ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

യുവജനങ്ങൾ വികസിത ഭാരതം @ 2047 ന്റെ ഭാവി രൂപപ്പെടുത്തുന്നു: ഉപരാഷ്ട്രപതി


ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നു: ഉപരാഷ്ട്രപതി

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി

प्रविष्टि तिथि: 30 DEC 2025 4:38PM by PIB Thiruvananthpuram

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ വജ്ര ജൂബിലി  ആഘോഷങ്ങളിൽ  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസത്തിനും രാഷ്ട്രനിർമ്മാണത്തിനും കോളേജ് നൽകിയ സംഭാവനയുടെ 75-ാം വാർഷിക ആഘോഷം അടയാളപ്പെടുത്തുന്നതായിരുന്നു ചടങ്ങ്.

മാർ ഇവാനിയോസ് കോളേജ് പോലുള്ള സ്ഥാപനങ്ങൾ അറിവ് പകരുക മാത്രമല്ല, സമൂഹത്തെ അജ്ഞതയിൽ നിന്നും അസമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ പരിവർത്തനാത്മക ശക്തിയെ ഉദാഹരണമായി കാണിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 

ഭരണഘടനാ മൂല്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുമ്പോൾ, വിദ്യാഭ്യാസ, ആത്മീയ സ്ഥാപനങ്ങൾ ദേശീയ ഐക്യവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിലാണ് ഭാരതം നിലകൊള്ളുന്നതെന്നും, നേതൃത്വം, നൂതനാശയം എന്നിവയ്ക്കായി ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമല്ല, വൈവിധ്യത്തോടുള്ള ബഹുമാനം, ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കൽ, ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധത എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന കടമകളും ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം യുവജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവിഷ്കരിച്ച 2047 ലെ വികസിത ഭാരതം എന്ന ദേശീയ ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, യുവാക്കൾ ഭാവിക്കായി കാത്തിരിക്കുകയല്ല, മറിച്ച് അതിനെ സജീവമായി രൂപപ്പെടുത്തുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അധികാരത്തിന്റെ ഇടനാഴികളിൽ മാത്രമല്ല, ക്ലാസ് മുറികളിലും, പരീക്ഷണ ശാലകളിലും, കൃഷിയിടങ്ങളിലും, ഫാക്ടറികളിലും, സ്റ്റാർട്ടപ്പുകളിലും, ഗ്രാമങ്ങളിലും യുവ ഇന്ത്യക്കാരുടെ ഊർജ്ജവും അഭിലാഷങ്ങളും ഉപയോഗിച്ച് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കപ്പെടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആത്മനിർഭർ ഭാരത് എന്ന ദർശനം കൈവരിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം, മനഃപാഠ പഠനത്തിൽ നിന്ന് മാറി, ബഹുമുഖ പഠനം, വിമർശനാത്മക ചിന്ത, നവീകരണം, സർഗ്ഗാത്മകത എന്നിവയിലേക്കുള്ള പരിവർത്തനാത്മക മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്ന് പറഞ്ഞു.

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ, നവീകരണ ആവാസവ്യവസ്ഥയെക്കുറിച്ച് പരാമർശിക്കവേ, വിദ്യാഭ്യാസ ക്യാമ്പസുകൾ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കേന്ദ്രങ്ങളായി പരിണമിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തൊഴിൽ തേടാൻ മാത്രമല്ല, തൊഴിൽ സൃഷ്ടിക്കാനും സാമൂഹിക വെല്ലുവിളികൾക്ക് തദ്ദേശീയമായ പരിഹാരങ്ങൾ വികസിപ്പിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

നിർമിത ബുദ്ധി, ബ്ലോക്ക്‌ചെയിൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ധാർമ്മികത, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക നന്മയ്ക്കുള്ള കരുതൽ എന്നിവയാൽ നയിക്കപ്പെടുന്ന സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

ഇന്ത്യയുടെ വിദ്യാഭ്യാസ, സാക്ഷരതാ രംഗത്ത് കേരളത്തിന്റെ മാതൃകാപരമായ പങ്ക് എടുത്തുകാണിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ എം.ബി. രാജേഷ്, പാർലമെന്റ് അംഗം ഡോ. ​​ശശി തരൂർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ വി.വി. രാജേഷ്, തിരുവനന്തപുരം കത്തോലിക്കോസ് മേജർ ആർച്ച്ബിഷപ്പും മാർ ഇവാനിയോസ് കോളേജ് രക്ഷാധികാരിയുമായ, അഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ലീമിസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.

 

-SK-


(रिलीज़ आईडी: 2209884) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Tamil