വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
രാജ്യവ്യാപകമായി 'വോയിസ് ഓവർ വൈഫൈ' സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ
प्रविष्टि तिथि:
01 JAN 2026 12:18PM by PIB Thiruvananthpuram
രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) വൈഫൈ കോളിങ് എന്നറിയപ്പെടുന്ന വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ അത്യാധുനിക സേവനം രാജ്യത്തെ എല്ലാ ടെലികോം മേഖലകളിലെയും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോള്‍ ലഭ്യമാണ്. മൊബൈൽ സിഗ്നൽ ലഭിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളില്‍പോലും നിലവാരം കൂടിയ നെറ്റ്‍വര്‍ക്ക് ലഭ്യത തടസരഹിതമായി ഈ സംവിധാനത്തിലൂടെ ഉറപ്പാക്കുന്നു.
രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലെയും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സേവനം ഇപ്പോള്‍ ലഭ്യമാണ്. വൈഫൈ നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് വോയിസ് കോളുകൾ വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. വീടുകളിലും ഓഫീസുകളിലും ബേസ്‌മെന്റുകളിലും ഉൾപ്രദേശങ്ങളിലും മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും വ്യക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഇതിലൂടെ ഉറപ്പാക്കുന്നു.
വൈഫൈ, മൊബൈൽ ശൃംഖലകൾക്കിടയിൽ തടസമില്ലാതെ നെറ്റ്‍വര്‍ക്ക് കൈമാറ്റം സാധ്യമാക്കുന്ന ഐ.എം.എസ് അധിഷ്ഠിത സേവനമാണ് വോയ്സ് ഓവര്‍ വൈഫൈ. ഉപഭോക്താവിന്റെ നിലവിലെ മൊബൈൽ നമ്പറും ഫോൺ ഡയലറും ഉപയോഗിച്ച് തന്നെ കോളുകൾ വിളിക്കാനാവും. ഇതിന് മറ്റ് അപ്ലിക്കേഷനുകളുടെ ആവശ്യമില്ല.
ബിഎസ്എൻഎൽ ഭാരത് ഫൈബറോ മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളോ വഴി സ്ഥിരതയാര്‍ന്ന വൈഫൈ കണക്ഷൻ ലഭ്യമായ സാഹചര്യങ്ങളില്‍ മൊബൈൽ നെറ്റ്‍വര്‍ക്ക് ലഭ്യത പരിമിതമായ ഗ്രാമപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈ സേവനം ഏറെ പ്രയോജനകരമാണ്. നെറ്റ്‌വർക്കിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഈ സേവനം വൈഫൈ കോളുകൾക്ക് അധിക നിരക്കുകൾ ഈടാക്കാതെ സൗജന്യമായാണ് നൽകുന്നത്.
വൈഫൈ കോളിങിന് തുടക്കം കുറിച്ചത് ബിഎസ്എൻഎല്‍ ശൃംഖല നവീകരണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ്. രാജ്യത്ത് സേവനലഭ്യത കുറഞ്ഞ പ്രദേശങ്ങളിലടക്കം നെറ്റ്‍വര്‍ക്ക് ലഭ്യത മെച്ചപ്പെടുത്താന്‍ ബിഎസ്എൻഎല്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയുടെ ഭാഗമാണിത്.
മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളിലും വൈഫൈ കോളിങ് സംവിധാനം ലഭ്യമാണ്. ഉപഭോക്താക്കൾ അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മാത്രം മതി. സേവനം ലഭ്യമാകുന്ന ഉപകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾക്ക് സമീപത്തെ ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ സന്ദർശിക്കുകയോ ബിഎസ്എൻഎൽ ഹെൽപ്‌ലൈൻ നമ്പര്‍ 18001503-ൽ ബന്ധപ്പെടുകയോ ചെയ്യാം.
(रिलीज़ आईडी: 2210430)
आगंतुक पटल : 22