ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ധനമന്ത്രാലയത്തിൻ്റെ 2025-ലെ വർഷാന്ത അവലോകനം: നിക്ഷേപ-പൊതു ആസ്തി നിര്‍വഹണ വകുപ്പ്

प्रविष्टि तिथि: 31 DEC 2025 1:02PM by PIB Thiruvananthpuram

2025-ല്‍ പൊതു ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ  മൂല്യം വർധിപ്പിക്കുന്നതിലും നിക്ഷേപ-പൊതു ആസ്തി നിര്‍വഹണ വകുപ്പ്  നിർണായക പങ്കുവഹിച്ചു. കാര്യക്ഷമമായ മൂലധന വിനിയോഗം, തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, കൃത്യമായ നൈപുണ്യ വികസന പദ്ധതികൾ എന്നിവയിലൂടെ വിപണി അധിഷ്ഠിത പരിഷ്കാരങ്ങൾ കൂടുതൽ ആഴത്തിൽ നടപ്പാക്കാൻ വകുപ്പിന് സാധിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയർന്ന ലാഭവിഹിതം

ഓഹരി വിറ്റഴിക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ പങ്കാളിത്തം ഘട്ടംഘട്ടമായി കുറയുന്നുണ്ടെങ്കിലും 2020-21 സാമ്പത്തിക വർഷം മുതൽ സർക്കാരിന് ലഭിക്കുന്ന ലാഭവിഹിതത്തിൽ   സ്ഥിരമായ വർധനയുണ്ടായി.  സർക്കാരിൻ്റെ  കാര്യക്ഷമമായ മൂലധന വിനിയോഗ നയങ്ങളും വർധിപ്പിച്ച ഉത്തരവാദിത്ത സംവിധാനങ്ങളും ഓഹരി വിറ്റഴിക്കൽ നടപടികൾ കൃത്യമായ ഇടവേളകളിൽ ക്രമീകരിച്ചതുമാണ്  ഈ നേട്ടത്തിന് വഴിയൊരുക്കിയത്.   

പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭവിഹിതം നികുതി ഇതര വരുമാനത്തിൻ്റെ   പ്രധാന സ്രോതസ്സാണ്. നിലവിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന നിര്‍വഹണവും ലാഭവിഹിതവും നിരീക്ഷിക്കാന്‍ നിയോഗിച്ച അന്തർ മന്ത്രാലയ സമിതിയാണ് ലാഭവിഹിത വിതരണം സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി തീരുമാനമെടുക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിത വിതരണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. 

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലും  പൊതുമേഖലാ സ്ഥാപനങ്ങളിലെ  ആകെ ലാഭവിഹിതം സ്ഥിരമായ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.  ഓരോ വർഷവും പുതുക്കിയ കണക്കുകളെക്കാൾ ഉയർന്ന തുക ലാഭവിഹിതമായി ലഭിച്ചു.

 

സാമ്പത്തിക വര്‍ഷം

പുതുക്കിയ കണക്കുകൾ (കോടി രൂപയില്‍) 

യഥാർത്ഥ ലാഭവിഹിത വരുമാനം (കോടി രൂപയില്‍)

2020–21

34,717

39,750

2021–22

59,294

46,000

2022–23

43,000

59,533

2023–24

50,000

64,000

2024–25

55,000

74,017

 

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിത വിതരണത്തിലുണ്ടായ ഗണ്യമായ പുരോഗതിയൊണ് ഇത് സൂചിപ്പിക്കുന്നത്.  ഫലപ്രദമായ മൂലധന വിനിയോഗത്തിൻ്റെയും മെച്ചപ്പെട്ട സാമ്പത്തിക പ്രകടനത്തിൻ്റെയും പ്രതിഫലനമാണിത്.

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിലെ ‘ഓഫർ ഫോർ സെയിൽ’ രീതിയിലുള്ള ഓഹരി വിറ്റഴിക്കൽ  

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതിന് 'ഓഫർ ഫോർ സെയിൽ' രീതിയും നിക്ഷേപ-പൊതു ആസ്തി നിര്‍വഹണ വകുപ്പ് പ്രയോജനപ്പെടുത്തി. 'മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡി’ൽ സർക്കാരിനുണ്ടായിരുന്ന 84.83% ഓഹരികളിൽ നിന്ന് 3.61% ഓഹരികൾ വിറ്റഴിക്കുന്നതിന് 2025 ഏപ്രിലിൽ നടപടികൾ ആരംഭിച്ചു. ഇതിൽ ചില്ലറേതര വിഭാഗത്തിലെ വിൽപ്പന ഏപ്രിൽ 4-നും ചില്ലറ നിക്ഷേപകര്‍ക്കായുള്ള വില്‍പ്പന ഏപ്രിൽ 7-നും നടത്തി.  വൻതോതില്‍ നിക്ഷേപ താല്പര്യം പ്രകടമായതിനെത്തുടർന്ന് അധിക ഓഹരികള്‍ വില്‍ക്കാന്‍‍ കമ്പനികള്‍ക്ക് അവസരമൊരുക്കുന്ന  'ഗ്രീൻ ഷൂ ഓപ്ഷൻ'  ഉപയോഗപ്പെടുത്തി. ഈ ഇടപാടിലൂടെ സർക്കാരിന് 3,673.42 കോടി രൂപയാണ് ലഭിച്ചത്. ഈ ഓഹരി വില്പനയ്ക്ക് ശേഷം വിപണിയിൽ ഓഹരിവില വർധിക്കുന്ന പ്രവണതയുണ്ടായത് നിക്ഷേപകർക്ക് ഉയര്‍ന്ന ലാഭം ഉറപ്പാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ മൂല്യവർധന: നേതൃത്വവും നൈപുണ്യ വികസനവും

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്ന നടപടികളുടെ ഭാഗമായി സ്ഥാപനങ്ങളിലെ നേതൃത്വ-ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതില്‍  നിക്ഷേപ-പൊതു ആസ്തി നിര്‍വഹണ വകുപ്പ്  പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. നൈപുണ്യ വികസന കമ്മീഷനുമായി സഹകരിച്ച് 2025 ജനുവരി 17-ന് ന്യൂഡൽഹിയിൽ  'നേതൃത്വ ആശയവിനിമയ നൈപുണ്യം' എന്ന വിഷയത്തിൽ  ശില്പശാല സംഘടിപ്പിച്ചു. ധനകാര്യം, വ്യാപാരവികസനം, വ്യാപാര തന്ത്രങ്ങള്‍ എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നിക്ഷേപകരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടുതൽ കാര്യക്ഷമമായി സംവദിക്കാൻ  പരിശീലനം സഹായകമായി. ആശയവിനിമയത്തിലെ പോരായ്മകൾ തിരിച്ചറിയാനും യഥാർത്ഥ വിപണി സാഹചര്യങ്ങളെ നേരിടാനും ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചു.

കൂടാതെ 2025 ഓഗസ്റ്റ് 29-ന് ദേശീയ ഓഹരി വിപണിയുടെ  സഹകരണത്തോടെ ഉദ്യോഗസ്ഥർക്കായി 'സാമ്പത്തിക വിപണിയുടെ അടിസ്ഥാനങ്ങൾ'  എന്ന വിഷയത്തിൽ  പരിശീലന പരിപാടിയും വകുപ്പ് സംഘടിപ്പിച്ചു.

ലാഭവിഹിതത്തിലുണ്ടായ തുടർച്ചയായ വർധന, വിജയകരമായ ഓഹരി വിറ്റഴിക്കൽ, കൃത്യമായ നൈപുണ്യ വികസന പരിപാടികൾ എന്നിവയിലൂടെ 2025-ൽ കേന്ദ്ര നിക്ഷേപ-പൊതു ആസ്തി നിര്‍വഹണ വകുപ്പ് നടത്തിയ ഇടപെടലുകൾ രാജ്യത്തിൻ്റെ  സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.

***

 

 

 


(रिलीज़ आईडी: 2210302) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati