്യ-സാമ്പത്തിക-സാങ്കേതിക അന്തരങ്ങൾ കുറയ്ക്കുന്നതിനു ലക്ഷ്യമിടണം. ഇതിന്റെ പ്രയോജനങ്ങൾ എല്ലാ പശ്ചാത്തലത്തിലുള്ളവരിലേക്കും എല്ലാ പ്രായത്തിലുള്ളവരിലേക്കും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ സാധ്യതകളും അവസരങ്ങളും നിറഞ്ഞ ഭാവിക്കായി സ്വയം തയ്യാറെടുക്കുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. സാങ്കേതികവിദ്യയും തങ്ങളുടെ അറിവും നൈപുണ്യവും സമൂഹത്തെ സേവിക്കാനും, വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്താനും, മറ്റുള്ളവരെ ശാക്തീകരിക്കാനും ഉപയോഗിക്കണമെന്ന് അവർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. എഐ പഠന മൊഡ്യൂളുകൾ പൂർത്തിയാക്കിയ പാർലമെന്റംഗങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചു സ്വയം പഠിക്കുന്നതിലൂടെ, പഠനത്തിലൂടെയുള്ള നേതൃത്വത്തിന്റെ മാതൃകയാണ് അവർ കാഴ്ചവച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കു പ്രേരകശക്തിയായി നിർമിതബുദ്ധി ഉയർന്നുവരുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു. വരുംദശകത്തിൽ, രാജ്യത്തിന്റെ ജിഡിപി, തൊഴിൽ, മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമത എന്നിവയിൽ നിർമിതബുദ്ധി സുപ്രധാന പങ്കുവഹിക്കും. രാജ്യത്തെ നിർമിതബുദ്ധി പ്രതിഭാസഞ്ചയം വികസിപ്പിക്കുന്നതിൽ ഡേറ്റ സയൻസ്, എഐ എൻജിനിയറിങ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ കഴിവുകൾ നിർണായക പങ്കുവഹിക്കും. വിവിധ സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, അക്കാദമിക് മേഖല എന്നിവയുമായി സഹകരിച്ച് ഇന്ത്യ സാങ്കേതികവിദ്യ സ്വീകരിക്കുക മാത്രമല്ല, അതിലൂടെ ഉത്തരവാദിത്വമുള്ള ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നു ഗവണ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, പ്രതിജ്ഞാബദ്ധതയോടെ ഏവരും ഒരുമിച്ചു പ്രവർത്തിക്കാൻ അവർ ആഹ്വാനംചെയ്തു. ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഇന്ത്യയെ വിജ്ഞാനമഹാശക്തിയാക്കി മാറ്റുന്നതിനും, സാങ്കേതികവിദ്യാധിഷ്ഠിതവും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും, നാം സംഭാവനയേകണമെന്നു രാഷ്ട്രപതി പറഞ്ഞു.
നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം സംഘടിപ്പിച്ച ഈ പരിപാടി, എഐ അധിഷ്ഠിത ഭാവിക്കായി ഇന്ത്യയുടെ തൊഴിൽസേനയെ സജ്ജമാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ്.
****
(रिलीज़ आईडी: 2210498)
आगंतुक पटल : 9