രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഝാർഖണ്ഡിലെ ഗുംലയിൽ അന്തർസംസ്ഥാന ജനസാംസ്കൃതിക് സമാഗം സമാരോഹ് - കാർത്തിക് ജത്രയിൽ പങ്കെടുത്തു
प्रविष्टि तिथि:
30 DEC 2025 3:16PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 ഡിസംബർ 30) ഝാർഖണ്ഡിലെ ഗുംലയിൽ അന്തർസംസ്ഥാന ജനസാംസ്കൃതിക് സമാഗം സമാരോഹ് - കാർത്തിക് ജത്രയിൽ പങ്കെടുത്തു.

ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മസ്ഥലവും പ്രവർത്തനമേഖലയുമായ ഝാർഖണ്ഡ് സന്ദർശിക്കുന്നത്, തനിക്ക് തീർത്ഥാടനം പോലെയാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യനീതിയുടെയും ഗോത്രവർഗ അഭിമാനത്തിൻ്റെയും മഹത്തായ പ്രതീകമായി നാമേവരും അദ്ദേഹത്തെ ആദരിക്കുന്നു. ഭഗവാൻ ബിർസ മുണ്ഡയുടെ ആദർശങ്ങൾക്ക് അനുസൃതമായി ഗോത്ര വർഗബോധത്തെയും സ്വത്വത്തെയും പങ്കരാജ് സാഹിബ് കാർത്തിക് ഒറാവോൺ ശക്തിപ്പെടുത്തിയതായി രാഷ്ട്രപതി പറഞ്ഞു. കാർത്തിക് ഒറാവോൺ തൻ്റെ ജീവിതം ഗോത്ര വർഗസമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും ഉന്നമനത്തിനായി സമർപ്പിച്ചു. വിദ്യാഭ്യാസത്തിൻ്റെ വ്യാപനത്തിനും സാമൂഹ്യ ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ ആദർശങ്ങൾ പിന്തുടർന്ന്, സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും സമഗ്രവികസനത്തിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഈ മേഖലയിൽനിന്നുള്ള മഹാന്മാരായ ഗോത്ര വീരന്മാരുടെ നീണ്ട പട്ടികതന്നെയുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗോത്ര മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീരഗാഥകൾ പരിചയപ്പെടുത്താൻ ഗവണ്മെൻ്റ് ശ്രമിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എങ്കിലും, ഈ മേഖലയിൽനിന്നും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള ഗോത്ര വർഗനായകരുടെ സംഭാവനകൾ യുവാക്കളിലേക്കും വരുംതലമുറകളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഗോത്ര വർഗപാരമ്പര്യവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും സ്ഥാപനത്തിൻ്റെയും ഉത്തരവാദിത്വമാണെന്ന് അവർ ഓർമിപ്പിച്ചു.

യുവാക്കളെയും വരുംതലമുറകളെയും ഗോത്രവർഗ പാരമ്പര്യങ്ങളുമായി കൂട്ടിയിണക്കേണ്ടത് അനിവാര്യമാണെന്നു രാഷ്ട്രപതി പറഞ്ഞു. നമ്മുടെ യുവാക്കൾ ഗോത്ര വർഗപൈതൃകവും സ്വത്വവും സംരക്ഷിച്ച്, ആധുനിക വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറണം. നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച്, ഗോത്രവർഗ സമൂഹത്തിലെ എല്ലാ അംഗങ്ങളും പുരോഗതിയുടെ പാതയിൽ തുടർന്നും മുന്നോട്ടുപോകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
*****
(रिलीज़ आईडी: 2209947)
आगंतुक पटल : 7