വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ആഗോള സ്പെക്ട്രം മാനദണ്ഡങ്ങൾക്കനുസൃതമായി ടെലികോം വകുപ്പ് പുറത്തിറക്കിയ ദേശീയ ഫ്രീക്വൻസി വിന്യാസ പദ്ധതി 2025 ഡിസംബർ 30 മുതല്‍ പ്രാബല്യത്തിൽ

5G, 5G അഡ്വാൻസ്ഡ്, ഭാവിയിലെ 6G, ഉപഗ്രഹ ബ്രോഡ്‌ബാൻഡ്, V2X സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കുന്ന വിപുലമായ സ്പെക്ട്രം വിന്യാസം

प्रविष्टि तिथि: 30 DEC 2025 12:57PM by PIB Thiruvananthpuram
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലെ ടെലികോം വകുപ്പ്  രാജ്യത്തെ റേഡിയോ ഫ്രീക്വൻസി സ്പെക്ട്രം നിര്‍വ്വഹണവും വിന്യാസവും നിയന്ത്രിക്കുന്ന സുപ്രധാന നയരേഖയായ 'ദേശീയ ഫ്രീക്വൻസി വിന്യാസ പദ്ധതി 2025'  പുറത്തിറക്കി.  2025 ഡിസംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും.

8.3 kHz മുതൽ 3000 GHz വരെ ഫ്രീക്വൻസി പരിധിയിലെ വിവിധ റേഡിയോ ആശയവിനിമയ സേവനങ്ങൾക്ക് സ്പെക്ട്രം എങ്ങനെ അനുവദിക്കണമെന്ന് 2025-ലെ ദേശീയ ഫ്രീക്വന്‍സി വിന്യാസ പദ്ധതി  നിർദേശിക്കുന്നു. സ്പെക്ട്രം മാനേജർമാർ, വയർലെസ് ഓപ്പറേറ്റർമാർ, ടെലികോം ഉപകരണ നിർമാതാക്കൾ എന്നിവർക്ക്  സുപ്രധാന റഫറൻസ് രേഖയായി ഇത് നിലകൊള്ളുന്നു.  

2025-ലെ ദേശീയ ഫ്രീക്വൻസി വിന്യാസ പദ്ധതിയിലെ പ്രധാന മാറ്റങ്ങൾ

വരുംതലമുറ സാങ്കേതികവിദ്യകൾക്കായി വർധിച്ചുവരുന്ന സ്പെക്ട്രം ആവശ്യകത  നിറവേറ്റുന്നതിന് തന്ത്രപരവും ഭാവി അധിഷ്ഠിതവുമായ  നിരവധി പരിഷ്കാരങ്ങൾ പദ്ധതിയില്‍ അവതരിപ്പിക്കുന്നു.

രാജ്യാന്തര മൊബൈൽ ആശയവിനിമയത്തിനായി  6425–7125 MHz ബാൻഡ് അനുവദിച്ചു: ഇത് 5G, 5G അഡ്വാൻസ്ഡ്, ഭാവിയിലെ 6G ശൃംഖലകൾ എന്നിവയ്ക്ക് മിഡ്-ബാൻഡ് സ്പെക്ട്രത്തിന്റെ ലഭ്യത ഗണ്യമായി വർധിപ്പിക്കും.

ശേഷി കൂടിയ ഭൗമസ്ഥിര ഭ്രമണപഥ ഉപഗ്രഹ സേവനങ്ങൾക്കും ഭൗമസ്ഥിരമല്ലാത്ത വിപുലമായ  ഉപഗ്രഹ ശൃംഖലകൾക്കും  നിർണായകമായ  Ka, Q, V ബാൻഡുകൾ അനുവദിച്ചു.
വ്യോമ, സമുദ്ര  യാത്രയ്ക്കിടയിലെ വാർത്താവിനിമയ സൗകര്യം  തടസരഹിതമാക്കാന്‍ ബ്രോഡ്‌ബാൻഡ് ലഭ്യതയ്ക്കായി  കൂടുതൽ സ്പെക്ട്രം അനുവദിച്ചു.
വാഹനങ്ങളും ട്രാഫിക് സാങ്കേതിക സംവിധാനങ്ങളും തമ്മിലെ ആശയവിനിമയങ്ങള്‍ (V2X) ,  LEO/MEO ഉപഗ്രഹ സേവനങ്ങൾ, വിപുലീകരിച്ച ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി തുടങ്ങിയ  നൂതന സാങ്കേതികവിദ്യകൾക്ക് പിന്തുണ നല്‍കുന്നു.  

ഈ മാറ്റങ്ങൾ ഇന്ത്യയിലെ സ്പെക്ട്രം നിര്‍വഹണത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയും ശേഷി കൂടിയ വാർത്താവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.   രാജ്യത്തെ ഡിജിറ്റൽ നവീകരണങ്ങൾക്കും നൂതന സാങ്കേതിക ആവാസവ്യവസ്ഥയുടെ  വികസനത്തിനും ഇത് കരുത്തേകും.
 
*****

(रिलीज़ आईडी: 2209790) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Kannada